ജീവിതം ഒരു കലോത്സവം ആക്കിത്തീര്‍ക്കണമെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും നമ്മള്‍ ഓരോ കലയാക്കി മാറ്റിയിരിക്കണം. നാം ഓരോരുത്തരും ജീവിതകലകളില്‍ നൈപുണ്യവും വൈദഗ്ധ്യവും ഉള്ളവരുമായിരിക്കണം. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ കലയാണ് മിത്രസമ്പാദനവും മിത്രതാപാലനവും.
നമ്മള്‍ ചുറ്റുമുള്ള എല്ലാവരോടും സൗഹൃദത്തിലായിരിക്കണം. ഒരു മഹത് വചനം പോലെ ”ശത്രുവിനെ പോലും മിത്രമാക്കി മാറ്റാനുള്ള കഴിവ് ഒരാള്‍ക്ക് ഉണ്ടായിരിക്കണം.” അനായാസകരമായ, സുന്ദരമായ ജീവിതത്തിനു ഏറ്റവും അത്യാവശ്യമാണ് എല്ലാവരോടുമായിട്ടുള്ള മിത്രത. പക്ഷേ നമ്മുടേതായ പല ബലഹീനതകള്‍, അനാവശ്യമായ വികാരങ്ങള്‍ എന്നിവ കാരണം സ്വന്തം കുടുംബാംഗങ്ങളെ പോലും ശത്രുക്കളാക്കുന്ന അവസ്ഥയാണ് ഇന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബന്ധങ്ങളില്‍പോലും വിള്ളലുണ്ടാകാനുള്ള കാരണം നമ്മളോരോരുത്തരുടെയും പെരുമാറ്റമോ ചിന്താഗതികളോ തന്നെയാണ്. പക്ഷേ ഇവിടെ മനസ്സിലാക്കേണ്ടതായിട്ടുള്ള ഒരു പ്രധാന കാര്യം ഈ അകല്‍ച്ചയും വിള്ളലുകളും നമ്മളോരോരുത്തരുടെയും മനസ്സിനെയും ഹൃദയത്തെയുമാണ് ബാധിക്കുന്നത് എന്ന വസ്തുതയാണ്.
നമ്മുടെ തന്നെ വീടുകളായാലും കര്‍മ്മമേഖലയായാലും നാമോരോരുത്തരും മറ്റുള്ളവരോട് നന്നായി ഇടപഴകി ഐക്യത്തോടെ ജീവിക്കുകയാണെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ അയല്‍ക്കാരോടും മിത്രതാ മനോഭാവം വച്ചുപുലര്‍ത്തിയാല്‍ മാത്രമേ ജീവിതം സുഖകരമാകുകയുള്ളൂ. നമ്മോട് അടുപ്പമുള്ള ഓരോരുത്തരോടും ജീവിതത്തില്‍ സൗഹൃദഭാവം ഊട്ടിയുറപ്പിക്കണം. ഈ ഒരു കല സ്വായത്തമാക്കണമെങ്കില്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്ലാവരോടുമുള്ള ശുദ്ധമായ സ്‌നേഹം. ആ സ്‌നേഹം നിരുപാധികമായിരിക്കണം. ഇങ്ങനെയുള്ള സൗഹൃദം അനശ്വരമായിരിക്കും. സ്വാര്‍ത്ഥമായ സ്‌നേഹം/സൗഹൃദം ഒരിക്കലും വിജയകരവും ആനന്ദദായകവും ആയിരിക്കില്ല.
ഓരോരുത്തരേയും നമ്മളുമായി ബന്ധിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാനും ഉള്ള കഴിവ് ഇത്തരത്തിലുള്ള സ്‌നേഹത്തില്‍ നിക്ഷിപ്തമാണ്. നമ്മുടെ കുടുംബാംഗങ്ങളോടായാലും അയല്‍ക്കാരാടോയാലും സഹപ്രവര്‍ത്തകരോടായാലും സ്‌നേഹം ആത്മാര്‍ത്ഥവും സ്വതന്ത്രവുമാണോ എന്ന വസ്തുത, നമ്മുടെ സ്‌നേഹം ഒരിക്കലും മറ്റുള്ളവര്‍ക്ക് ബന്ധനമായി തീരരുത് എന്നതാണ്. നമ്മുടെ സ്വാര്‍ത്ഥത കൊണ്ടായിരിക്കാം നാം പലപ്പോഴും നിയന്ത്രിക്കുന്നത്.
നമ്മുടെ അമിതസ്‌നേഹവും അതിനുള്ള ഒരു കാരണമായേക്കാം. പക്ഷേ ഇന്നത്തെ പല കുടുംബബന്ധങ്ങളുടെയും തകര്‍ച്ചക്ക് കാരണം ഈ സ്വാര്‍ത്ഥതയും അമിതസ്‌നേഹവും ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ അവസ്ഥ തീര്‍ത്തും മോശമായിത്തീരുന്ന കാഴ്ചയാണിന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ശുദ്ധവും സ്പഷ്ടവും നിര്‍മ്മലവുമായ സ്‌നേഹ, സൗഹൃദ ബന്ധങ്ങളാണെങ്കില്‍ നമ്മള്‍ ചങ്ങലകളാല്‍ മറ്റുള്ളവരെ ബന്ധിക്കാനോ കടിഞ്ഞാണിടാനോ പോവില്ല. അതുകൊണ്ട് എല്ലാവര്‍ക്കും നല്ലതിനുവേണ്ടി, നമ്മുടെ ചുറ്റുപാടില്‍ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.
ഈ കല സ്വായത്തമാക്കുന്നതിനുവേണ്ടി, സംയമനവും ദീര്‍ഘവീക്ഷണവും ഉള്ള ഒരു ചിന്താഗതി നമുക്ക് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാം. അങ്ങനെ ലോകം മുഴുവന്‍ സ്‌നേഹവും സമാധാനവും പ്രസരിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.