നമ്മുടെ പ്രിയപ്പെട്ട ദാദി, ദാദിപ്രകാശ്മണിജി… നമുക്കെല്ലാവർക്കും ഒരു കണ്ണാടിയാണ് . നമ്മുടെ ഉള്ളിലെ മികവിന്റെ പ്രതിഫലനമായി,ദാദി നാം ഏവരെയും നയിച്ചു, അസാധാരണമായ രീതിയിൽ നേതൃത്വത്തിന്റെ നിർവചനം രൂപപ്പെടുത്തിയ മഹത് വ്യക്തിയാണ് ദാദിജി.
ദാദിജിയുടെ ബാല്യകാലത്തെ പേര് രമ എന്നായിരുന്നു. ലളിതവും നിർമ്മലവുമായ ഒരു പേര്. എന്നാൽ ദാദിജിയിൽ അർപ്പിച്ചിരുന്ന ഉത്തരവാദിത്തങ്ങളോട് സാമ്യമുള്ള പ്രകാശ് മണി എന്ന അലൗകിക നാമം പരമാത്മാവ് ദാദിജിക്ക് നൽകി പിൽക്കാലത്ത് ലോകത്തെ പ്രകാശിപ്പിക്കാൻ വിധിക്കപ്പെട്ട പ്രകാശ്മണി എന്ന അത്ഭുതരത്നമായി ഈ പെൺകുട്ടി മാറുമെന്ന് ഭഗവാന് മാത്രമേ അറിയുമായിരുന്നുള്ളൂ.
മാതൃത്വത്തിലൂടെ ശക്തിയെ പരിപോഷിപ്പിക്കുകയും, സ്നേഹവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതിലൂടെ നേതൃത്വത്തിന്റെ അസാധാരണമായ ഒരു മാതൃകയാണ് ദാദി സൃഷ്ടിച്ചത്.
എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഹൃദയം-
കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും ഉടനടി അടുപ്പിക്കുന്ന ഒരു സവിശേഷമായ കഴിവ് ദാദിക്കുണ്ടായിരുന്നു – ദാദിജി ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അപരിചിതരെ ജീവിതകാലം മുഴുവൻ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരാക്കി മാറ്റി. ഈ ഊഷ്മളതയാണ് ശക്തമായ ഒരു ആഗോള സ്ഥാപനത്തിന് അടിത്തറ പാകിയത്.
1937 മുതൽ 1969 വരെ ബ്രഹ്മാബാബ ഈ
ഈശ്വരീയ സർവകലാശാലക്ക് നേതൃത്വം നൽകി. എന്നാൽ ദാദിയുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം വളർന്നത്, 150 കേന്ദ്രങ്ങളുള്ള ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഏകദേശം 100 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ദാദിയുടെ മാർഗ്ഗനിർദ്ദേശത്താൽ ഇന്ത്യയിലുടനീളം 2,500 രാജയോഗധ്യാന കേന്ദ്രങ്ങളുടെയും 20,000 ക്ലാസുകൾക്കും നേതൃത്വം നൽകി. ഇന്ന് ഈ വിശ്വവിഖ്യാത ആത്മീയ വിദ്യാലയത്തിനുകീഴിൽ 110 രാജ്യങ്ങളിലായി 5500 അംഗീകൃത രാജയോഗ ധ്യാന കേന്ദ്രങ്ങൾ ഉണ്ട് . ദാദിജിയുടെ ശക്തവും, അച്ചടക്ക പൂർണവുമായ നേതൃത്വത്തിൽ പ്രചോദനമുൾക്കൊണ്ട് ആയിരക്കണക്കിന് സഹോദരീസഹോദരന്മാർ ഈശ്വരീയ സേവനത്തിനായി ജീവിതം സമർപ്പിക്കുകയും, ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഇപ്പോൾ ആത്മീയവും നിർമ്മലവുമായ ജീവിതം നയിക്കുകയും ചെയ്യുന്നു,അവർ ഈ ആത്മീയ വിദ്യാലയത്തിൽ എല്ലാ ദിവസവും ആത്മീയജ്ഞാനവും രാജയോഗധ്യാന പരിശീലിക്കുന്നു .
വിനയവും മാധുര്യവും
ദാദിയുടെ നേതൃത്വത്തിന്റെ കാതലായിരുന്നു.
“ഈശ്വരനാണ് ചെയ്യിപ്പിക്കുന്നത്, ഞാൻ അതിനുള്ള മാധ്യമം മാത്രമാണ്” എന്ന് ദാദി പലപ്പോഴും പറയാറുണ്ടായിരുന്നു. ഈ ആഴത്തിലുള്ള വിനയമാണ് അവരുടെ നേതൃത്വത്തിന് ഊർജ്ജം നൽകിയത് .ദാദിജി ‘ഞാൻ’ എന്ന വാക്ക് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല, മൃദുവായ സംഭാഷണം, പതിഞ്ഞ ശബ്ദം, എന്നിവ ദാദിയുടെ പ്രത്യേകതയായിരുന്നു. ദാദി ഒരിക്കലും കോപമോ ആവേശമോ ആരുടെ നേർക്കും ആയുധമായി ഉപയോഗിച്ചിരുന്നില്ല എന്നിരുന്നാലും, ദാദിയുടെ ഒരൊറ്റ സൂചനയിലൂടെ തന്നെ മാറ്റത്തെ സ്വീകരിക്കാനും, അസാധ്യമെന്ന് തോന്നുന്ന ജോലികൾ ഏറ്റെടുക്കാനും അനേകമാളുകൾ പ്രചോദിതരായി.
എളിമയും മാധുര്യവും നിറഞ്ഞ ഹൃദയം,ഏവരെയും ഒരുപോലെ ബഹുമാനിക്കാനുള്ള അസാധാരണമായ കഴിവ് എന്നിവ ദാദിയുടെ പ്രത്യേകതകളായിരുന്നു. മറ്റുള്ളവരിലെ സദ്‌ഗുണങ്ങളെ തിരിച്ചറിഞ്ഞ് അവരെ വളരാൻ പ്രാപ്തരാക്കിക്കൊണ്ടാണ് ദാദി ഹൃദയങ്ങൾ കീഴടക്കിയത്.
ദാദി പ്രകാശ്മണി, ക്ഷമയുടെ മൂർത്തീഭാവമായിരുന്നു. ദാദി ആരോടും എളുപ്പത്തിൽ ക്ഷമിക്കുകയും അവരെ സ്നേഹത്താൽ രൂപാന്തരപ്പെടുത്തുകയും അവരുടെ തെറ്റുകൾ പൂർണ്ണമായും മറക്കുകയും ചെയ്തു.
ഒരു ആഗോള സ്ഥാപനത്തിന്റെ മേധാവിയായിരുന്നിട്ടും, ദാദി എപ്പോഴും ലാളിത്യവുമുള്ളവളായിരുന്നു. എല്ലാവർക്കും എപ്പോഴും ദാദിയെ സമീപിക്കാമായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും , ഒരു മടിയും കൂടാതെ അവരെ കാണാൻ അനുവാദമുണ്ടായിരുന്നു.
കുട്ടികളോട് കുട്ടിയായും, യുവാക്കളോട് യുവാക്കളെ പോലെയും, കലാകാരന്മാരോടൊപ്പം കലാകാരിയായും ദാദി ഇഴുകിച്ചേർന്നിരുന്നു. മാത്രമല്ല ദാദിജി തന്റെ സ്വതസിദ്ധമായ മധുരത, ഉന്മേഷം, സരളത എന്നിവയിലൂടെ എല്ലാവരെയും ആകർഷിച്ചിരുന്നു.
എല്ലാവരുടെയും കണക്ഷൻ പരമാത്മാവിനോടായിരിക്കണം എന്നത് ദാദിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ദാദിജിക്ക് അനുയായികൾ ആരും തന്നെയില്ല.
വളരെ ലളിതമായ വാക്കുകളിലൂടെ ഏവരെയും ആകർഷിച്ചിരുന്ന ദാദിജി ഒരു വിദുഷി കൂടിയാ യിരുന്നു.
ഒരു വ്യക്തിയോട് ഏവരും സന്തുഷ്ടരാകുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ ദാദിജിയെക്കുറിച്ച് ആരോട് ചോദിച്ചാലും “ദാദി ജി എന്റെതാണ്, ദാദിയെ പ്പോലെ മറ്റാരുമില്ല”.. എന്ന ഒരേ മറുപടി തന്നെയാണ് ലഭിക്കുക. ഇതുതന്നെയായിരുന്നു സത്യം. സ്വന്തം അമ്മയോട് എല്ലാവർക്കും അത്യധികമായ സ്നേഹമല്ലേ ഉണ്ടാവുക. ശക്തി സ്വരൂപത്തിന്റെയും മാതൃരൂപത്തിന്റെയും സംയുക്തമായ പ്രതിരൂപമായിരുന്നു ദാദിജി. ഇന്നും ജ്ഞാനികളോ, യോഗികളോ, മഹാ തപസ്വി കളോ, പ്രശസ്തരോ, സാധാരണക്കാരോ ആയിക്കൊള്ളട്ടെ ഏവരും ഒരേ മനസ്സോടെ
“ദാദി നമ്മുടെ യഥാർത്ഥ അമ്മയായിരുന്നു”… എന്ന് തന്നെയാണ് പറയാറുള്ളത്.