ആരോഗ്യം അമൂല്യമായ സമ്പത്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യം നഷ്ടപ്പെടുന്നത് കനത്ത നഷ്ടം തന്നെയാണ്. ഇതുസംബന്ധിച്ച പഴമൊഴി ഏവര്‍ക്കും ഓര്‍മയുണ്ടായിരിക്കുമല്ലോ? ആരോഗ്യം എന്നതിനു ലോകാരോഗ്യസംഘടന നല്‍കിയ നിര്‍വചനം ഇതാണ്. ”ഇത് രോഗമില്ലാത്ത അവസ്ഥയല്ല മറിച്ച് ഏതവസ്ഥയിലാണോ ഒരു വ്യക്തി മാനസികവും ശാരീരികവും ആദ്ധ്യാത്മികവും ബുദ്ധിപരവും സാമൂഹ്യപരവുമായ തലങ്ങളില്‍ പൂര്‍ണത നേടുന്നത്, ആ അവസ്ഥയാണ്.” ജീവിതത്തിന്റെ സമ്പൂര്‍ണ സന്തോഷത്തിനായി വളരെ നിയന്ത്രിതവും പടിപടിയായതുമായ മനോഭാവത്തോടെ ഇത്തരം തലങ്ങളില്‍ വിജയം നേടേണ്ടതുണ്ട്.
ഇത്തരുണത്തില്‍ ഒരു വ്യക്തിയ്ക്ക് ആരോഗ്യപരമായ ജീവിതത്തിന്റെ യജമാനനനായി മാറാം.
ഓരോരോ വിഷയത്തിലേക്ക് കടക്കുന്നതിനായി ആദ്യം അരോഗദൃഢമായ ശരീരത്തെക്കുറിച്ച് ചിന്തിക്കാം. നല്ല ശാരീരിക ആരോഗ്യത്തിനു നല്ല ആഹാരം വേണം. ശരിയല്ലേ? ശരിയായ ഉറക്കം, വിശ്രമം എന്നിവയ്ക്കു പുറമെ സമീകൃതവും ശുചിയുള്ളതുമായ ആഹാരം ആവശ്യമാണ്. ഏതാണ് ഊര്‍ജ്ജദായകങ്ങളായ ആഹാരം? നേരിട്ട് സൗരോര്‍ജ്ജം വലിച്ചെടുത്ത് ഉണ്ടാകുന്ന പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ തന്നെ. ഇവയ്ക്ക് ശാരീരികവും മാനസികവുമായ ആവശ്യത്തിന് ധാരാളം ഊര്‍ജ്ജം പകരാന്‍ കഴിയും. ഈവക ആഹാരങ്ങള്‍ നമ്മുടെ ആഹാരശീലത്തിലേക്ക് ബോധപൂര്‍വം കൊണ്ടുവരേണ്ടതുണ്ട്. സ്വാദ് മാത്രമല്ല നല്ല ആഹാരത്തിന്റെ ഗുണത്തിന്റെ അളവുകോല്‍ എന്നു നാം മനസ്സിലാക്കണം.
എന്നാല്‍ ഇന്ന് നാം നമ്മുടെ ആമാശയത്തെ പലതരം മാംസാഹാരങ്ങള്‍ അടക്കം ചെയ്യുന്ന സ്ഥലമാക്കി മാറ്റുന്നു. നമുക്ക് ഇങ്ങനെയാണെങ്കില്‍ എങ്ങനെ ആരോഗ്യമുള്ളവരായി ഇരിക്കാന്‍ കഴിയും? നാം ധാരാളം ധനം മുടക്കി മലിനങ്ങളായ മാംസം, ലഹരികള്‍, രാസവസ്തുക്കള്‍ എന്നിവ പലപ്പോഴും സ്വാദില്‍ വിശ്വാസം അര്‍പ്പിച്ച് നമ്മുടെ ഉദരത്തില്‍ നിക്ഷേപിക്കുന്നു. രോഗങ്ങള്‍ വന്നശേഷം വീണ്ടും ധാരാളം ധനവും സമയവും ആശുപത്രികളില്‍ ചെലവിടുന്നു. ജീവിതവിജയത്തിനു നമ്മുടെ ശരീരത്തെ അമൂല്യ സമ്പത്തായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നറിയുക.
രണ്ടാമത്, നല്ല വ്യായാമത്തിന്റെ ആവശ്യകതയെ കുറിച്ച് നോക്കാം. മരുന്നുകള്‍ക്കൊപ്പം വ്യായാമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വ്യായാമത്തിനു എന്താണിത്ര പ്രാധാന്യം. പഴയകാലത്ത് ദൈനംദിന പല ശാരീരികാദ്ധ്വാനത്തിലും മനുഷ്യര്‍ ഏര്‍പ്പെടുമായിരുന്നു. നടക്കുക, ഓടുക, കിളയ്ക്കുക, ഉഴുക, നീന്തുക എന്നിങ്ങനെ പലതും. എന്നാല്‍ ഇന്നു യന്ത്രങ്ങളുടെ കണ്ടുപിടുത്തവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അതിപ്രസരവും മനുഷ്യരുടെ ദൈനംദിന ശാരീരികാദ്ധ്വാന അവസരങ്ങളെ വളരെയധികം കുറച്ചിരിക്കുകയാണ്. ദിവസവും സ്‌കൂളുകളിലേക്ക് എത്ര ദൂരം നടന്നിട്ടുണ്ട് എന്ന് ഓര്‍ക്കുന്നുണ്ടോ? 10 കി.മീ. അധികം ദിവസവും സ്‌കൂളുകളിലേക്ക് നടന്നിരുന്നു. അതിനാല്‍ തന്നെ 85 വയസ്സായിട്ടും അരോഗദൃഢഗാത്രരായ ചിലരെയെങ്കിലും നമ്മള്‍ക്ക് കാണാം.
ഒരു വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് നടന്നുപോവുമ്പോള്‍ അവനില്‍നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജവും ഉത്സാഹവും ഒന്നു വിഭാവനം ചെയ്തുനോക്കൂ. അവന്റെ ശരീരത്തിലെ ഓരോ കോശവും ഊര്‍ജ്ജസ്വലമാണ്. ക്ലാസില്‍നിന്നും കിട്ടുന്ന അറിവിനെ അപഗ്രഥിക്കാനും ഓര്‍ക്കാനും അവന്റെ തലച്ചോറിന് പ്രാപ്തിയുണ്ടാകും. വാഹനങ്ങള്‍ ദുര്‍ലഭമായ കാലങ്ങളില്‍ നമ്മള്‍ എത്ര ദൂരമാണ് അമ്പലങ്ങളിലേക്കുപോലും പോയിരുന്നത്. സ്‌കൂള്‍ വണ്ടികള്‍ കുട്ടികളെ കൊണ്ടുചെല്ലുകയും തിരികെ എത്തിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധി ക്ലാസില്‍ നേരാംവണ്ണം പ്രവര്‍ത്തിക്കണമെന്നില്ല അവര്‍ക്കുവേണ്ടത്ര ധാരണാശക്തിയുണ്ടാവണമെന്നില്ല. നല്ല ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വ്യായാമം വേണം, വ്യായാമം അനിവാര്യമാണ്.
മൂന്നാമത്തേത്, ശരിയായ ഉറക്കമാണ്. ഒരു വ്യക്തി ശരാശരി ദിവസവും ആറുമണിക്കൂര്‍ ഉറങ്ങേണ്ടതാണ്. നല്ല നിദ്രയ്ക്ക് നമ്മുടെ മനസ്സ് ശാന്തവും ശീതളവും ആയിരിക്കണം. ഇന്ന് മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണം ഭൂരിഭാഗം പേരും നിദ്രാവിഹീനരാണ്. ചില നേരം അവരുടെ അവസ്ഥ ദയനീയമാണ് എന്തെന്നാല്‍ ഉറക്ക ഗുളികകളെ വരെ ആശ്രയിക്കേണ്ടിവരുന്നു. ജനങ്ങളുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും, പരിധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തേക്ക് പോകയാണ്. ഉറക്കത്തിന്റെ കുറവ് വീണ്ടും ആരോഗ്യപ്രശ്‌നങ്ങളെ അധികമാക്കും രണ്ടാമത്തെ മുഖ്യവിഷയം മാനസികാരോഗ്യമാണ്. ഇതും ഒരു കലയാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും ഒരു കലയാണ്. പൂര്‍വ്വികര്‍ പറയാറുണ്ട്. ”ആധികള്‍ വ്യാധികളാണ്.” എപ്പോള്‍ പ്രതികൂല ചിന്തകള്‍ ഉത്കണ്ഠ, ഭയം, ആധി തുടങ്ങിയവ ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങളാല്‍ സംജാതമാവുന്നുവോ അപ്പോള്‍ മനസ്സ് പിരിമുറുക്കത്തിലായി എന്നുപറയുന്നു. ഇതുരോഗങ്ങള്‍ക്കു കാരണമാകുന്നു. ഇവ കാരണം ശരീരത്തില്‍ അനാവശ്യവും വിഷമയവുമായ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം നടക്കുകയും പലവിധ ഉപദ്രവകാരികളായ ഹോര്‍മോണുകളുടെ ആധിക്യം വീണ്ടും പല രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു.
ഇന്ന് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തെറ്റായ ജീവിതചര്യകള്‍ കാരണമാവുന്നു. അതിനാല്‍ ഇന്നു ഉചിതമായ ജീവിതചര്യ അനിവാര്യമാണ്. അസുഖങ്ങളെ പൊതുവെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
1. മാനസികം 2. ശാരീരികം 3. മനോ-ശരീര സംബന്ധിയായവ.
ഇതില്‍തന്നെ പല ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസികാരോഗ്യം ഹേതുവായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇവയെ മനോ-ശരീര സംബന്ധിയായവയായി തരംതിരിച്ചിരിക്കുന്നു.
എവിടെനിന്നാണ് ചികിത്സ ആരംഭിക്കേണ്ടത്? ശരീരത്തിന് മാത്രമല്ല ചികിത്സ മനസ്സിനും വേണം. ആധുനിക ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്നിനോടൊപ്പം ധ്യാനവും സത്സംഗവും ശുപാര്‍ശ ചെയ്യുന്നു. സത്സംഗങ്ങളിലിരിക്കുമ്പോള്‍ ഒരുപാട് അനുകൂല ചിന്തകളും ശക്തിയും നമുക്ക് ലഭിക്കുന്നു.
ദിവസമുള്ള സത്സംഗം മനസ്സിനു പോഷകാഹാരം തന്നെയാണ്. എപ്രകാരം ശുദ്ധവും സമീകൃതവുമായ പോഷകാഹാരം ശരീരത്തിനുതകുന്നുവോ അപ്രകാരം സത്സംഗങ്ങള്‍ മനസ്സിനും ഉതകുന്നതാണ്. അതിനാലാണ് ദിവസേന സത്സംഗങ്ങളിലിരിക്കുന്നവര്‍ക്ക് നല്ല മാനസികാരോഗ്യം ഉണ്ടെന്ന് പറയുന്നത്. മനുഷ്യനിര്‍മിതമായ മരുന്നുകളേക്കാള്‍ വീര്യമേറിയതാണ് ധ്യാനം എന്ന മരുന്ന്. മനസ്സിന്റെ പിരിമുറുക്കത്തെ മാറ്റി, ശുഭചിന്തകള്‍ നല്‍കി ശാന്തവും നിയന്ത്രിതവുമാക്കുന്നു. മനസ്സ് ശുദ്ധമാവുന്നതോടെ ശരീരത്തിലെ രക്തചംക്രമണം സാധാരണഗതിയിലാവുന്നു.
ശാരീരികാസ്വാസ്ഥ്യങ്ങളായ രക്തസമ്മര്‍ദ്ദം, കൊഴുപ്പ്, പ്രമേഹം എന്നിവ മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഉണ്ടാകുന്നത്. എന്നാല്‍ പാരമ്പര്യമായതും കാലാവസ്ഥാവ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്നതുമായ അസുഖങ്ങള്‍ വ്യത്യസ്തങ്ങളാണ്. നമ്മുടെ ശ്രദ്ധയില്ലാത്ത ജീവിതചര്യകള്‍, അശുഭചിന്തകള്‍, വിഷമയമായ ആഹാരങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുകയും വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.
ഇവിടെയാണ് ആരോഗ്യപരമായ ജീവിതം കലയാകുന്നത്. നമ്മുടെ ജീവിതത്തില്‍ ഇത് വളര്‍ത്തിയെടുക്കേണ്ടതാണ്. നമ്മള്‍ക്ക് സമ്മര്‍ദ്ദങ്ങളിലും ശാരീരികാസ്വാസ്ഥ്യങ്ങളിലും സന്തോഷിക്കുവാനാവില്ല. അതിനാല്‍ ജീവിതം ആസ്വദിക്കണമെങ്കില്‍ ഈ കല തന്നെ അഭ്യസിക്കണം. ആരോഗ്യമില്ലെങ്കില്‍ സമ്പത്തിന്റെ ഉപയോഗം എന്താണ്? ധനം, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിവ നമ്മള്‍ക്ക് സ്ഥായിയായ സന്തോഷം തരുകയില്ല. ധ്യാനവും സത്സംഗവും ഇന്നത്തെ ജീവിതത്തില്‍ അനിവാര്യമാണ്.
മൂന്നാമത്തേത് സാമൂഹികാരോഗ്യമാണ്. നമ്മള്‍ സാമൂഹ്യജീവികളാണ്. കുടുംബം ഒരു സമൂഹമാണ്. അയല്‍പക്കം മറ്റൊന്നും. ഈ സമൂഹത്തില്‍ നമ്മള്‍ക്ക് ജീവിക്കേണ്ടതുണ്ട്. ഈ സമൂഹം നമ്മള്‍ അനുദിനം ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും വസ്തുക്കളിലും എന്തെല്ലാം പ്രഭാവം കൊണ്ടുവരുന്നു എന്ന് ഓര്‍ത്തുനോക്കൂ. നമ്മള്‍ അധിവസിക്കുന്ന ഭവനം നിര്‍മിക്കാന്‍ എത്ര കൈകള്‍ ഒരുമിച്ചിട്ടുണ്ടാവും. പ്രകൃതിദത്തമായ ധാരാളം വിഭവങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നു. നമ്മള്‍ക്ക് ഈ സമൂഹത്തിലെ ഓരോ വ്യക്തിയോടും നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്.
അതുപോലെ തന്നെ ഈ വിശ്വസമൂഹത്തോടും. നമ്മള്‍ നമ്മുടെ ജീവിതത്തെ കലകളുടെ ഉത്സവമാക്കി മാറ്റുമ്പോള്‍ ഈ സാമൂഹിക ജീവി എന്ന പരിഗണനയില്‍ വ്യക്തികളിലൂടെയും സമൂഹത്തിലൂടെയും പ്രകൃതിയിലൂടെയും താളനിബിഡമായതും സന്തുലിതവുമായ സഞ്ചാരം നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നമ്മുടെ ജീവിതം പരാജയമായി തീരുന്നു. ഈ ബുദ്ധിശൂന്യത വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും വരാതെ സൂക്ഷിക്കാം. ഇതെല്ലാം ഒരു നല്ല ക്രമീകരണത്തിലേക്ക് കൊണ്ടുവരാന്‍ നമ്മള്‍ ജീവിതത്തില്‍ ഒരുപാട് ശുഭകരമായ നല്ല മൂല്യങ്ങള്‍ സമ്പാദിക്കേണ്ടതുണ്ട്.
ആരോഗ്യപരമായ ജീവിതത്തിന്റെ നാലാമത്തെ ഘടകം ആത്മീയാരോഗ്യമാണ്. ബന്ധങ്ങളുടെ ഇടയില്‍ ദൃഢത കൈവരിക്കാന്‍ ആത്മീയമൂല്യങ്ങള്‍ വളരെ പ്രധാനമാണ്. മാത്രമല്ല മാനുഷികമൂല്യങ്ങളും മനുഷ്യത്വവുംകൊണ്ട് നാം അതിനെ ഊട്ടിയുറപ്പിക്കണം. സത്യസന്ധത, പവിത്രത, സ്‌നേഹം, ശാന്തി, പരസ്പര ധാരണ എന്നിവയെല്ലാമാണ് ആ മൂല്യങ്ങള്‍. പരസ്പര വിശ്വാസമാണ് സുദൃഢ ബന്ധങ്ങളുടെ ആധാരം. സമൂഹത്തിലായാലും ജോലിസ്ഥലത്തായാലും നമ്മള്‍ക്ക് വിവിധ ജാതി, മതം, വര്‍ഗം, വര്‍ണം, സ്ഥലം, സ്വഭാവം എന്നിവയുള്ള മനുഷ്യരെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ അവസരങ്ങളില്‍ നമ്മള്‍ക്ക് ആരോഗ്യകരവും ശുഭകരവുമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഒരു പരമാത്മാവില്‍ വിശ്വസിക്കുകയും നാമെല്ലാം അവിടുത്തെ സന്താനങ്ങളായ സോദരീസോദരരാണെന്നും വിശ്വസിക്കുകയാണ് ഏക പോംവഴി.
നമ്മള്‍ക്ക് സംതൃപ്തമായതും ലളിതമായതുമായ യോഗീജീവിതം ഈ വിശ്വാസത്തോടെ നയിക്കാം. അപ്പോള്‍ നമ്മള്‍ക്ക് ആത്മീയ ആരോഗ്യമുള്ള പവിത്ര വ്യക്തികളായി അറിയപ്പെടും. ഇത്തരുണത്തില്‍ മാത്രമേ വ്യക്തിബന്ധങ്ങളേയും പ്രകൃതിയുമായുള്ള ബന്ധത്തേയും മൂല്യവല്‍കക്കരിക്കാനും ആദരിക്കാനും കഴിയുകയുള്ളൂ.
ഈ വക ആരോഗ്യസംബന്ധിയായ എല്ലാ അര്‍ത്ഥത്തിലും മൂല്യമേറിയ ജീവിതം നയിക്കുന്നതിനേയാണ് ആരോഗ്യജീവിതകല എന്നുപറയുന്നത്. ഏറ്റവും സുപ്രധാനമായ കാര്യം നാം യഥാര്‍ത്ഥത്തില്‍ ഈ കാണപ്പെടുന്ന ശരീരമല്ല. അതില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം/ശക്തിയാണ് എന്നതാണ്. ആഹാരം, വ്യായാമം, വിശ്രമം എന്നിവ ശരീരത്തിനു ആവശ്യമെന്നതുപോലെതന്നെ സതോമൂല്യങ്ങള്‍ ശരീരത്തിലിരിക്കുന്ന ഊര്‍ജ്ജരൂപത്തിലുള്ള ആത്മാവിന് അത്യാവശ്യമാണ്.
ആത്മാവിന് പ്രസ്തുത മൂല്യങ്ങള്‍ അഥവാ ആഹാരം. ആത്മാവിന്റെ, മനസ്സിന്റെ വ്യായാമം ധ്യാനമാണ്. ഭഗവാന്‍ ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ആവശ്യകത ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു. ഇതു രണ്ടും പ്രായോഗിക യോഗീജീവിതത്തില്‍ കൊണ്ടുവന്ന് ആരോഗ്യമുള്ള ജീവിതം കൈവരിക്കാന്‍ കഴിയും. ഇതാണ് ആരോഗ്യപരമായ ജീവിതകല.