ജീവിതത്തിൽ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വീട്ടിലായാലും, സമൂഹത്തിലായാലും, ജോലിസ്ഥലത്തായാലും ബന്ധങ്ങളില്ലാതെ മുന്നോട്ട് പോകാൻ സാധ്യമല്ല എന്നത് ഉറപ്പായ ഒരു കാര്യമാണ്. വ്യക്തിബന്ധമായാലും കൂട്ടായ്മയിലുള്ള ബന്ധമായാലും ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലും നല്ലതും മോശപ്പെട്ടതുമായ അനുഭവങ്ങൾ ബന്ധങ്ങൾ നമുക്ക് നൽകാറുണ്ട്. എന്നാൽ ഈ ബന്ധങ്ങൾക്കിടയിൽ ചില കൊടുക്കൽ വാങ്ങലുകളുണ്ട്. ഈ കൊടുക്കൽ വാങ്ങലുകളാണ് നല്ലതും മോശവുമായ അനുഭവങ്ങൾക്ക് കാരണം. നല്ലത് കൊടുക്കുമ്പോൾ നല്ല അനുഭവവും, മോശമായത് കൊടുക്കുമ്പോൾ മോശം അനുഭവവും ലഭിക്കുന്നു എന്നർത്ഥം.
ആത്മീയമായി ചിന്തിക്കുകയാണെങ്കിൽ നമ്മൾ ദാതാക്കളാകണം അഥവാ കൊടുക്കുന്നവരാകണം. ബന്ധങ്ങളിൽ ക്ഷമയും, കരുതലും, ശ്രദ്ധയും, സ്നേഹവും ആവശ്യമാണ്. നമ്മൾ ഇവയെല്ലാം എല്ലാവർക്കും നൽകുന്നവരാണോ എന്ന് ഓരോരുത്തരും പരിശോധിക്കണം. വീടുകളിലാണെങ്കിലും, ജോലിസ്ഥലത്താണെങ്കിലും, സമൂഹത്തിലാണെങ്കിലും തുടക്കത്തിൽ നമ്മൾ പലപ്പോഴും ദാതാക്കളാകുന്നു. പിന്നീട് പതുക്കെപ്പതുക്കെ ഏതെങ്കിലും കാര്യത്തിൽ ആവശ്യമുണ്ടാകുമ്പോൾ നമ്മൾ വാങ്ങുന്ന ഭാഗത്തേക്ക് മാറുന്നു. കേവലം കൊടുക്കൽ മാത്രമാകുമ്പോഴാണ് ബന്ധങ്ങൾ ശക്തമാകുന്നത്. അവിടെ സ്വാർത്ഥതയുടെ കാര്യം വരുന്നില്ല. മനുഷ്യൻ സ്വാർത്ഥനാകുമ്പോഴാണ് കിട്ടണം അല്ലെങ്കിൽ എന്റേത് എന്ന അവസ്ഥയിലേക്ക് മാറുന്നത്. അപ്പോൾ “നൽകുക” എന്നതിന് അയാളുടെ ജീവിതത്തിൽ യാതൊരു പ്രസക്തിയും ഉണ്ടാകുന്നില്ല. നമ്മൾ കൊടുക്കലിലൂടെ വാങ്ങലും പ്രതീക്ഷിക്കുകയാണെങ്കിൽ അത് ഒരു വ്യാപാരമായി മാറുന്നു.
ഏതെങ്കിലും പ്രധാനപ്പെട്ട ഒരു ബന്ധത്തിൽ നിങ്ങൾ സ്വീകരിച്ചതിനേക്കാൾ കൂടുതൽ നന്മ നൽകുകയും, നിസ്വാർത്ഥ സ്നേഹവും ബഹുമാനവും കരുതലും മറ്റൊരാളോട് കാണിക്കുകയും ചെയ്യുകയാണെങ്കിൽ ഗുണങ്ങളിലൂടെ ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ അത് നമ്മെ സഹായിക്കുന്നു.
നാം ആത്മീയമായും, മാനസികമായും അവനവനിൽ ശ്രദ്ധ പുലർത്തുമ്പോൾ നമുക്കുള്ള മഹത്വം സ്വയം തിരിച്ചറിയാനും, ആന്തരികമായ സന്തോഷം, സമാധാനം, സ്നേഹം എന്നിവ കണ്ടെത്താനും കഴിയും. അപ്പോൾ നമുക്ക് ഭാരമില്ലാത്തതും, ശക്തിശാലിയുമായ അനുഭവങ്ങളാണ് ലഭിക്കുക. നമ്മുടെ ആന്തരികമായ അനുഭവങ്ങൾ തൃപ്തിയുടെ ഊർജ്ജത്തിൻ്റെ ഒരു സഞ്ചയമായതിനാൽ അത് മറ്റുള്ളവരിലേക്ക് കൂടുതൽ പ്രസരിപ്പിക്കാനാവും.
ഏതൊന്നും സ്വീകരിക്കുന്നതിനേക്കാൾ മഹത്വംനൽകുന്നതിനാണ്. നമ്മൾ മറ്റൊരാൾക്ക് ഊർജ്ജം നൽകുന്നത് അവർക്ക് ആവശ്യമുള്ളതുകൊണ്ടല്ല. മറിച്ച് കൊടുക്കുന്നത് നല്ലതാണെന്നും നൽകുന്നത് നമ്മുടെ സ്വഭാവമാണ് എന്നതിനാലുമാണ്. നാം നന്മ പ്രസരിപ്പിക്കുമ്പോൾ നമ്മുടെ ഊർജ്ജം ആദ്യം ലഭിക്കുന്നത് നമുക്കു തന്നെയാണ്. അതിലൂടെ നാം മാനസികമായി ശക്തവും, സ്വയം പര്യാപ്തവുമായി തീരുന്നു .
നമ്മുടെ പക്കലുള്ള വസ്തുക്കൾ എന്തുതന്നെയാകട്ടെ, സമയമോ, ധനമോ, ഗുണങ്ങളോ, സഹായങ്ങളോ അങ്ങനെ എന്തുതന്നെയായാലും അവ പങ്കുവെക്കുന്നതിലൂടെ നമ്മുടെ സന്തോഷം വർദ്ധിക്കുന്നു.ആന്തരികമായ സന്തോഷത്തിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. മാത്രമല്ല, അത് നമ്മുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തെ സന്തുലിതമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മാനസികമായ തൃപ്തിയും, സന്തോഷവും കടുത്ത രോഗങ്ങളെപ്പോലും മാറ്റുന്ന ഔഷധങ്ങളായി മാറുന്നു. പങ്കുവെക്കലിന്റെ സന്തോഷം തിരിച്ചറിഞ്ഞ ഒരാൾ ഒരിക്കലും തന്റെ സൽപ്രവർത്തികൾ നിർത്തുകയില്ല എന്നതാണ് സത്യം. എന്തെന്നാൽ, മാനസിക സംതൃപ്തി ഒരിക്കലും പണം കൊടുത്ത് വാങ്ങാനാവുന്നതല്ല. അതുകൊണ്ടുതന്നെ ആത്മതൃപ്തിക്കായി ചെയ്യുന്ന ഏത് കർമ്മവും സമൂഹ നന്മയ്ക്ക് ഉതകുന്നവയായി മാറുകയും ചെയ്യുന്നു. ഏതൊരു വസ്തുവും നമ്മുടെ പക്കലേക്കെത്തുന്നത് നമുക്ക് ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, അത് ആവശ്യമുള്ള മറ്റാരൊക്കെയോ നമ്മുക്കുചുറ്റും ഉള്ളതുകൊണ്ട് കൂടിയാണെന്ന് നാം എപ്പോഴും ഓർക്കണം. അപ്പോൾ മാത്രമേ പങ്കുവെക്കലിന്റെ സുഖം അനുഭവിക്കാനാവൂ . വസ്ത്രങ്ങളോ,ഭക്ഷണമോ, ധനമോ, ഊർജ്ജമോ… അങ്ങനെ പലതും ആവശ്യമുള്ള ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ പക്കലുള്ള ആത്മീയവും, ഭൗതികവുമായ എന്തും മറ്റുള്ളവർക്ക് കൂടി നൽകുന്നതിലൂടെ നമ്മൾ നമ്മുടെ ഉള്ളിലുള്ള സ്വാർത്ഥതയാണ് ഇല്ലാതാക്കുന്നത്. സ്വാർത്ഥതയിൽ നിന്നും നിസ്വാർത്ഥമായ സേവനത്തിലേക്ക് നമ്മുടെ മനോഭാവം പരിവർത്തനപ്പെടുന്നു . സ്വാർത്ഥതയിൽ നിന്നും നിസ്വാർത്ഥതയിലേക്കും, അഹന്തയിൽ നിന്നും അനുകമ്പയിലേക്കും നമ്മുടെ മനോഭാവം വഴിമാറുന്നു….
നമ്മുടെ ചിന്തകളും വികാരങ്ങളും, നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നവയാണ്. സൈക്കോ ന്യൂറോ ഇമ്മ്യൂണോളജി എന്ന ശാസ്ത്രശാഖയിലൂടെ നമ്മുടെ ചിന്തകൾ എങ്ങനെയാണ് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായും, അനുകൂലമായും ബാധിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.അതായത് നമ്മുടെ ചിന്തകളാണ് നമ്മൾ ആരോഗ്യമായി, സന്തോഷത്തോടെ, ജീവിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നർത്ഥം.
നമ്മുടെ ശരീരമാണ് ഏറ്റവും വലുതും ശക്തവുമായ ലബോറട്ടറിയും, ഫാർമസിയും എന്ന് നമ്മൾ പറയാറുണ്ട്. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഉപയോഗപ്രദമായ കെമിക്കൽസിലൂടെ നമ്മുടെ ശരീരത്തിന് സ്വയം രോഗവിമുക്തമാകാനുള്ള കഴിവുണ്ട്. എന്നാൽ നമ്മുടെ മാനസികാവസ്ഥയാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്. മാനസികമായി ഉല്ലാസം നൽകുന്ന വികാരങ്ങളായ ക്ഷമ, നന്ദി, സഹാനുഭൂതി, അനുകമ്പ എന്നിവ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനക്ഷമതയെ കൂടുതൽ ശക്തമാക്കുന്നു .എന്നാൽ ഇതിനു പകരം മാനസികമായി പിരിമുറുക്കങ്ങൾ നൽകുന്ന സ്വാർത്ഥത, വെറുപ്പ്, പ്രതികാരം, കുറ്റബോധം, ആശങ്കകൾ എന്നിവ നമ്മുടെ ശാരീരിക ക്ഷമതയെ പാടെ തകിടം മറക്കുകയാണ് ചെയ്യാറുള്ളത്.
നമ്മുടെ എല്ലാവരുടെയും പക്കൽ ഒന്നല്ലെങ്കിൽ മറ്റൊന്ന്, ചുറ്റുമുള്ളവർക്ക് നൽകാനായി ഉണ്ട് എന്ന കാര്യം മറക്കരുത്. അത് അറിവോ , സമയമോ, സേവനമോ, ആന്തരികമായ ഊർജ്ജമോ അങ്ങനെയെ ന്തുമാകാം..… ഭക്ഷണം, വസ്ത്രം എന്നിവ പങ്കുവെക്കുന്നതും, സത്യസന്ധമായ അഭിനന്ദനങ്ങൾ നൽകുന്നതും , മാനസികമായി മറ്റുള്ളവർക്ക് ആശംസകളും, ബ്ലെസ്സിങ്സും നൽകുന്നതുമെല്ലാം ഒരു ദാതാവിന്റെ ഗുണങ്ങളാണ്. നൽകുന്നതിലൂടെയും, പങ്കുവയ്ക്കുന്നതിലൂടെയും ഒരിക്കലും ഒരാളും ദരിദ്രനായിട്ടില്ല എന്ന കാര്യം എന്നും ഓർക്കുക.
നമ്മളോരോരുത്തരും എല്ലാദിവസവും സ്വയം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ട ചില വസ്തുതകളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
- നിങ്ങൾ സ്നേഹമുള്ള ഒരു ആത്മാവാണെന്നും നിങ്ങൾ നിങ്ങളുടെ ബന്ധങ്ങളുടെ സൃഷ്ടാവാണെന്നും ഓർമ്മിക്കുക.
- കുടുംബം.. സുഹൃത്തുക്കൾ… സഹപ്രവർത്തകർ… അയൽക്കാർ… സമൂഹം… എന്നിവയെ പരിപാലിക്കുന്നത് നിങ്ങളുടെ സ്വഭാവമാണെന്നും, ബന്ധങ്ങളിലൂടെ ലഭിക്കുന്ന സന്തോഷം നിങ്ങൾക്ക് പ്രധാനമാണെന്നുമുള്ള കാര്യങ്ങൾ നിങ്ങൾ ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കണം.
- ബന്ധങ്ങളിൽ ദാതാവായിരിക്കുക മാത്രമല്ല, സ്നേഹവും സ്വീകാര്യതയും നൽകുകയും നിരുപാധികമായി അവശ്യ സമയങ്ങളിൽ അവർക്കൊപ്പം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്. നിങ്ങൾ അവനവനിലുള്ള സദ്ഗുണങ്ങൾ നൽകുകയും അവർ അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ നിങ്ങളിൽ ഈ ഗുണങ്ങൾ വീണ്ടും നിറയുന്നു അതുകൊണ്ട് നിങ്ങൾക്ക് മറ്റാരിൽ നിന്നും ഈ സ്നേഹവും, സ്വീകാര്യതയും ആവശ്യമില്ലാതായി മാറുകയും നിങ്ങൾ സ്വയം പെർഫെക്ഷൻ അനുഭവിക്കുകയും ചെയ്യുന്നു..
- ആളുകൾ നിങ്ങളുടെ വഴിയെ വരണമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്.
- ബലഹീനതകളെക്കുറിച്ച് ചിന്തിക്കുകയോ, കേൾക്കുകയോ, പറയുകയോ, സംസാരിക്കുകയോ ചെയ്യാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം.
- നിങ്ങളെ സ്നേഹിക്കുകയും, പിന്തുണക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പറയുക…
- നിങ്ങളുടെ ക്ഷമയും, സഹിഷ്ണുതയും വർദ്ധിപ്പിക്കാൻ അവസരം നൽകിയതിന് നിങ്ങളോട് ശരിയായി പെരുമാറാത്ത എല്ലാവരോടും നന്ദി പറയുക.
- നിങ്ങൾക്ക് ഒന്നും ആവശ്യമില്ല. നിങ്ങളുടെ പക്കൽ ധാരാളമായി ഉള്ള ഗുണങ്ങളും ശക്തികളുംമാത്രമാണ് നിങ്ങൾ ഏവർക്കും പങ്കുവെക്കുന്നത് എന്ന് മനസ്സിൽ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കു ക. അപ്പോൾ നിങ്ങൾ സ്വയം ഭാരരഹിതമായിരിക്കുകയും ഈശ്വരനോട് വളരെ അടുത്താണെന്ന് അനുഭവം ചെയ്യുകയും ചെയ്യുന്നു.