ഒരു പുഴയോട് ഈ ജീവിതത്തെ ഉപമിക്കുന്പോൾ ജീവിതമെന്ന
പുഴയ്ക്ക് ഒഴുകാനായ് നിന്ന് കൊടുക്കുന്ന ”നിലം” കാലമാണ് എന്ന് പറയാം. നിലത്തിൽ ഒഴുകുന്ന പുഴയിലെ ജലം നമ്മുടെ ശരീരമാണെന്ന് കരുതൂ.
ഒരു നിമിഷം പോലും ആർക്കും, ഒന്നിനും വേണ്ടി കാത്തു നിൽക്കാതെ മരണമെന്ന മഹാസാഗരത്തിൽ ചെന്ന് ലയിക്കാനായി ദിവസങ്ങളെയും വർഷങ്ങളെയും പിന്തള്ളിക്കൊണ്ടു ശരീരം പ്രകൃതിയിൽ ഒഴുക്കിക്കുതിക്കുന്നു. ആ ഒഴുക്കിൽ സഞ്ചരിക്കുന്ന ഒരു ഇല പോലെയാണ് നമ്മുടെ മനസ്. ആ ഇല ജലത്തിന്റെ വേഗത്തിനൊപ്പം ഒഴുകുകയാണെങ്കിൽ ശരീരം മരണ മഹാ സാഗരത്തിൽ ലയിക്കുന്നതിനോടൊപ്പം മനസ്സാകുന്ന ഇല മുക്തിയെന്ന ലക്‌ഷ്യത്തിലെത്തും.
എന്നാൽ, ജീവിത പുഴയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന സംഭവവികാസങ്ങളാകുന്ന പാറകളിൽ മനസ്സാകുന്ന ഇല ഉടക്കി നിന്നാൽ ഇലക്കായി കാത്തു നിൽക്കാതെ ശരീരമെന്ന ജലം വാർദ്ധക്യത്തിലേക്കു ഒഴുകിപ്പോകും. ഇതിന്റെ പരിണിത ഫലമായി മരണം ശരീരത്തെ വിഴുങ്ങുന്ന നാളിലും പരിപക്വമാകാത്ത, ലക്‌ഷ്യം കണ്ടിട്ടില്ലാത്ത മനസ് സാഹചര്യങ്ങളാകുന്ന പാറകളെ പഴിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും. അതിനാൽ സാഹചര്യങ്ങൾ ഒഴുകുന്ന വഴിയിലെ പാറകളായി കണ്ടുകൊണ്ട് പാറകളെ തഴുകി തലോടി ഒഴുക്ക് തുടരൂ. ചിന്തകളിൽ കുടുങ്ങി നിന്ന് പോയാൽ ആ മനസ് നാളെ നമുക്ക് ഭാരമാകും.
“കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല”.