ലേഖനങ്ങൾ

ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ

ജീവിതം വളരെ സന്തോഷകരമായി പൂർത്തിയാക്കേണ്ട ഒരു കാര്യമാണ്. ഏതു കാര്യത്തിന്റെയും  ചുമതല പൂർണമായും ഏറ്റെടുക്കുക എന്നത് നമ്മുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തുമോ എന്ന് ചിന്തിച്ച് നാം ഉത്തരവാദിത്തങ്ങളിൽ  നിന്ന് പിൻവലിഞ്ഞ് നിൽക്കാറുണ്ട്. എന്നാൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കലാണ്  നേരായ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി എന്ന് നാം ഓർക്കാറില്ല.

ചിലപ്പോൾ നിങ്ങൾ ഒറ്റക്ക് താമസിക്കുന്ന ഒരാളായിരിക്കാം. ആരുമായും ഒരു കെട്ടുപാടുകളും ഇല്ലാത്ത പ്രതിബദ്ധതകളോ, പരാധീനതകളോ  ഇല്ലാത്ത ഒരാൾ. നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഏതുവിധത്തിലും വസ്ത്രം ധരിക്കാം, എവിടേക്കും പോകാം, വരാം, ഇങ്ങനെയുള്ള ഒരാളാണ് നിങ്ങളെന്ന് കരുതൂ. ഇങ്ങനെയൊക്കെയാണെങ്കിലും  നിങ്ങളിൽ  ധാരാളം സൂക്ഷ്മമായ പ്രതിബന്ധതകളും മാനസികമായ അടിമത്തങ്ങളും നിലനിൽക്കുന്നതായി കാണാനാകും. ഉള്ളിൽ അനുഭവിക്കുന്ന ബന്ധനങ്ങൾ ഇത്തരക്കാരുടെ ചിന്തകളെ പൂർണമായും തളർത്തുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

എനിക്ക്  എല്ലാം തന്നിഷ്ടപ്രകാരം ചെയ്യാമല്ലോ,   വളരെ നല്ലൊരു വീടുണ്ട്, ബാങ്കിൽ ആവശ്യത്തിന് പണം ഉണ്ട്, എന്റെ അഭിപ്രായങ്ങൾ തുറന്ന്  പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ഞാൻ ജീവിക്കുന്നു. ഇതെല്ലാമാണോ  സ്വാതന്ത്ര്യത്തിന്റെ  അളവുകോൽ?….

മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യമു ണ്ടായിട്ടും നമ്മളെന്തുകൊണ്ടാണ് സന്തോഷവാൻമാരല്ലാത്തത്?…സ്വാതന്ത്ര്യം  അനുഭവിക്കുന്നവരെല്ലാവരും സന്തോഷവാൻമാരല്ലേ?…

വ്യത്യസ്ത രീതികളിലുള്ള ധ്യാനം അഭ്യസിക്കുമ്പോൾ, ശരീരത്തിനും ശരീരമാണെന്ന ബോധത്തിനും അപ്പുറത്തേക്ക് ശ്രദ്ധ തിരിച്ച്  കൊണ്ടുപോകുന്ന ഒരു രീതി ഉണ്ട്. നമ്മുടെ ശരീരം സമയത്തിനും കാലത്തിനും അനുസരിച്ചുള്ള  മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് നമ്മുടെ കൂടെ തന്നെയുണ്ട്. എന്നാലും ശരീരത്തിന് അതിന്റെതായ ചില പരിമിതികളുമുണ്ട്. നമ്മളെ കുഴപ്പങ്ങളിൽ ചെന്ന് ചാടിക്കുന്ന ഒരു കെണി കൂടെയാണ് നമ്മുടെ ശരീരം. നാം ഭൗതികമായ കാര്യങ്ങളിൽ നിന്നും ഉയർന്ന്,  അമാനുഷികമായ (super human experience ) അനുഭവങ്ങൾ ക്കായുള്ള   വഴികൾ തേടുന്നുണ്ടെങ്കിൽ നമ്മുടെ ബോധതലത്തിൽ നിന്നും  ശരീരത്തെ  അകറ്റി നിർത്തുന്നതാണ് നല്ലത്.

ശരീരത്തിന്റെ ആരോഗ്യത്തെ നന്നായി നിലനിർത്തുവാൻ ശ്രമിക്കണം  അല്ലാതെ സ്വന്തം ശരീരത്തിലും,  മറ്റുള്ളവരുടെ ശരീരത്തിലും കൂടുതൽ ശ്രദ്ധ  കൊടുക്കുന്നത് നല്ലതല്ല. പ്രാചീന ഋഷിവര്യൻമാർ അവരുടെ മുഴുവൻ ജീവിതവും ശരീരത്തിന്റെ ബോധത്തിൽ നിന്നും ഉപരിയായി മാറാനുള്ള പരിശ്രമം ചെയ്തിരുന്നു. അതിനു വേണ്ടിയാണ് അവർ കൂടുതൽ സമയം ധ്യാനനിരതരായി ഇരിക്കുകയും, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുകയും ചെയ്തിരുന്നത്.

നമ്മൾ ഈ ശരീരത്തിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തിലെ എല്ലാം- നമ്മുടെ പേര്, ജാതി, മതം, സാമൂഹികമായ ജീവിതം, ലിംഗം, വിദ്യാഭ്യാസം, കഴിവുകൾ,നേട്ടങ്ങൾ, ദേശീയത, നമ്മുടെ സമ്പത്ത് എന്നിങ്ങനെ പലതുമായി ബന്ധപ്പെട്ടു നിൽക്കുന്നു. എന്നാൽ ഇവയെല്ലാം വളരെ താൽക്കാലികമായ കാര്യങ്ങൾ മാത്രമാണ് താനും.

ഈ ശരീരവും, മസ്തിഷ്കവും മാത്രമല്ലാത്ത വേറെ എന്തെല്ലാമോ നമ്മളിലുണ്ട്, അതുകൊണ്ടാണല്ലോ ശരീരത്തിന് പുറമേയുള്ള ഒരു പ്രകാശ ശരീരത്തെക്കുറിച്ചും, മരണം നേർക്കുനേരെ വന്നപ്പോഴുണ്ടായ  അനുഭവങ്ങളെക്കുറിച്ചും ഇത്രയധികം ശാസ്ത്രീയപഠനങ്ങൾ നടക്കുന്നത്. ഒരു ശരീരം വൈദ്യശാസ്ത്രത്തിന്റെ  കണ്ണിൽ ചലനമറ്റാലും  എന്തോ ഒരു അസ്തിത്വം താഴെ നടക്കുന്ന കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ എല്ലാവരും  ആത്മീയത നിറഞ്ഞ    കെടാവിളക്കുകളാണ്. ചിലപ്പോൾ നമ്മൾ ഈ ചൈതന്യത്തെ ബോധം എന്ന് പറയുന്നു, ആത്മാവ്, ചേതന, റൂഹ്, പ്രാണൻ  ജീവതത്വം എന്നിങ്ങനെ പല പേരുകളിൽ വിളിക്കുകയും ചെയ്യുന്നു.

എല്ലാ മത വിശ്വാസങ്ങളിലും നമ്മുടെ രചയിതാവിനെ അറിയുക, സംസാരിക്കുക എന്നതെല്ലാമുണ്ട്. എങ്ങനെയാണ് ഒരാൾക്ക് ഈശ്വരന്റെ  അടുത്തേക്ക് പോകാനാവുക? നമുക്ക് നമ്മുടെ ശരീരവും കൊണ്ട് ഭഗവാന്റെ അടുത്തേക്ക് പോകാനാവില്ല. നമ്മൾ ഈ  ലോകത്തേക്ക് വെറുംകയ്യോടെ വരുന്നു, ഒന്നും കൊണ്ടുപോകാതെ തിരിച്ചുപോവുകയും ചെയ്യുന്നു. നമുക്കു ശേഷം നമ്മുടെ സത്ത (തത്വം) മാത്രം അവശേഷിക്കുന്നു. ആത്മാവ് ഈ ശരീരത്തിന്റെ കെണികളിൽ നിന്നും, വിവിധ ഭാവങ്ങളിൽ നിന്നും അകന്ന, സ്പഷ്ടമായ ഒരു ഊർജ്ജമാണ്.

അപ്പോൾ,നമുക്ക് സ്വതന്ത്രത അനുഭവം ചെയ്യാൻ തടസ്സമായി നിൽക്കുന്ന ആദ്യത്തെ വലിയ ചങ്ങല – വലിയ മതിൽ ഈ ശരീരം തന്നെയല്ലേ .

രണ്ടാമത്തെ കെണി,മുൻപേ പറഞ്ഞ അതിസൂക്ഷ്മമായ കാര്യങ്ങളാണ്. ഈ എല്ലാ  ബന്ധനങ്ങളുമാണ് നമ്മുടെ കർമ്മങ്ങളെയും ജീവിതഗതിയെയും  തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, നമ്മൾ ഒരു രാജകുടുംബത്തിലാണ് ജനിച്ചതെങ്കിൽ നമ്മുടെ പെരുമാറ്റം, സംസാര രീതികൾ എന്നിവ രാജകീയത  തുളുമ്പുന്നതായിരിക്കണം എന്നത് നിർബന്ധമാണ് സദാചാരപരമായതും,  സാമൂഹികമായതുമായ  ചില കടമകളും നമ്മളിൽ ജനനാൽ തന്നെ  നിക്ഷിപ്തമായിരിക്കും. ഇവയെല്ലാം നമ്മളിൽ നിന്നും പുറംലോകം പ്രതീക്ഷിക്കുകയും ചെയ്യും.  പ്രാഥമികമായ ഒരു ശരിയായ പെരുമാറ്റരീതി നമുക്ക് എപ്പോഴും ഉണ്ടായിരിക്കുകയും വേണം. എന്തും ഏതു രീതിയിലും സംസാരിക്കാനോ, അടുത്തു കാണുന്ന   ഒരു കടയിൽ കയറാനോ ഒന്നും പറ്റില്ല. എപ്പോഴും രാജകീയത കാത്തു സൂക്ഷിക്കേണ്ടി വരുന്നു. എന്നാൽ, രാജകുടുംബങ്ങളിൽ ജനിച്ച പലരും ഇത്തരം നിയമങ്ങളെയും വ്യവസ്ഥിതികളെ മറികടക്കാൻ ശ്രമിച്ച്  സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുമ്പോൾ അതിനു വളരെ വലിയ അനന്തരഫലങ്ങൾ ഉണ്ടാകാറുമുണ്ട്.

ഇനി നമുക്ക് സൂക്ഷ്മമായ, ആത്മീയമായ ബന്ധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. “അഭിപ്രായ സ്വാതന്ത്ര്യമാണ് ഒരു സമൂഹത്തിന്റെ ഉയർച്ചയുടെ അളവുകോൽ”.. എന്ന് പറയാറുണ്ട്. നമ്മൾ വളരെ പഴയതും, പരിമിതവുമായ, വിമർശനം നിറഞ്ഞ ചിന്തകളുമായി മുന്നോട്ടുപോവുകയാണെങ്കിൽ നമുക്കൊരിക്കലും മോചനം ലഭിക്കില്ല. ലോകത്തെ എല്ലാ കാര്യങ്ങളും തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായിക്കൊ ണ്ടിരിക്കുമ്പോൾ നമ്മുടെ ചിന്താ രീതികളും മാറണ്ടതല്ലേ?…

പണ്ട്, സ്ത്രീകൾക്ക് പല കാര്യങ്ങളും ചെയ്യാനാവില്ല എന്നൊരു വിശ്വാസം നിലനിന്നി രുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് പുരുഷന്മാരുടെ അസാന്നിധ്യം കൊണ്ടും, അഭാവം  കൊണ്ടും, പല സ്ത്രീകളും അതുവരെ പുരുഷന്മാർ മാത്രം ചെയ്തിരുന്ന പല മേഖലകളിലേക്കും  കടന്നു വരുകയും അതികഠിനമായ പല   ജോലികളും ചെയ്തു തുടങ്ങുകയും ചെയ്തു. അവർ  ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും  ജോലി ചെയ്യാൻ തുടങ്ങി, വലിയ  ട്രക്കുകൾ ഓടിക്കാൻ തുടങ്ങി……. ഇവിടെ നമുക്ക് കാണാനാകുന്നത്, കഴിവിൽ മാത്രമല്ല കാര്യം എന്നതാണ്. സാധ്യതകളുടെയും, കൃത്യമായ പരിശീലനങ്ങളുടെയും  കുറവു മാത്രമാണ്  അതുവരെ സ്ത്രീകളെ ഈ മേഖലകളിൽ നിന്നും ദൂരെ നിർത്തിയിരുന്നത് എന്നല്ലേ മനസ്സിലാക്കേണ്ടത് .

ലിംഗവിവേചനം ഇല്ലാതാകുകയും അനുകൂല സന്ദർഭം ലഭിക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ പുരുഷന്മാരെപ്പോലെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

ഇടുങ്ങിയ ചിന്താഗതികളിൽ സ്വയത്തെ അടച്ചുപൂട്ടി വെക്കുമ്പോൾ നമ്മുടെ മുന്നോട്ടുള്ള പുരോഗതി ഇല്ലാതാകുന്നു. ഇവിടെ  നമ്മൾ സ്വയം ചതിക്കുകയാണ് ചെയ്യുന്നത്. നമ്മൾ പുരാതനകാലത്തെ ചിന്താഗതികൾ കൊണ്ടുനടന്ന്‌  നമ്മളെത്തന്നെ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. നമ്മൾ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ചു കൊണ്ട്,  കാലാനുസൃതമായ  പുരോഗമനങ്ങളെ  ഇരു കൈകളും നീട്ടി സ്വീകരിക്കണം. ഈ തുറന്ന മനോഭാവം വ്യക്തികൾക്ക് മാത്രമല്ല സമൂഹത്തിനും ബാധകമാണ്.

നമ്മൾ സ്വയം അടിച്ചേൽപ്പിച്ചിരിക്കുന്ന  പരിമിതികളെയും, സമൂഹം അടിച്ചേൽപ്പിച്ചിട്ടുള്ള  നിയന്ത്രണങ്ങളെയും മറികടക്കേണ്ടിയി  യിരിക്കുന്നു.

“ആവശ്യമുള്ളത് നിങ്ങൾക്ക് ചോദിച്ചു വാങ്ങാനാകുമെങ്കിൽ, സ്വതന്ത്രമായി ചിന്തിക്കുകയും നിങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാനുമാ കുന്നുവെങ്കിൽ, സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല- സയൻസ് പിന്നോക്കം  പോവുകയുമില്ല”…

നമ്മുടെ അഹന്തയും പിടിവാശിയും നമ്മുടെ നല്ല ഭാഗങ്ങളെല്ലാം എടുത്തു കഴിഞ്ഞു. “ഞാൻ ചെയ്യുന്നതെല്ലാം ശരിയാണ്, മറ്റുള്ളവർ  ചെയ്യുന്നതൊന്നും ശരിയല്ല”… എന്ന മനോഭാവം നമ്മുടെ മരണക്കെണിയൊ രുക്കുന്നു. ആത്മാവിന് മരണമില്ല എന്നത് ശരിതന്നെ. എങ്കിലും പുത്തനറിവുകളിൽ  നിന്നും, ആവശ്യമായ വിവേകത്തിൽ  നിന്നും, പുതിയ പഠനങ്ങളിൽ നിന്നും, ചെറുതും വലുതുമായ എല്ലാ മാറ്റങ്ങളിൽ  നിന്നും അകന്നു നിൽക്കുന്ന അവസ്ഥ ഈ മനോഭാവത്തിലൂടെ  ഉണ്ടാകും. ശാസ്ത്രജ്ഞന്മാരെ  നോക്കൂ, അവർ എല്ലായ്പ്പോഴും അവരുടെ പഠനങ്ങൾക്ക് പുതിയ മിനുക്കുപണികൾ നടത്തുകയും,  പുത്തൻ അറിവുകൾ നേടാൻ പ്രയത്നിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ഇങ്ങനെ മാത്രമേ തങ്ങൾക്ക് പുരോഗമനം ഉണ്ടാകൂ  എന്ന് അവർക്കറിയാം.

അഹന്ത നമ്മുടെ മുന്നോട്ടുള്ള വഴിയിൽ ഇരുട്ട്  നിറക്കുകയും നമ്മളെ  ശരിയായ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

അഹന്തക്കും,  അഹംഭാവത്തിനും   അതിന്റെ തായ ചില മാനസിക നിലകളുണ്ട്. ഇതിലൂടെ നമ്മുടെ ധർമ്മബോധം- ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം തന്നെ നശിക്കുന്നു. പിന്നെയുള്ളത് നമ്മുടെ പിടിവാശികളാണ്, ആരും  പിടിവാശിക്കാരെ ഇഷ്ടപ്പെടുന്നില്ല. ഈ ബുദ്ധിശൂന്യത എപ്പോൾ വേണമെങ്കിലും പുറത്തുവരാം. പിടിവാശി ഒരു ടൈം ബോംബ്  പോലെയാണ്. എന്തിനേയും തകർക്കാം. കോപം നിറഞ്ഞ അഹന്തക്കും, പിടിവാശികൾക്കും   ധാരാളം അത്യാഹിതങ്ങൾ  ഉണ്ടാക്കാനുള്ള കഴിവുണ്ട്.

നമ്മുടെ ഉള്ളിലുള്ള ഭയങ്ങളും, സംശയങ്ങളും, ആകുലതകളും നമ്മുടെ സ്വച്ഛന്ദമായ അവസ്ഥക്ക് വളരെ വലിയ തടസ്സങ്ങളു ണ്ടാക്കുന്നു. ഭയം ക്രിയാത്മകതയെ(creativity ) തളർത്തുന്നു….

സംശയങ്ങൾ ബന്ധങ്ങളെ തകർക്കുന്നു…. പരസ്പര വിശ്വാസം  ഇല്ലാതാകുമ്പോൾ എല്ലാകാര്യങ്ങളും അകന്നുപോകുന്നു….

ആകുലതകൾ (worries) കൊണ്ട് യാതൊരു അർത്ഥവും, പ്രയോജനവുമില്ല. വ്യാകുലപ്പെടുന്നത് കൂടുതൽ ക്ഷീണവും, മാനസികപിരിമുറുക്കവും മാത്രമേ നമ്മളിൽ നിറക്കുകയുള്ളൂ. ഒരു പ്രത്യേക സാഹചര്യത്തിൽ നിങ്ങളെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. ചെയ്യാനാവാത്തവയെ അതിന്റെ വഴിക്ക് വിട്ട് നന്മകൾ ഉണ്ടാകാൻ  വേണ്ടിയുള്ള ശുഭാശംസകൾ നേരുക. അല്ലാതെ വെറുതെ worry  ചെയ്തിട്ട് ഒരു കാര്യവുമില്ല.

നമ്മൾ എപ്പോഴും കൂടുതൽ മെച്ചപ്പെടാനായി ലക്ഷ്യം വെക്കണം. സ്വപുരോഗതിക്ക് മുന്നിൽ വരുന്ന വലിയ തടസ്സങ്ങൾ, നമ്മുടെ തന്നെ പാകപ്പിഴകളും, ബലഹീനതകളും മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള കാര്യങ്ങൾ മറ്റാർക്കും അറിയില്ല പക്ഷേ നമുക്കറിയാമല്ലോ. നമ്മുടെ ഉള്ളിലുള്ള കുറ്റബോധം ശാന്തമായി പ്രവർത്തിക്കാൻ നമ്മെ അനുവദിക്കുകയില്ല.  അതുകൊണ്ട് തന്നെ നമ്മൾ എക്കാലത്തും പഴയ അപമാനങ്ങളെയും, പറ്റിപ്പോയ തെറ്റുകളെയും, കുഴപ്പങ്ങളെയും   ചുമലിലേറ്റി ജീവിക്കുന്നു. അതോടെ പുരോഗതി മന്ദഗതിയിലാകുന്നു.  അതിനാൽ കൂടുതൽ പുരോഗമനം ലക്ഷ്യമാക്കുകയും,  നിലവാരമുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് മുന്നോട്ടു കുതിക്കുകയും ചെയ്യേണ്ടത് അതിപ്രധാനമായ ഒരു കാര്യമാണ് .

ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം  നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈപ്പിടിയിൽ നിൽക്കുമ്പോൾ മാത്രമാണ്. ഇതിനു വിപരീതമായ അവസ്ഥ ഉണ്ടാകുമ്പോഴാണ് സങ്കടങ്ങളും, പരാജയങ്ങളും, വലിയ വലിയ നഷ്ടങ്ങളും ഉണ്ടാകുന്നത്. നമ്മുടെ ജീവിതം മറ്റുള്ളവർ നിയന്ത്രിക്കുമ്പോളാണ് നിരാശ കടന്നുവരുന്നത്. നമ്മുടെ ബലഹീനതകളെ കീഴടക്കുമ്പോൾ സ്നേഹം, ശാന്തി, ദയ,സഹാനുഭൂതി, പരോപകാര മന:സ്ഥിതി എന്നിവ നമ്മുടെ ജീവിത ലക്ഷ്യമാകുന്നു. സദ്ഗുണങ്ങൾ ഉള്ളയിടത്ത് ദുർ വികാരങ്ങൾക്ക് സ്ഥാനമില്ല. ദിവ്യ ഗുണങ്ങൾ ബലഹീനതകളെ ക്കാളും ശക്തിശാലികളാണ്.ദുർ  വികാരങ്ങൾക്ക് ദിവ്യ ഗുണങ്ങളുടെ  മുന്നിൽ നിലനിൽക്കാൻ സാധ്യമല്ല.

സ്നേഹം മാത്രം മതി- സ്നേഹത്തിന്റെ ശക്തിക്കു മുന്നിൽ അഹം ഭാവത്തിനും അത്യാഗ്രഹത്തിനും,  ആസക്തികൾക്കും സ്ഥാനമില്ല. കാരണം സത്യമായ, നിരുപാധികമായ   സ്നേഹം മാത്രമേ ഏതൊരാത്മാവും ആഗ്രഹിക്കുന്നുള്ളൂ.

നിങ്ങൾ എന്താണോ അങ്ങനെ തന്നെ ജീവിക്കുക. മൂടുപടങ്ങളെയും മുഖംമൂടികളെയും മാറ്റിവെക്കുക. നമ്മൾ മറ്റെന്തെങ്കിലുമൊക്കെ ആകാനോ, വേറൊരാളെ പോലെ ആയിത്തീരാനോ  ശ്രമിക്കുമ്പോൾ നമുക്ക് എപ്പോഴും ഒരു മുഖംമൂടി അണിയേണ്ടി വരും. അപ്പോൾ  നമ്മുടെ സ്വാഭാവികമായ രൂപഭാവങ്ങൾ ഇല്ലാതാകുകയും, നമ്മുടെ ഊർജ്ജം നഷ്ടപ്പെടുകയും ചെയ്യുന്നു. നമ്മുടെ സ്വത:സിദ്ധമായ രൂപഭാവങ്ങളിലല്ല നമ്മളെങ്കിൽ അകത്ത്  ഒന്നും പുറത്ത്  വേറൊന്നുമായി  ജീവിക്കുന്നത് സദാ ഒരു നുണയിൽ ജീവിക്കുന്നത് പോലെയാണ്. ആവശ്യത്തിനും, അനാവശ്യത്തിനും മറ്റാരെയോ പോലെയാകാൻ ശ്രമിക്കുന്നത് ജീവിതത്തിലെ സുന്ദരമായ അനുഭവങ്ങളെയും മനോഹാരിതയെയും നഷ്ടപ്പെടുത്തുന്നു. ഇക്കൂട്ടർ സദാ  സംശയാലുക്കളായി മാറി ചുറ്റുമുള്ള ആരെയും  വിശ്വസിക്കാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരും.

നമ്മുടെ മനസ്സിനെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചിന്തകളെയും, വികാരങ്ങളെയും, ആഗ്രഹങ്ങളെയും, ചിത്രങ്ങളെയും നമ്മൾ സദാ ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം, നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളെയും  ഇവയെല്ലാം വളരെയധികം സ്വാധീനിക്കുന്നുണ്ട്.

Advertising, marketing, social media, news channels etc.. ഇവയെല്ലാം നമ്മളെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാധീനിക്കുന്നുണ്ട് നമ്മൾ എന്താണ് ഉള്ളിലേക്ക് എടുക്കുന്നത്, എങ്ങനെയാണ് അവ   നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കുന്നത് എന്നെല്ലാം  നമ്മൾ അറിഞ്ഞിരിക്കണം.

നമ്മുടെ മനസ്സിൽ ഉയരുന്ന ഓരോ ചിന്തകളെക്കുറിച്ചും ശ്രദ്ധാലുക്കളാകുന്നത് വളരെ നല്ല ഒരു കാര്യമാണ്. വിമോചനം നമ്മുടെ മനസ്സിലാണുള്ളത്, ഞാൻ സ്വതന്ത്രനാണ്… എന്ന് ചിന്തിക്കുകയാണെങ്കിൽ ഞാൻ സ്വാതന്ത്ര്യം അനുഭവിക്കും.

ഞാൻ(trapped ) കുടുങ്ങിപ്പോയി എന്ന് ചിന്തിച്ചാൽ ജീവിതം അങ്ങനെയാകുന്നു.

എല്ലാ പരിമിതികളിൽ നിന്നും ആത്മാവിനെയും മോചിപ്പിക്കാനും, നെഗറ്റീവായ വിശ്വാസങ്ങൾക്ക് മേലേക്ക് പറക്കാനുമുള്ള സമയം വന്നുചേർന്നു കഴിഞ്ഞു.

അതീവ ശ്രദ്ധാലുക്കളായി ജീവിച്ചില്ലെങ്കിൽ  നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യമാണ്. വിലമതിക്കാനാവാത്ത ഒരു കാര്യമാണ് ഇത്. സ്വതന്ത്രമായി ചിന്തിക്കുക എന്നത്  മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം നമുടെ ഉള്ള അവകാശം കൂടിയാണ്. ഇത്ഒരു അടിസ്ഥാന അവകാശവുമാണ്. അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുയർത്തണമെങ്കിൽ   അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. ചിന്തിക്കാനും  സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ അതിനുപിന്നാലെ മറ്റെല്ലാ മൗലികാവകാശങ്ങളും പതിയെപ്പ തിയെ ഇല്ലാതാകുന്നു. നമ്മുടെ അവകാശങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവയെ തിരിച്ചുപിടിക്കൽ അസാധ്യമാണ്. അതുകൊണ്ട് അവനവന്റെ സ്വാതന്ത്ര്യവും,സ്വച്ഛതയും ഇല്ലാതാക്കുന്ന  എന്തിനെയും അകറ്റി നിർത്തുക, സദാ ജാഗ്രത പുലർത്തുക. ബന്ധനങ്ങൾ നിറഞ്ഞ ഒരു ഭാവിയെ നമ്മൾ ആരും സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇതാണ് ശരിയായ സമയം….. നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിച്ചിരിക്കുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ  സുഖത്തെ നന്നായി അനുഭവിക്കൂ, ആനന്ദിക്കൂ.

പുതിയ ലേഖനങ്ങൾ

learning-to-live-without-regret
പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം
enlarged-heart-GettyImages-91609
വിശാലമനസ്കത.
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
Scroll to Top