ലേഖനങ്ങൾ

അന്താരാഷ്ട്ര യോഗ ദിനം

ജൂണ്‍ 21 ലോകം മുഴുവന്‍ യോഗയെ മാനിച്ചുകൊണ്ട് ലോക യോഗദിനമായി ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ യോഗക്ക് പ്രചാരവും പ്രസക്തിയും വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ യോഗശാസ്ത്രം അനുശാസിക്കുന്നതനുസരിച്ച് നോക്കിയാല്‍ ഒരു സന്പൂർണ്ണനായ വ്യക്തിയെ നിര്‍മ്മിക്കുന്നതിന് വേണ്ട സന്പൂർണ്ണ ജീവിത പദ്ധതിയാണ് യോഗ. ശാരീരികമായ അച്ചടക്കങ്ങളിലൂടെ വികസിച്ച് മാനസ്സികമായ ഉത്കൃഷ്ടത നേടുന്ന പ്രക്രിയയാണ് യോഗ. യോഗയെന്ന് കേള്‍ക്കുന്പോൾ  സാധാരണയായി ചില വ്യായാമ മുറകള്‍ മാത്രമേ നമുടെ മുന്നില്‍ തെളിഞ്ഞു വരാറുള്ളൂ. എന്നാല്‍ ശാരീരിക, മാനസ്സിക, ബൗദ്ധിക, വൈചാരിക, വൈകാരിക, ആത്മീയ പരിശീലനം സന്പൂർണ്ണ യോഗശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു. ”യോഗ” യെന്ന പദം വാസ്തവത്തില്‍ ”യോഗം” എന്ന പദത്തില്‍ ഇംഗ്ലീഷ് കലര്‍ന്നപ്പോള്‍ ഉണ്ടായതാണ്. ഇംഗ്ലീഷില്‍ കര്‍മ്മം ”കര്‍മ്മ” ആകുന്നു, ധര്‍മ്മം ”ധര്‍മ്മ”ആകുന്നു, യോഗം ”യോഗ”ആകുന്നു.  യോഗം എന്ന ഭാരതീയ ആശയം”യുജ്” എന്ന സംസ്കൃത ധാതുവില്‍ നിന്ന് ഉണ്ടായതാണ്. യോജിപ്പിക്കുക എന്നാണ് ധാതുവിന്‍റെ അര്‍ത്ഥം. യോഗി എന്നാല്‍ യോജിപ്പിച്ചവന്‍ എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ ശ്രീ നാരായണ ഗുരു, ശ്രീ രാമകൃഷ്ണ പരമഹംസന്‍, രമണി മഹര്‍ഷി തുടങ്ങിയ യോഗിവര്യന്മാരെ നമ്മള്‍ മനസ്സില്‍ കാണുന്പോൾ  ശാരീരിക അഭ്യാസങ്ങള്‍ ചെയ്യുന്ന ഒരു രൂപമല്ല നമുക്കോര്‍മ്മ വരുക. ആത്മാവിനെ സാക്ഷാത്ക്കരിച്ച ആചാര്യ വര്യന്മാരായിട്ടാണ് അവരെ നമ്മള്‍ കാണുന്നത്. ഗീതയില്‍ ഭഗവാന്‍ യോഗ ശാസ്ത്രമരുളുന്പോൾ അതൊരു സമ്പൂര്‍ണ്ണ ജീവിത ശാസ്ത്രമായിട്ടാണരുളുന്നത്.  ഭഗവാന്‍റെ അഭിപ്രായത്തില്‍ യോഗത്തിന്‍റെ അര്‍ത്ഥം ”’യോഗ: കര്‍മ്മസു കൗശലം”എന്നാണ്.  അതായത് ബന്ധിക്കപ്പെടാതെ കര്‍മ്മം ചെയ്യാനുള്ള ശാസ്ത്രം.  പതഞ്ജലി മഹര്‍ഷിയുടെ അഭിപ്രായത്തില്‍ യോഗ: ചിത്തവൃത്തി നിരോധ:  അതായത് ചിത്തവൃത്തിയുടെ അടക്കത്തെയാണ് യോഗം എന്ന് പറയുന്നത്. നിയന്ത്രണം ചെയ്യപ്പെട്ട മനസ്സാണ് ഒരു യോഗിയുടെ ലക്ഷണം. യോഗശാസ്ത്രം സന്പൂർണ്ണമായി അനുസരിക്കുന്ന ഒരു വ്യക്തിയുടെ ശരീരതാളം പ്രപഞ്ചതാളത്തോടും ആത്മാവിന്‍റെ താളം പരമാത്മാവിന്‍റെ താളത്തോടും യോജിപ്പിച്ചിട്ടുണ്ടായിരിക്കും. സാധാരണ ഗതിയില്‍ യോഗി എന്ന് പറയുന്പോൾ  തന്നെ ജഢാവത്കലധാരിയായി ഏകാന്തനായി ഏതോ കാട്ടിലോ, ഗുഹയിലോ, മലയിലോ ഇരിക്കുന്ന സര്‍വ സംഗ പരിത്യാഗിയുടെ രൂപം ഓര്‍മ്മ വന്നേക്കാം. എന്നാല്‍ കര്‍മ്മ കുശലതയോടെ സമൂഹ മധ്യത്തില്‍ ധര്‍മ്മിഷ്ടനായി ജീവിക്കുന്ന യോഗികളെയാണ് ഇക്കാലത്താവശ്യം. അവരിലൂടെയാണ് ഭൂമിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്.ആദിയോഗിയായി ഭാരതീയര്‍ കണക്കാക്കുന്നത് മഹാദേവനെയാണ്. ഗൗരീ ശങ്കരന്‍റെ കുടുംബമാണ് യോഗികള്‍ക്കെല്ലാം മാതൃക. താപസനായ ശങ്കരന്‍ മധ്യത്തിലുള്ളതിനാല്‍ കാളി അപര്‍ണയായി(ശാന്തയായി) ജീവിക്കുന്നു. ആജന്മ ശത്രുക്കളായ പാന്പും  മയിലും, കാളയും സിംഹവും, എലിയും പാന്പും  എല്ലാം സാഹോദര്യത്തോടെ ജീവിക്കുന്നു. ഒരു വ്യക്തി യോഗിയാകുന്പോൾ കുടുംബത്തിലാകമാനം സമാധാനം സംജാതമാകുന്നു. യോഗി മാനസ്സിക ശുദ്ധത നേടിയവനായതു കാരണത്താല്‍ പ്രപഞ്ച സംവിധാനത്തിലെ നന്മകളെല്ലാം യോഗിയുടെ പാദസേവനത്തിനായി സന്നദ്ധമാകുന്നു. അതിനാല്‍ ഒരിക്കലും ഒരു യോഗിക്കും ദാരിദ്ര്യം അനുഭവിക്കേണ്ടതായി വരില്ല. യോഗിക്ക് സന്തോഷിക്കുവാന്‍ ഉപാധികള്‍ വേണ്ടാത്തതിനാല്‍ അവന്‍റെ ജീവിതത്തില്‍ ധൂര്‍ത്ത് ഉണ്ടാവില്ല. യോഗി ദേഹത്തെ അമിതമായി ഭോഗിക്കാത്തതിനാല്‍ അവന് രോഗിയായി കിടക്കേണ്ടി വരില്ല. ഇപ്രകാരം വ്യക്തിപരവും സാമൂഹികവുമായ വലിയ സന്തുലനമാണ് യോഗ ശാസ്ത്രത്തില്‍ വിഭാവനം ചെയ്യുന്നത്.  അഷ്ടാഗ യോഗംഈ പറഞ്ഞ പ്രകാരം ഒരു വ്യക്തിക്ക് പരിവര്‍ത്തനം സംഭവിക്കണമെങ്കില്‍ 8 പടവുകളിലൂടെ സ്വയം ഉദ്ധരിക്കേണ്ടതാണ്. ഇതിനെ അഷ്ടാംഗ യോഗ പദ്ധതി എന്ന് പറയുന്നു. പതഞ്ജലി യോഗ സൂത്രത്തില്‍ യോഗത്തിന്‍റെ 8 പടവുകള്‍ പ്രതിപാദിക്കുന്നു. 1യമം,2. നിയമം,3. ആസനം,4. പ്രാണായാമം, 5പ്രത്യാഹാരം,6. ധാരണ, 7. ധ്യാനം, 8. സമാധി.  ഇവയാണ് 8 ചുവടുകള്‍.ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ജീവിതത്തിലെ നിയമ മര്യാദകളെ പ്രതിപാദിക്കുന്നു. അടുത്ത രണ്ടെണ്ണം ശാരീരിക സൗഖ്യത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ്.  അഞ്ചാമത്തെയും ആറാമത്തെയും ചുവടുകള്‍ ആദ്ധ്യാത്മിക മനോഭാവം വളര്‍ത്തുവാനും ഏഴും എട്ടും ആത്മ സാക്ഷാത്ക്കാരത്തിന്‍റെ കവാടങ്ങളുമാണ്. യമത്തില്‍ 5 കാര്യങ്ങള്‍ പ്രതിപാദിക്കുന്നു.  1.അഹിംസ,2. സത്യം, 3. ആസ്തേയം(ചൂഷണംചെയ്യാതിരിക്കുക) 4. ബ്രഹ്മചര്യം (ചേതനയുടെ ശുദ്ധീകരണം) 5. അപരിഗ്രഹം(ധൂര്‍ത്തില്ലാത്ത ജീവിതം) എന്നിവയാണവ. നിയമം – വ്യക്തിഗതമായ 5 നൈതീകതകളെക്കുറിച്ച് പറയുന്നു. 1.ശുദ്ധി, 2. സന്തുഷ്ടത, 3. തപസ്സ്(സ്വയം അനുശാസിക്കുക), 4. സ്വാദ്ധ്യായം (അവനവനെ പഠിപ്പിക്കുക), 5. ഈശ്വരപ്രാണിധാനം(ഈശ്വരനില്‍ സമര്‍പ്പിക്കുക) ആസനത്തെക്കുറിച്ച് യോഗ ശാസ്ത്രത്തില്‍ ഒറ്റ വാക്ക് പറയുന്നു -”സ്ഥിര: സുഖ:  ഇതി ആസന”സുഖമായി ഒരുപാട് നേരം ഇരിക്കാവുന്ന ഒരു ആസനത്തില്‍ ഇരിക്കുക. പ്രാണായാമം എന്നാല്‍ വായു കൊണ്ടുള്ള വ്യായാമം എന്നാണര്‍ത്ഥം. ശാരീരിക ഊര്‍ജ സംന്തുലനത്തിനുള്ള ഉപാധിയാണത്. പ്രത്യാഹാരത്തില്‍ യോഗി എത്തുന്പോൾ ആത്മാവില്‍ നിന്ന്   തന്നെ ആത്മാവിന് വേണ്ട സന്തോഷം കണ്ടെത്തുന്നതിനാല്‍ സന്തോഷത്തിനായുള്ള അലച്ചിലും ധൂര്‍ത്തും നിലക്കുന്നു. ധാരണ – ധര്‍മ്മത്തെ അറിഞ്ഞ് അനുസരിച്ച് ജീവിക്കുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. തന്‍റെ സുഖത്തിനായുള്ള പ്രയത്നം ആരുടെയും സുഖത്തെ അപഹരിക്കാതിരിക്കുവാനാണ് ധാരണയില്‍ ഉപദേശിക്കുന്നത്. ധ്യാനം – ഇന്ദ്രിയ സുഖ ആകാംക്ഷകള്‍ പരിത്യജിച്ച മനസ്സ്, ആത്മാവില്‍ നിന്ന് ആനന്ദം നുകരുന്ന അവസ്ഥയാണ്. സമാധി – ബുദ്ധിയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു. സമ = ഒരുപോലെ, ധി = ബുദ്ധി, സമാധി = എല്ലാ സാഹചര്യങ്ങളിലും ബുദ്ധി ഒരു പോലെയായിരിക്കുക.  ബാഹ്യ പരിതസ്ഥിതികളിലുണ്ടാവുന്ന ഇളക്കങ്ങള്‍ തന്‍റെ ആന്തരിക മനസ്ഥിതിയെ ബാധിക്കാതിരിക്കുക. ഇത്രയുമാകുമ്പോള്‍ യോഗി തന്‍റെ മനസ്സിന്‍റെയും ദേഹത്തിന്‍റെയും ചുറ്റുപാടിന്‍റെയും യജമാനനായി മാറും.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top