ശരീരമെന്ന വാഹനത്തിൽ സഞ്ചരിച്ചു പ്രപഞ്ചത്തെ ആസ്വദിക്കുന്നവരാണ് ആത്മാക്കൾ. എന്നാൽ ശരീരത്തിന്റെ അടിമയായി അടിമത്വം പേറി ജീവിക്കേണ്ട ഗതിയാണ് ഇന്ന് ജീവാത്മാക്കളിൽ കാണപ്പെടുന്നത്. ആരും അടിമത്വം ആഗ്രഹിക്കുന്നില്ല. അതിനാലാണല്ലോ അടിമത്വ വിമോചന സമരങ്ങൾ ലോകത്തിൽ എന്നും നടക്കുന്നത്. എന്നാൽ ശരീര ത്തിനോടുള്ള ഈ അടിമത്വവും നമുക്ക് അവസാനിപ്പിക്കേണ്ടേ. പ്രകൃതിയുടെ സ്വഭാവമാണ് അതുമായി ബന്ധം പുലർത്തുന്ന എന്തിനെയും അത് അടിമയാക്കുവാൻ ശ്രമിക്കും. എന്നാൽ ഈ പ്രകൃതി സ്വഭാവത്തെ തിരിച്ചറിഞ്ഞുകൊണ്ട് പ്രകൃതി നിർമ്മിതമായ ശരീരത്തിനോടു ചില നിബന്ധനകൾ വെച്ച് ആത്മാധിപത്യം നേടിയെടുക്കുവാനുള്ള സമരമാണ് ആത്മീയ ജീവിതം. അഥവാ ആത്മാവ് പ്രകൃതിയുടെ (ശരീരത്തിന്റെ) അടിമയായി തുടർന്നാൽ ശരീരത്തെ ഭോഗിച്ചു ഭോഗിച്ചു…..അവസാനം ശരീരം രോഗിയും മനസു അസംതൃപ്തവും ആയി തുടരേണ്ട ഗതിയായിരിക്കും ഉണ്ടാവുക. ശരീരം അതിന്റെ പഞ്ചേന്ദ്രിയങ്ങളുടെ രസം നുകരുവാൻ ആത്മാവിനെ പ്രേരിപ്പിക്കുന്നു. ആത്മാവ് അതിന്റെ പുറകിൽ അലയുന്പോൾ അൽപ്പം ആഹ്ലാദം ഉണ്ടാകുന്നു. പക്ഷെ നിത്യമായ ആത്മാനന്ദം കളയുന്നു. ഈ നഷ്ടമാണ് ജീവിതത്തിന്റെ വിരസതയായി പ്രകടമാകുന്നത്. ഇത് ബോധതലത്തിൽ അറിയുന്നുമില്ല. ഇതിൽ നിന്ന് എങ്ങനെ മുക്തി ലഭിക്കും? ശരീരത്തിന് യോഗീ ജീവിതചര്യയും മനസിന് ധ്യാനചര്യയും അനുവദിച്ചു നൽകിയാൽ ക്രമേണ ഈ വാസനകൾ ശാന്തമാകും. എല്ലായിടത്തും ജലം നിറഞ്ഞിരിക്കുമ്പോൾ ഒരു കുളം കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്തതു പോലെ ആത്മാവിലെ ആനന്ദം നുകർന്നവർ പിന്നീട് അൽപകാല വഞ്ചനാത്മകമായ സുഖത്തിന്റെ പുറകിൽ അലിയില്ല. ശരീരത്തിന് രണ്ടു കാര്യങ്ങൾ മാത്രമേ അറിയൂ 1നിലനിൽപ്പ്, 2 പ്രജനനം. ഈ രണ്ടു കാര്യങ്ങൾ മാത്രം ചെയ്തു ജീവിക്കുവാൻ മനുഷ്യനായി ജനിക്കണമെന്നില്ല. മനുഷ്യനേക്കാൾ ഭംഗിയായി ടെൻഷൻ ഇല്ലാതെ ഇക്കാര്യങ്ങൾ മൃഗങ്ങൾ അനുഷ്ടിക്കുന്നുണ്ട്. മനുഷ്യനായി ജനിച്ചതിനു പിറകിലുള്ള ഉദ്ദേശം മനസിലാക്കുന്നവനാണു യഥാർത്ഥ മനുഷ്യൻ. അത്തരക്കാർക്കു മാത്രമേ മനുഷ്യ ശരീരത്തിൽ മനുഷ്യനായി ജീവിക്കുവാൻ കഴിയൂ. അല്ലാത്തവർ മനുഷ്യ ശരീരത്തിൽ മൃഗമായി ജീവിക്കേണ്ടതായി വരും. മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തെ നിന്ന് ദേവത്വത്തിലേക്കുമുള്ള ക്രമാനുക്രമമായ വികാസമാണ് ആത്മീയതകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ പരിണാമം നടക്കുവാൻ കാരണക്കാരാകുന്ന മനുഷ്യരുടെ കയ്യിലായിരിക്കും ഭാവിയിലെ ലോകത്തിന്റെ കടിഞ്ഞാൺ. അതിനാൽ ഉണരൂ….ശക്തിയാർജ്ജിക്കൂ…..
ലേഖനങ്ങൾ
ധ്യാനമെന്ന ശാക്തീകരണം
No posts found