ചോദ്യം : ധ്യാനം ഒരു ശീലമാക്കാൻ നിങ്ങൾ പറയുന്നത് എന്തിനു വേണ്ടിയാണ് ?
ഉത്തരം : നമ്മൾ ഒരേ സമയം രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവരാണ്. ഒന്ന് നമ്മുടെ ബാഹ്യലോകം. മറ്റൊന്ന് നമ്മുടെ ആന്തരിക ലോകം. ബാഹ്യലോകത്തിലെ അവസ്ഥാന്തരങ്ങൾ നമ്മുടെ ആന്തരിക ലോകത്തെ സ്വാധീനിക്കുന്നുണ്ട്. അതുപോലെ ആന്തരിക ലോകത്തിലെ അവസ്ഥകൾ ബാഹ്യലോകജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. ബാഹ്യലോകജീവിതത്തിനു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ പല അടിസ്ഥാനാവശ്യങ്ങൾ ഉള്ളത് പോലെ നമ്മുടെ ആന്തരിക ലോകത്തിൽ സുഖം, ശാന്തി, ആനന്ദം .. എന്നിങ്ങനെ പല അടിസ്ഥാന അനുഭവങ്ങളും നമ്മൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ അനുഭവങ്ങൾ ബാഹ്യലോകത്തിൽ തേടിയാൽ ക്ഷണികമായി നിലനിൽക്കുന്ന രീതിയിൽ മാത്രമേ അവയെ സൃഷ്ടിക്കാനാവൂ. ആന്തരീക ലോകത്തിൽ സുഷുപ്തികൊള്ളുന്ന ഈ സുഖശാന്തിയുടെ ഖജനാവിനെ അനുഭവിക്കുന്നവർക്ക് ഇതെല്ലാം എപ്പോൾ വേണമെങ്കിലും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കും. ഇതിനു വേണ്ടിയാണ് ധ്യാനം പഠിക്കേണ്ടിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഭക്ഷണം, വസ്ത്രം പാർപ്പിടം എന്നിവ കണ്ടെത്താൻ ഒരാൾ സ്വയം പര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്നപോലെ, നാം ഇഷ്ട്ടപ്പെടുന്ന ഉത്തമ വൈകാരികാനുഭവങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് ധ്യാനം.