ജ്ഞാനം ഭക്തിക്ക് വിരുദ്ധമല്ല. ഭക്തി ജ്ഞാനത്തിനും വിരുദ്ധമല്ല . ഭക്തി ജ്ഞാനത്തിലേക്കുള്ള പാതയാണ്. ജ്ഞാനമാകട്ടെ മുക്തിയുടെയും ജീവന്മുക്തിയുടെയും പാതയാണ്. പാതകൾ ഒരിക്കലും ലക്ഷ്യസ്ഥാനത്തിന് എതിരായിരിക്കില്ല. കേവലം പാതയിൽത്തന്നെ നിൽക്കുക എന്നത് നമ്മുടെ പുരോഗമനത്തെ തടസപ്പെടുത്തുമെന്നു മാത്രം. ഭക്തിയില്ലാത്തവർക്കും ജ്ഞാനമുണ്ടാകാം.എന്നാൽ അത്തരം ജ്ഞാനികളിൽ ഭക്തിയിലൂടെ നേടിയെടുക്കേണ്ട സമർപ്പണ ശീലം കുറവായിരുന്ന കാരണത്താൽ ആ ജ്ഞാനം മൂലം അഹന്ത ജനിക്കുകയും, ആ അഹന്ത സ്വന്തം ജ്ഞാനത്തെ ആവരണം ചെയ്ത് ആ വ്യക്തിയെ പതുക്കെ താഴേക്ക് തള്ളിയിടുകയും ചെയ്യും. ഭക്തിക്ക് രണ്ട് ഘട്ടങ്ങളുണ്ട് – മാനസിക ശുദ്ധീകരണത്തിലേക്ക് നയിക്കുന്ന അപരാ ഭക്തി, ആത്മജ്ഞാനത്തിലേക്ക് നയിക്കുന്ന പരാഭക്തി. ഉപാസനകളും അർച്ചനകളും മറ്റും ഭക്തിയുടെ ആദ്യ ഘട്ടമാകുമ്പോൾ “സ്വയം അന്വേഷണം / ആത്മവിചാരം” എന്നിവ ഭക്തിയുടെ അവസാന ഘട്ടമാകുന്നു. അതിലൂടെ ഭക്തി ജ്ഞാനത്തിലേക്കു വഴിമാറുന്നു. അതിനാലാണ് പറയുന്നത്- ഭക്തി ജ്ഞാനത്തിന് വിരുദ്ധമല്ല, മറിച്ച് ജ്ഞാനം നേടാൻ അനിവാര്യമാണ്. ഭക്തി കൂടാതെ, നിങ്ങൾക്ക് ഈശ്വരീയതക്കു മുന്നിൽ കീഴടങ്ങാൻ കഴിയില്ല, അതുകാരണം അവർക്കു കൃപയുമില്ല. ഈ കീഴടങ്ങലിനു വിസമ്മതിക്കുന്നവരിൽ കാമം പോലുള്ള ക്ഷുദ്ര വികാരങ്ങളുടെ നാശവുമുണ്ടാകില്ല. എന്നാൽ ഇവിടെ ഭക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്യസിദ്ധിക്കായുള്ള യന്ത്രികാചാരങ്ങളെയോ അത്ഭുതങ്ങൾ പ്രതീക്ഷിച്ചു പണം ചെലവഴിച്ചു ചെയ്യുന്ന കർമ്മകാണ്ഡങ്ങളെയോ അല്ല. ഭക്തിയെന്നാൽ ശുദ്ധമായ അർത്ഥം പ്രേമമെന്നാണ്. ഗുരുഭക്തി, പിതൃഭക്തി, ദേശഭക്തി എന്നിങ്ങനെ പല ഭക്തികളും ഒരാളെ ഉയർന്ന മനസികാവസ്ഥയിലേക്കും ജ്ഞാനത്തിലേക്കും നയിക്കുമെങ്കിലും പരമാത്മാവിനോടുള്ള ഭക്തിയാണ് ഏറ്റവും എളുപ്പത്തിൽ ജ്ഞാനാർജനത്തിലേക്കു നയിക്കുവാൻ അഭികാമ്യം. ഭക്തിയിലൂടെ ഒരാൾ ചെയ്യേണ്ടത് ഈ ലോകത്തിൽ എനിക്ക് ഏറ്റവും അടുത്ത ബന്ധു ഈശ്വരനാണ് എന്ന് വരുത്തിത്തീർക്കലാണ്. അങ്ങനെയുള്ള ഉത്തമ ഭക്തിയിലൂടെ മറ്റെല്ലാ മാനസിക ബന്ധനത്തിൽ നിന്നും സ്വയം മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ജ്ഞാനം സ്വീകരിക്കുവാൻ പ്രയത്നിച്ചാലും ആത്യന്തിക സത്യം മനസ്സിലാക്കാനോ അപ്രകാരം ജീവിതത്തെ ഉയർത്തുവാനോ കഴിയില്ല.
ലേഖനങ്ങൾ
ഭക്തിയും ജ്ഞാനവും
No posts found