നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
വ്യക്തി തൻ്റെ പരിസരങ്ങളെ മറക്കുകയും ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ അത്യാവശ്യമുള്ള ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്നത്തോടെപ്പം മനസ്സിനും ബുദ്ധിക്കും ഉണർവും, വ്യക്തതയും പ്രദാനം ചെയ്യുന്ന നിലയ്ക്ക് ഉറക്കത്തിനുള്ള സ്ഥാനം വളരെ വലുതാണ്.
അതുപോലെ തന്നെ,നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് “എപ്പോൾ ഉറങ്ങണം, എപ്പോൾ എഴുന്നേൽക്കണം, എത്ര നേരം ഉറങ്ങണം” എന്നതിനും പ്രാധാന്യമുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവർ നേരത്തെ ഉറങ്ങുകയും, നേരത്തെ ഉണരുകയും ചെയ്യണമെന്നാണ് പറയാറുള്ളത്. എന്നാൽ ഇന്നത്തെ പുതുതലമുറ ഈ കാര്യത്തിൽ നേരെ തിരിച്ചാണ്. വൈകി ഉറങ്ങുക വൈകി എഴുന്നേൽക്കുക ഇതാണ് ഇന്നത്തെ തലമുറയുടെ രീതി.
നേരത്തെ ഉറങ്ങുന്നതിൻ്റെയും നേരത്തെ എഴുന്നേൽക്കുന്നതിൻ്റെയും ഗുണങ്ങൾ.
മാനസികമായ ഉന്മേഷവും ആന്തരിക ശക്തിയും അനുഭവിക്കുക – ആത്മീയതയുടെ ഒരു പ്രധാന വശം നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നു എന്നതാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരു നിശ്ചിത സമയത്തെ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കം മനസിന് ഉണർവും ഉന്മേഷവും ശക്തിയും നൽകുന്നു. എന്നാൽ മനസ്സിനെ ശാന്തവും ഊർജസ്വലവുമാക്കുന്നതിന് ഉറക്കത്തെപ്പോലെത്തന്നെ എപ്പോൾ ഉറങ്ങുന്നുവെന്നതും എപ്പോൾ ഉണരുന്നുവെ ന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. പ്രഭാതത്തിൽ നേരത്തെ ഉണരുമ്പോൾ ശുദ്ധവും, ശാന്തവുമായ അന്തരീക്ഷത്തിൽ നിന്ന് മനസിന് ശാന്തിയും, ശക്തിയും അനുഭവിക്കുവാൻ സാധിക്കുന്നു. ഇത് മനസ്സിന് ഉയർച്ചയും, ഊർജ്ജവും നൽകുന്നതോടൊപ്പം ദിവസം മുഴുവൻ കർമ്മക്ഷേത്രത്തിൽ ഉന്മേഷത്തോടെയും ശക്തിശാലിയായി ജോലി ചെയ്യുവാൻ സഹായിക്കുന്നു . എന്നാൽ ഇപ്പോഴത്തെ പുതുതലമുറ ഈ പ്രകൃതി നിയമത്തെ ലംഘിക്കുന്നതിനാൽ ദിവസം മുഴുവൻ മാനസിക സംഘർഷത്താൽ ചിന്താശക്തി കുറയുകയും അക്കാരണത്താൽ ദേഷ്യവും ക്ഷീണവും അനുഭവിക്കുകയുമാണ് ചെയ്യുന്നത്.ആധുനിക മനുഷ്യന്റെ മാനസികാവസ്ഥ താളം തെറ്റുന്നു എന്ന് മാത്രമല്ല മാത്രമല്ല, അത് കാരണം അവർ എളുപ്പത്തിൽ ക്ഷോഭിക്കുകയും, അവരുടെ മനസ്സ് ക്ഷീണിക്കുകയും കൂടി ചെയ്യുന്നു.
മനസ്സുകൊണ്ട് ഈശ്വരനുമായി സംസാരിക്കുക –
രാവിലെ മുതൽ രാത്രി വരെ നമുക്ക് ചെയ്യാനുള്ള ശാരീരികവും മാനസികവുമായ ജോലികൾ അവസാനിപ്പിച്ച് രാത്രി ഉറങ്ങുന്നതിനുമുൻപ് ആ ദിവസത്തെ ചിന്തകളും പ്രവൃത്തികളും മനസ്സിലെ ഭാരങ്ങളും ഈശ്വരനു മുന്നിൽ ഇറക്കി വെച്ച് നേരത്തെ ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിന് സമാധാനവും സ്ഥിരതയും ലഭിക്കുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യുന്നു. അങ്ങനെ ഉറങ്ങുന്ന ഒരാൾ നേരത്തെ ഉണർന്ന് ഈശ്വര സ്മരണയോടെ ദിവസം ആരംഭിക്കുമ്പോൾ അയാളുടെ ചിന്തയിൽ ആത്മീയമായ പ്രകാശവും ശക്തിയും നിറയും. ആ ദിവസത്തിലെ അയാളുടെ എല്ലാ കാര്യങ്ങളിലും വിജയം സുനിശ്ചിതമായിരിക്കും .
പ്രഭാതത്തിലെ ശുദ്ധമായ സ്പന്ദനങ്ങൾ അനുഭവിക്കുക – അതിരാവിലെ പ്രകൃതി തന്റെ പുതുമയുള്ളതും, ശാന്തവും, ശുദ്ധിയും നിറഞ്ഞ അവസ്ഥയിലായിരിക്കും ഉണ്ടാവുക.അത്തരമൊരു സമയത്ത്, ഒരു നല്ല ഉറക്കത്തിന് ശേഷം ശുദ്ധമായ മനസിക ബോധത്തോടെ നേരത്തെ എഴുന്നേറ്റ് ആ നിശബ്ദമായ ചുറ്റുപാടിലേക്ക് ശ്രദ്ധിക്കുമ്പോൾ ആ നിശബ്ദതയിൽ ഓരോ വ്യക്തിയും ശാന്തിയും ശുദ്ധിയും അനുഭവിക്കുകയും അത് അയാളെ ഉയർന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ശാരീരിക ആരോഗ്യവും ബുദ്ധിശക്തിയും അനുഭവിക്കുക – നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ശരിയായ സമയത്ത് ഉറങ്ങുകയും ചെയ്യുന്ന ശീലം പിന്തുടരുന്ന ആളുകൾ മികച്ച ശാരീരിക ആരോഗ്യമുള്ളവരും എല്ലാ ശാരീരികമായ ശരീര വ്യവസ്ഥകളുടെയും മികച്ച പ്രവർത്തനങ്ങളും അനുഭവിച്ചറിയുന്നവരുമായിരിക്കും. കൂടാതെ, അവർ മെച്ചപ്പെട്ട ബുദ്ധിശക്തിയുള്ളവരും, അവരുടെ മനസ്സും ശരീരവും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയ പ്രാപ്തി കൈവരിക്കുകയും ചെയ്യുന്നു.
സ്വപ്നങ്ങളില്ലാത്ത ശാന്തമായ ഉറക്കം.– നമ്മുടെ ചിന്തകൾ എത്രത്തോളം സമാധാനപരമാണ് എന്നത് ആത്മീയതയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സ്വപ്നങ്ങളൊന്നുമില്ലാതെ നല്ല ഗുണനിലവാരമുള്ള ഉറക്കത്തെ സമാധാനപരമായ ഉറക്കം എന്ന് വിളിക്കുന്നു. ഒരു വ്യക്തി പ്രഭാതം മുതൽ സന്ധ്യ വരെ പല ജോലികളും ചെയ്ത് എല്ലാ മാനസിക ഭാരങ്ങളും ഈശ്വരനിൽ സമർച്ചിച്ചതിനു ശേഷം നേരത്തെ ഉറങ്ങാൻ കിടക്കുമ്പോൾ അയാളുടെ മനസ്സ് ശാന്തവും, ഭാരരഹിതമാകുകയും ചെയ്യുന്നു. അങ്ങനെയുള്ള അവസ്ഥയിൽ അയാൾക്ക് സ്വപ്നങ്ങളില്ലാതെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു. വൈകി ഉറങ്ങുന്നത് മനസ്സിനെയും ശരീരത്തേയും അസ്വസ്ഥമാക്കുകയും, മനസ്സിൻ്റെ ശാന്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉറക്കത്തിൽ കൂടുതൽ സ്വപ്നങ്ങൾ ഉണ്ടാകുന്നത്, നെഗറ്റീവ് ചിന്തകളും, പാഴ് ചിന്തകളും ദിവസത്തിൽ വളരെ സാധാരണമാണ്.
നേരത്തെ ഉറങ്ങുന്നത് നേരത്തെ എഴുന്നേൽക്കാനുള്ള ഒരു പ്രചോദനം കൂടിയാണ്. വിദ്യാത്ഥികൾ നേരത്തെ ഉറങ്ങി ബ്രാഹ്മ മുഹുർത്തത്തിൽ എഴുന്നേറ്റ് ശാന്തവും ശുദ്ധവുമായ മനസ്സോടുകൂടി പഠിക്കുമ്പോൾ അത് ബുദ്ധിയിലേക്ക് വേഗത്തിൽ പതിയുന്നു. ഒരിക്കലും പഠിച്ച പാഠങ്ങൾ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല. അതിരാവിലെ എഴുന്നേൽക്കുന്നത് കാര്യക്ഷമമായി പ്രവർത്തിക്കുവാനും, താൻ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനും വിദ്യാർത്ഥികളെ സഹായിക്കുന്നു.
ഒരു മനുഷ്യന്റെ ശാരീരികമായ അവസ്ഥകളെ പരിപൂർണ്ണമായി നിയന്ത്രിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് ഉറക്കം. ഒരാൾ എത്ര സമയം ഉറങ്ങുന്നു എന്ന് മാത്രമല്ല ഏത് രീതിയിൽ ഉറങ്ങുന്നുവെന്നും ഏത് അവസ്ഥയിൽ ഉണരുന്നു എന്നതും പ്രധാനമാണ്.രാത്രി 10 മണിക്ക് ശേഷവും, അതികാലത്ത് 2:00 മണിക്ക് ഉള്ളിലുമുള്ള സമയമാണ് ഉറക്കത്തിന് ഏറ്റവും ഉത്തമം. ഈ സമയത്തുള്ള ഉറക്കത്തിലൂടെ ശരീരം അതിനാവശ്യമായ ഊർജ്ജവും, സാന്ത്വനവും, ശുശ്രൂഷയും നൽകുന്നു.അതിലൂടെ നമുക്ക് മെച്ചപ്പെട്ട മാനസികവും ശാരീരികവുമായ ആരോഗ്യവും കൈവരിക്കാനാകുന്നു.
നേരത്തെ എഴുന്നേൽക്കണമെങ്കിൽ നേരത്തെ ഉറങ്ങണം എന്നത് വളരെ പ്രധാനമാണെന്ന് പറഞ്ഞുവല്ലോ. കൃത്യമായ ഒരു ദിനചര്യ നേരത്തെയുള്ള ഉറക്കത്തിന് ആക്കം കൂട്ടുന്നു.വ്യായാമങ്ങൾ, സന്ധ്യാസമയത്തുള്ള ധ്യാനം, നേരത്തെയുള്ള അത്താഴം, ഉറങ്ങുന്നതിനു മുൻപ് കുറച്ചുനേരം ആത്മീയ പഠനങ്ങളിൽ ഏർപ്പെടുക എന്നതും വളരെ പ്രധാനമാണ്.ഉറങ്ങുന്നതിന് തൊട്ടുമുമ്പായി ധ്യാനത്തിൽ ഏർപ്പെടുന്നതും, ചില അഫർമേഷനുകൾ ഉപയോഗിക്കുന്നതും ശാന്തമായ ഉറക്കത്തിന് സഹായിക്കുന്നു. ഇവയ്ക്കെല്ലാം നമ്മുടെ ഉപബോധ മനസ്സിനെ ശാന്തമാക്കുവാനും, ഊർജ്ജമാക്കുവാനും പിറ്റേന്ന് രാവിലെ ഉന്മേഷത്തോടെ ഉണർന്നെഴുന്നേൽക്കുവാനും സഹായിക്കാനുള്ള കഴിവുണ്ട്.
അതിരാവിലെ അഥവാ ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന ഒരാൾക്ക് പ്രകൃതിയിലെ വളരെ ഉയർന്ന വൈബ്രേഷനുകളെ അനുഭവിച്ചറിയാൻ കഴിയുന്നു. അതുകൊണ്ടാണ് ആത്മീയ കാര്യങ്ങളിൽ തല്പരരായവർ ഈ സമയം ധ്യാനത്തിനായി മാറ്റിവയ്ക്കുന്നത്. അതിരാവിലെ എഴുന്നേൽക്കുകയും, അല്പസമയം ധ്യാനം, വ്യായാമം എന്നിവയിൽ ഏർപ്പെടുകയും ആത്മീയ പഠനങ്ങളിൽ താല്പര്യമായിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ വ്യക്തിക്ക് പോലും നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നതിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചറിയാൻ കഴിയുന്നതാണ്.