പുറംമോടികളിൽ ഭ്രമിക്കാതെ വിനയം എന്ന മഹാഗുണത്തെ അനുഭവിച്ചറിയുക.
പുറംമോടികളിൽ ഭ്രമിച്ചു നിൽക്കുന്ന ഇന്നത്തെ ലോകത്ത് നമ്മുടെ നേട്ടങ്ങൾ, നാം വാങ്ങിക്കുന്ന വസ്തുക്കൾ , സ്ഥാനമാനങ്ങൾ എന്നിവയിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്വഭാവമാണ് നമുക്കുള്ളത് . നേട്ടങ്ങൾ ആഘോഷിക്കാനും, സ്വയം പ്രശംസിക്കാനും, ആളുകളുടെ പ്രശംസ നേടാനുമാണ് നാം ഇഷ്ടപ്പെടുന്നത്. ആഡംബരങ്ങളും,ഉയർന്ന പദവികളും സ്വന്തമാക്കുന്നത് നേട്ടങ്ങൾ തന്നെയാണ്.എന്നാൽ അവയോടുള്ള അതിരുകടന്ന ഭ്രമം നമ്മെ മറ്റൊരു വഴിയിലേക്കാണ് നയിക്കുന്നത് എന്ന് മനസ്സിലാക്കണം. അതിരുവിട്ട പൊങ്ങച്ചം പരാജിതരുടെ മാത്രം ഭാഷയാണ് . വിനയമാണ് സമത്വത്തിന്റെയും, എളിമയുടെയും മുഖമുദ്ര.
താങ്കൾ സദാ എളിമയോടെയിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളായിരിക്കാം, എന്നാൽ താങ്കളിലെ ഈ ഗുണം എങ്ങനെ ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കാനാവും എന്നാണ് ആദ്യം നോക്കേണ്ടത്.
വിനയമെന്ന മഹാഗുണത്തെ ശക്തമാക്കുന്നതിനുള്ള ആദ്യ ചുവട് ചുറ്റുപാടുമുള്ള അല്ലെങ്കിൽ, നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആളുകൾ, മൃഗങ്ങൾ, സസ്യങ്ങൾ, വസ്തുക്കൾ എന്നിവയെ ആദരിക്കുന്നതിലൂടെ തുടങ്ങാം . ഒന്നും മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതല്ലെന്ന് അംഗീകരിക്കുക. എല്ലാത്തിനും തുല്യമായ നന്ദിയും, പരിചരണവും നൽകുക . നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാ വിഭവങ്ങൾക്കും അർഹമായ പ്രധാന്യം നൽകി അവയെ മൂല്യവത്താക്കുക. ജലം, വൈദ്യുതി, പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയ എന്താണെങ്കിലും മിതമായി ഉപയോഗിക്കുന്ന ശീലം മിതത്വം എന്ന ഗുണം നിങ്ങളിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആവശ്യങ്ങളും, ആഗ്രഹങ്ങളും വേർതിരിച്ച് മനസ്സിലാക്കുന്നത് ആവശ്യങ്ങൾ നിറവേറ്റി സുഖമായി ജീവിക്കാൻ സഹായിക്കുകയും . അതിലൂടെ തന്നെ അവസാനിക്കാത്ത ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും നിയന്ത്രണം വരുത്താൻ നമുക്ക് കഴിയുകയും ചെയ്യുന്നു .
വിനയം എന്ന ഗുണം സ്വായത്തമാക്കുന്നതിലൂടെ വിജയത്തെ ഇല്ലാതാക്കേണ്ടി വരികയും, സുഖസൗകര്യങ്ങളെ ത്യജിക്കേണ്ടി വരികയുമൊന്നും വേണ്ട, നിങ്ങളുടെ കഴിവുകളെയും വിജയങ്ങളെയും സ്വയം അംഗീകരിക്കുക, ആത്മവിശ്വാസമുള്ളവരാ യിരിക്കുക. എന്നാൽ സ്വന്തം വിജയങ്ങളെയും , നേട്ടങ്ങളെയും സോഷ്യൽ മീഡിയയിലൂടെയും മറ്റും അമിതമായി പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാളുപരി ദോഷം മാത്രമേ ചെയ്യൂ എന്ന് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.
എളിമ നിറഞ്ഞ ജീവിതമെന്നത് ഒറ്റനോട്ടത്തിൽ അത്ര ആകർഷണീയമായി തോന്നില്ല. സദാ വിനീതനായി കാണപ്പെടുന്ന ഒരു വ്യക്തി ശക്തിഹീനനാണെന്ന് ധരിക്കുകയുമരുത്. എന്തെന്നാൽ വിനയമെന്ന ഭാവം സദ്ഗുണങ്ങളുടെ കൂട്ടത്തിൽ അതിപ്രധാന്യമർഹിക്കുന്ന ഒന്നാണ്.
എളിമ ഒരു മനോഭാവമാണ്. ആത്മീയ ഉന്നതിയുടെ ആദ്യ ചവിട്ടുപടിയായി വിനയത്തെ കാണാവുന്നതാണ്. പുരാണേതിഹാസങ്ങളിലും, ആത്മീയഗ്രന്ഥങ്ങളിലും വിനയമെന്ന ഒരൊറ്റ ഗുണത്തെ മുറുകെപ്പിടിച്ചു കൊണ്ട് അസാധ്യമായ പലതിനെയും മറികടന്ന ധാരാളം മഹദ് വ്യക്തികളെ നമുക്കറിയാവുന്നതാണ്.ആത്മീയമായ ഉന്നതി നേടാനും, ജയപരാജയങ്ങളെ ഒരേ ദൃഷ്ടി കോണിലൂടെ നോക്കിക്കാണാനും ഈ ഗുണം നമ്മെ സഹായിക്കുന്നു. ശാന്തമായ ഒരു മാനസികാവസ്ഥ നമ്മുടെ ആന്തരികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്.
വിനയം എന്ന ഒരൊറ്റ ഗുണത്തിൽ മറ്റനേകം ശക്തമായ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.സത്യസന്ധത, സഹാനുഭൂതി, പരസ്പരമുള്ള അംഗീകാരം, സഹായ മനസ്കത, ആത്മവിശ്വാസം എന്നിവ അവയിൽ ചിലതാണ്.
ഒരു പെരുമാറ്റരീതി എന്ന കാഴ്ചപ്പാടിലൂടെ ഈ ഗുണത്തെ കാണുകയാണെങ്കിൽ,അഹങ്കാരം, പൊങ്ങച്ചം എന്നിവയുടെ വിപരീത മാർഗത്തിലാണ് വിനയത്തിന്റെ സ്ഥാനമെന്ന് കാണാനാവും .
വിനീതനായ ഒരു വ്യക്തി സ്വന്തം തെറ്റുകളെ തിരുത്താനും, മറ്റുള്ളവരിൽ നിന്നും പഠിക്കാനും സന്നദ്ധനാകുന്നു.അതുകൊണ്ടുതന്നെ വസ്തുതകളെ വ്യത്യസ്തമായ ദൃഷ്ടികോണുകളിലൂടെ കാണാനുള്ള കഴിവ് അയാളിൽ വർദ്ധിക്കുകയും തനിക്ക് ശരി എന്നത് കൃത്യമായി തിരഞ്ഞെടുക്കാനുള്ള ശക്തി അയാളിൽ വർദ്ധിക്കുകയും ചെയ്യുന്നു. വിനീതരായ വ്യക്തികൾ തന്റെ ഉന്നതിക്കായി പരിശ്രമിക്കുകയും, വളരെ നല്ല രീതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നവരാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല,സകാരാത്മകമായ വികാരങ്ങൾ ഇവരിൽ വർദ്ധിച്ച രീതിയിൽ കാണാറുമുണ്ട്. ഇതിന്റെ ഫലമായി അവർ ജീവിതത്തിലെ ഏറിയ പങ്കും വളരെ ശാന്തമായി നയിക്കുന്നു .
നേതാക്കളിലെ എളിമ എന്ന ഗുണം അവരിലെ ശാന്തപ്രകൃതം,സത്യസന്ധത, പുരോഗമനചിന്താഗതി എന്നിവ വർദ്ധിപ്പിക്കുന്നു. തനിക്ക് ആവശ്യമുള്ളവയിൽ ഏറ്റവും മികച്ചതിനെ കണ്ടെത്തുകയും, തന്റെ സംബന്ധ സമ്പർക്കങ്ങളിലും, ഇടപഴകലുകളിലും എപ്പോഴും വിനയമുള്ളവരായി മാറുകയും ചെയ്ത് ലോകത്തിനു മുഴുവൻ മാതൃകയായി മാറിയ അനേകം മഹത് വ്യക്തികളെ നമുക്കറിയാം. ഗാന്ധിജി, നെൽസൺ മണ്ടേല, മദർ തെരേസ എന്നിവർ ഇവരിൽ പ്രമുഖരാണ്. അസാമാന്യ ധൈര്യത്തോടെ ശാന്തമായി നിലകൊണ്ടു കൊണ്ട്, എതിരാളികളെ വിനീതമായി നേരിട്ടുകൊണ്ട് മറ്റുള്ളവർക്കായി തങ്ങളുടെ സമയവും, ഊർജ്ജവും ചിലവഴിച്ചവരാണ് ഇവരെല്ലാം.സംശുദ്ധമായ മനസ്സും, സത്യസന്ധമായ പ്രവർത്തികളും പുറംമോടി കളെക്കാളേറെ മനസ്സിന് സംതൃപ്തി നൽകുന്നവയാണെന്ന് ഇവർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്കു മുന്നിൽ തെളിയിച്ചു തന്നു. എന്നാലിന്ന്, ലോക ജനതയിൽ ഭൂരിഭാഗവും വിനയം എന്ന ഈ ഗുണത്തെ പാടെ മറക്കുകയും പുറംമോടികളുടെ പിന്നാലെ പായുകയും ചെയ്യുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. തനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും, വിജയങ്ങളും പ്രപഞ്ചനാഥനായ ഈശ്വരനിൽ അർപ്പിക്കുയും, സ്വന്തം ശക്തികളും ബലഹീനതകളും തിരിച്ചറിയുകയും ആവശ്യമായവ തിരുത്താനുള്ള ശക്തി നേടാനുള്ള വഴികൾ സ്വീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് സദ്ഗുണങ്ങൾ സ്വായത്തമാക്കാനുള്ള ഏക മാർഗം.