ചോദ്യം : ഈശ്വരനുണ്ടെന്ന് എനിക്കെങ്ങനെ മനസിലാക്കുവാൻ സാധിക്കും ?
ഉത്തരം : നമ്മൾ ഈ ഭൗതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി തെളിയിച്ചത് എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ പോലും ആത്യന്തികമായി പഞ്ചേന്ദ്രിയാനുഭവങ്ങളുടെ വിലയിരുത്തൽ മുഖേനയാണ് നിർണയിക്കപ്പെടുന്നത്. എന്നാൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ പരിമിതമായ അറിവുകൾ മാത്രമേ നമുക്ക് നൽകുന്നുള്ളൂ എന്നതും സത്യമാണ്. ഉദാഹരണത്തിന് ഈ ലോകത്തിൽ നാം പല നിറങ്ങളും കാണുന്നുണ്ട്. എന്നാൽ അവയൊന്നുംതന്നെ യഥാർത്ഥത്തിൽ നാം കാണുന്ന ആ നിറത്തിലുള്ള വസ്തുക്കളൊന്നുമല്ല. അവയെ ഓരോരോ ജീവികളും ഓരോരോ നിറത്തിലാണ് കാണുന്നത്. അതിനർത്ഥം നമ്മുടെ കണ്ണ് നൽകുന്ന കാഴ്ചയെന്ന ആ അനുഭവം ഒരു പരമ സത്യമല്ല. അതിനാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെയോ ഇന്ദിയങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളിലൂടെയോ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ ഇന്ദ്രിയഗോചരനല്ലാത്ത അതിസൂക്ഷ്മനായ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്. ഈശ്വരനുണ്ടോ എന്ന് ഒരാൾ ആരോടെങ്കിലും ചോദിച്ചു മനസിലാക്കേണ്ട കാര്യമല്ല. സ്വയം ധ്യാനപരീക്ഷണം നടത്തി തിരിച്ചറിയേണ്ടതാണ്. യുക്തികൊണ്ട് കണ്ടെത്തേണ്ടതുമല്ല. യുക്തി പോലും പരിമിതമായ അറിവിന്റെ സൃഷ്ടിയാണ്. പദാർത്ഥനിഷ്ഠമായ ലോകത്തിലെ വ്യവഹാരങ്ങൾക്കു വേണ്ടി മാത്രമേ യുക്തിപോലും ഉപയോഗപ്പെടുകയുള്ളൂ. എന്നാൽ അനുഭവം എല്ലാ യുക്തികൾക്കും പരിമിതികൾക്കും അപ്പുറമാണ്. അനുഭവമാണ് ഗുരു. വരൂ…… ഞങ്ങളോടൊപ്പം ധ്യാനം പരിശീലിക്കാൻ വരൂ….. എങ്ങനെ ഈശ്വരനെ അനുഭവിച്ചറിയുവാനുള്ള ധ്യാനപരീക്ഷണം ചെയ്യണമെന്ന മാർഗദർശനം ഞങ്ങൾനൽകാം. അത്രയേ സാധിക്കൂ. ഈശ്വരനെ സ്വയം അനുഭവത്തിലൂടെ ബോധ്യപ്പെടുമ്പോൾ പിന്നെ ആരോടും ചോദിക്കേണ്ടിവരില്ല.