മനുഷ്യന്റെ അന്വേഷണ ത്വര മൂലം അനുദിനം പുതിയ കണ്ടെത്തലുകളും ഉപയോഗ സാധനങ്ങളും വർധിച്ചു കൊണ്ടിരിക്കും. മുന്പുണ്ടായിരുന്നവരേക്കാൾ എത്രയോ അധികം സൗകര്യങ്ങൾ ഉള്ളവരാണ് നമ്മൾ. എന്നിട്ടും മുൻ തലമുറകളെക്കാൾ കൂടുതൽ ശാന്തിയും സന്തോഷവും ഉള്ളവരാകാൻ സാധിക്കാഞ്ഞതെന്തേ….. എന്തുകൊണ്ടെന്നാൽ അതിഗഹനമായ ഏകാഗ്രതപസിലൂടെയാണ് ശാസ്ത്രജ്ഞന്മാർ നമുക്കായി സാധനങ്ങൾ കണ്ടെത്തിത്തരുന്നത്. പക്ഷെ അത് ഉപയോഗിക്കുവാൻ വേണ്ടത്ര പക്വതയും നിയന്ത്രണവും സാധാരണ ജനങ്ങളിലില്ല. അതിനാൽ സാധനങ്ങൾ വർധിച്ചിട്ടും ജീവിതസുഖം അനുഭവിക്കാനാവുന്നില്ല. മാത്രമല്ല, സാധനങ്ങളെ തന്റെ അടിമയാക്കി വെക്കാതെ, സ്വയം അതിന്റെ അടിമയാകുന്പോൾ ജീവിതം അർത്ഥശൂന്യമാകുന്നു. പാദരക്ഷകൾ നമ്മൾ ഉപയോഗിച്ച് തുടങ്ങിയത് പാദങ്ങൾക്ക് സംരക്ഷണം ലഭിക്കുവാനാണ്. എന്നാൽ ഇന്നോ….പാദരക്ഷകൾ അലങ്കാരങ്ങളായി മാറിയപ്പോൾ…അത് മഴ നനയരുത്, ചെളിയാകരുത്, എന്നെല്ലാം ചിന്തിച്ചു ചിലപ്പോഴൊക്കെ അതിനെ അഴിച്ചു കയ്യിൽ പിടിച്ചു നടക്കുന്നത് വരെ കാണാറുണ്ട്. ഇപ്പോൾ പാദരക്ഷ നമ്മുടെ പാദത്തെ രക്ഷിക്കുകയാണോ അതോ നമ്മൾ പാദരക്ഷയുടെ സേവകരാവുകയാണോ ചെയ്തത്…ചിന്തിച്ചുനോക്കൂ. അതുപോലെതന്നെയാണ് മറ്റുപല കാര്യങ്ങളും. സാധനങ്ങൾ കൂടുന്നത് നല്ലതല്ല എന്ന് ഇവിടെ അഭിപ്രായപ്പെടുന്നില്ല. പക്ഷെ നമുക്ക് ശ്വാസം മുട്ടുന്ന വിധം അവയെല്ലാം നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കരുത്. മായ നിലനിൽക്കുന്നത് സാധനങ്ങളിൽ അല്ല. അത് ഉപയോഗിക്കുവാൻ അറിയാത്ത വികലമായ മനസുകളിൽ ആണ്. മൊബൈൽ ഉപയോഗിക്കുന്നത് മൂലം അല്ലെങ്കിൽ ഇന്റർനെറ്റ് മൂലം കുട്ടികൾ വഷളായിപ്പോയി എന്ന് എല്ലാവരും പറയുന്നു. അത് മായയാണെന്നു വാദിക്കുന്നു. ഇതെല്ലാം ഇല്ലായിരുന്നെങ്കിൽ എല്ലാം നന്നാവും എന്ന് കരുതുന്നു. അവയുടെ ദുരുപയോഗം കാണുന്പോൾ അങ്ങനെ പറഞ്ഞു പോകുന്നതാണ്. ആരെങ്കിലും പണം ദുരുപയോഗം ചെയ്തതിനു പണം നിരോധിക്കുമോ…? കത്തി കൊണ്ട് കൊലപാതകം നടക്കുവാൻ സാധ്യത ഉണ്ടെന്നു കരുതി കത്തികൾ ഉണ്ടാക്കുന്നത് നിർത്തുമോ…വൈദുതി അപകടം ഉണ്ടാവുമെന്നതിനാൽ നാളെ അതില്ലാതെ ജീവിക്കാൻ തയ്യാറാവുമോ…? അതിനാൽ സാധങ്ങളെ യജമാനനാക്കാതെ അവയെ അടിമയാക്കി ഉപയോഗിക്കുവാനുള്ള കല എല്ലാവരെയും പഠിപ്പിക്കുകയാണ് വേണ്ടത്.അതിനുള്ള പരിശീലനം നൽകാനുള്ള മാർഗ്ഗങ്ങൾ ഇനിയും നമ്മൾ കണ്ടെത്തിയില്ലെങ്കിൽ യന്ത്രങ്ങൾ മനുഷ്യനെ ഭരിക്കുന്നത് നമ്മൾ കാണേണ്ടി വരും. സയൻസിന്റെ വളർച്ച കണ്ടിട്ട് …………ഉൾഭയമല്ല നമുക്ക് വേണ്ടത്…. ഉൾകാഴ്ചയാണ്. പ്രശ്നങ്ങൾ ആരംഭിക്കുന്നത് രചനകൾ രചയിതാവിനേക്കാൾ ആധിപത്യത്തിൽ എത്തുന്പോഴാണ്. ഭരിക്കുന്നവരേക്കാൾ അധികാരം പ്രജകൾക്ക് ഉണ്ടാകുന്പോൾ ഭരണകർത്താവ് ബുദ്ധിമുട്ടുന്നത് നമ്മൾ കാണുന്നതല്ലേ….അതിനാൽ എല്ലാവരും തന്റെ രചയിതാഭാവം വീണ്ടെടുക്കട്ടെ …… രചനകളെ കാര്യക്ഷമതയോടെ ഉപയോഗിക്കട്ടെ…