പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന നാമധേയത്തിൽ അറിയപ്പെടുന്ന ഈ സ്ഥാപനം ഒരു ആത്മീയ സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ്.1936 ൽ അവിഭക്ത ഭാരതത്തിൽ, ഇന്നത്തെ പാകിസ്താനിലെ സിന്ധിൽ ഏതാണ്ട് നാനൂറോളം പേർ, കൂടുതലും സ്ത്രീകളും കുട്ടികളുമായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ മൗണ്ട് ആബു ആസ്ഥാനമാക്കി ആഗോളവ്യാപകമായി 140 ഓളം രാജ്യങ്ങളിലായി 10000ൽ പരം സേവാ കേന്ദ്രങ്ങളിലൂടെ 14 ലക്ഷത്തോളം കുടുംബങ്ങളുടെ ആത്മീയ-മാനസിക സേവനം നടത്തി വരുന്നു.
മാനവ കുലത്തിൽ അധർമത്തിന്റെ ആധിക്യവും ധർമ്മത്തിന്റെ അപചയവും വർദ്ധിക്കുമ്പോൾ അധർമ്മത്തെ ഇല്ലാതാക്കാനും ധർമ്മം പുനസ്ഥാപിക്കാനും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന ആപ്തവാക്യം – യദാ യദാഹി ധർമ്മസ്യ… പ്രസിദ്ധമാണല്ലോ .കാലോചിതമായി ഈ ഇടപെടലിനു സമയമായപ്പോൾ സ്വയം നിരാകാരനും ജ്യോതിസ്വരൂപനുമായ ഈശ്വരൻ ഈ കർത്തവ്യം നിർവഹിക്കുന്നതിനു വേണ്ടി ഒരു സാധാരണ മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് മാനവകുലത്തിന്റെ സർവതോന്മുഖമായ ഉന്നതിക്കുവേണ്ടി നൽകിയ ഒരു മൃതസഞ്ജീവനി ഔഷധം തന്നെയാണ് രാജയോഗം എന്ന ഈ അത്ഭുത വിദ്യ.
ഈശ്വരീയ ജ്ഞാന ക്ലാസുകളും രാജയോഗ ധ്യാന വും അടങ്ങിയതാണ് പഠനരീതി .നാമേവരും ഈ ശരീരത്തിൽ കുടികൊള്ളുന്ന ആത്മാവാണ് (ജീവൻ, പ്രാണൻ) എന്ന് തിരിച്ചറിയുന്നതാണ് ആദ്യചുവട്. ഇതിലൂടെ ആത്മാവിന്റെ സ്വതസിദ്ധമായ സ്നേഹം, സുഖം, സന്തുഷ്ടത, ശാന്തി തുടങ്ങിയ ഗുണങ്ങളും ശക്തികളും ഓർമ്മ വരികയും ആ സ്ഥിതിയിൽ ഇരിക്കാനും കഴിയുന്നു .
അതോടൊപ്പം ആത്മാക്കളുടെയെല്ലാം പരമ പിതാവായ പ്രകാശരൂപിയായ പരമാത്മാവിനെ ഓർമ്മിക്കുമ്പോൾ പരമാത്മാവിന്റെ ഗുണങ്ങളും ശക്തികളും നമ്മളിലേക്ക് നിറയുന്നു. ഇപ്രകാരമുള്ള ഒരു ശാക്തീകരണ പ്രക്രിയയിലൂടെ ആത്മാവിനെ ഗുണവാനും ശക്തി ശാലിയുമാക്കി ഏതു വിപരീത സാഹചര്യങ്ങളെയും മാനസിക പക്വതയിലൂടെ നേരിടാൻ പ്രാപ്തമാക്കുന്നു.
രാജയോഗത്തിന്റെ ഏഴുദിവസത്തെ( ദിവസം ഒരു മണിക്കൂർ വീതം) പ്രാഥമിക ക്ലാസിനു ശേഷം രാവിലെ 7 മണി മുതൽ 8 മണി വരെ നിത്യേന ഈശ്വരീയ ജ്ഞാന ക്ലാസ്സുകൾ ഉണ്ടായിരിക്കും. ജാതിമതഭേദമെന്യേ എല്ലാ വിഭാഗക്കാർക്കും ഈ സേവനം സൗജന്യമാണ്.