മനുഷ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും ഭാവനയാണ് ജീവജലമായി പ്രവർത്തിക്കുന്നത്. എല്ലാ ജീവികൾക്കും അമ്മയുണ്ട്, എന്നാൽ അമ്മയെന്ന മഹത്വത്തെ വാനോളം ഉയർത്തുന്നതിന് കാരണം അമ്മയോടുള്ള നമ്മുടെ ഭാവനയാണ്. ഭാവനയില്ലെങ്കിൽ സ്വന്തം ഭാര്യ എന്നത് വീട്ടിൽ ജീവിക്കുന്ന ഒരു സ്ത്രീ മാത്രമാകും. ഭാവന നശിച്ചാൽ 2000 ത്തിന്റെ നോട്ടു വെറും പേപ്പർ കഷ്ണം മാത്രമാകും. ഭാവനയില്ലെങ്കിൽ പതാകയ്ക്ക് വീര്യം ഉണ്ടാകില്ല, അതെല്ലാം വെറും പല നിറമുള്ള തുണികൾ മാത്രമാകും. ഈ ഭാവനാതലത്തിൽ മനുഷ്യന് വൈറസ് ബാധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യന് ജീവിതത്തിൽ നൂറായിരം പ്രശ്നങ്ങൾ വന്നു ചേരുന്നത്. മനുഷ്യന് ഒരു മൃഗത്തിൽ നിന്നുള്ള വ്യത്യാസമാണ്, അവനു വളർന്നു വികസിക്കുവാൻ ശേഷിയുള്ള മനസുണ്ട് എന്നത്. എന്നാൽ ആ മനസ് കൊണ്ട് തന്നെയാണ് മനുഷ്യൻ ഒരുപാട് ബുദ്ധിമുട്ടുന്നത്. ഇതിനു കാരണമെന്തെന്നാൽ യൂസർമാന്വൽ പഠിക്കാതെ ഒരു കോംപ്ലിക്കേറ്റഡ് മെഷിൻ ഉപയോഗിക്കാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥത തന്നെയാണ് നമ്മൾ അനുഭവിക്കുന്നത്. അതിനാലാണ് മനസിന്റെ യജമാനനാകുവാൻ മനുഷ്യന് ആധ്യാത്മികത എന്ന ശാസ്ത്രം കൈമുതലായി വേണം എന്ന് പറയുന്നത്. പക്ഷെ ആധ്യാത്മികത ഇന്ന് കാര്യസാധ്യത്തിനായുള്ള അത്ഭുത സൂത്രമാണെന്നു തെറ്റിദ്ധരിച്ചതിനാൽ “ഇതു ചെയ്‌താൽ ഇത് കിട്ടും” എന്ന വിധത്തിൽ ഈശ്വരനുമായി കൊടുക്കൽ വാങ്ങൽ നടത്തുന്ന ഒരു സംവിധാനമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ഇനിയെങ്കിലും ആത്മീയതയെ അത്ഭുതങ്ങൾ കാണപ്പെടുന്ന ഒരു പാതയാണ് കാണാതെ മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്ന ശാസ്ത്രമായി കാണേണ്ടതാണ്. അല്ലാത്തപക്ഷം കാലഹരണപ്പെടുന്ന ആത്മീയമൂല്യങ്ങളും പ്രാകൃതമായ വിശ്വാസങ്ങളും പേറി ജീവിക്കേണ്ട അവസ്ഥയായിരിക്കും മനുഷ്യ സമൂഹത്തിനു വന്നുചേരുക. ഈ ഗതി വരാതിരിക്കുവാൻ നമുക്ക് ഒരുമിച്ചു യത്നിക്കാം.
ലേഖനങ്ങൾ
ഭാവനാ ശക്തിയും ആത്മീയതയും
No posts found