കോപത്തെ മറികടക്കുക
എന്താണ് കോപം അഥവാ ദേഷ്യം?
“മറ്റൊരാൾ ചെയ്ത തെറ്റിന് നമ്മൾ നമുക്കുതന്നെ നൽകുന്ന ശിക്ഷയാണ് കോപം”
ബുദ്ധവചനം.
എല്ലാ ആളുകളും അനുഭവിക്കുന്ന ഒരു അടിസ്ഥാന വികാരമാണ് കോപം അഥവാ ദേഷ്യം. അനാവശ്യമായ ദേഷ്യപ്പെടലുകൾക്ക് കാരണം നമ്മുടെ ഈഗോ അഥവാ ഞാനെന്ന ഭാവമാണ്.ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെയും തോൽവികളെയും നമ്മുടെ മനസ്സ് ഉൾക്കൊണ്ടില്ലെങ്കിൽ അത് അമിതമായ ദേഷ്യത്തിന് കാരണമാകുന്നു. നാം സ്വന്തം കുറ്റങ്ങൾ ഒളിച്ചു വെക്കാൻ ശ്രമിക്കുമ്പോഴും അത് അമിതമായ ദേഷ്യമായി പുറമേക്ക് പ്രകടമാകാറുണ്ട് . മറ്റുള്ളവർ പറയുന്ന ആശയങ്ങളോട് യോജിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് ദേഷ്യം വരാം.
കുടുംബങ്ങളിൽ കാണുന്ന ദേഷ്യം നിറഞ്ഞ അസ്വാരസ്യങ്ങൾക്ക് കാരണം , നമ്മുടെ സംസാരങ്ങൾക്കിടയിലെ അനാവശ്യമായ വാക്കുകളാണ്. അത് ക്രമേണ ഒരു വൻ വൈരാഗ്യത്തിലേക്കും നമ്മെ നയിച്ചേക്കാം . അതുപോലെ നമ്മുടെ ദീർഘകാല വീക്ഷണങ്ങളെ എതിർക്കുകയോ, വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് നമ്മെ തടയുന്ന തടസ്സങ്ങൾ നേരിടേണ്ടി വരുമ്പോഴോ ഉണ്ടാകുന്ന അസുഖകരമായ ഒരു വികാരമായും ദേഷ്യം നമുക്കുമുന്നിലെത്താറുണ്ട് .
“ ഒരു വ്യക്തി തന്റെ ആഗ്രഹം നടക്കാതെ വരുമ്പോൾ കോപിഷ്ടനാകുന്നു”
ഭഗവത്ഗീത.
ആഗ്രഹം നടക്കുകയാണെങ്കിൽ അയാൾക്ക് ഒരിക്കലും കോപിഷ്ഠനാകേണ്ട ആവശ്യമില്ല. ആഗ്രഹങ്ങൾ നടക്കാതെ വരികയും, കോപിഷ്ഠനാകുകയും ചെയ്യുമ്പോൾ അയാൾ അയാളല്ലാതായി മാറുന്നു. അപ്പോൾ കോപത്തിനുകാരണം ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങൾക്ക് ഭംഗം വന്ന് ക്രുദ്ധനാവുമ്പോൾ അയാളിൽ കൂടുതൽ മോഹങ്ങൾ ജനിക്കുകയാണ്.
എല്ലാം കയ്യടക്കണമെന്നമോഹം…. . ആ മോഹങ്ങൾ മൂലം അയാളുടെ വിവേകം നശിക്കുന്നു. അതോടെ അയാൾ അവിവേകിയായി മാറുന്നു….
അവിവേകത്തിൽ നിന്നും അയാളുടെ ഓർമ്മശക്തി നഷ്ടമാകുന്നു, ഓർമ്മശക്തി ഇല്ലാതാവുമ്പോൾ ബുദ്ധിശക്തിയും കെട്ടുപോകുന്നു.. ബുദ്ധിശക്തി ചോർന്നുപോയ ഒരു മനുഷ്യൻ സ്വന്തം നാശമാണ് വിളിച്ചു വരുത്തുന്നത്.
മോക്ഷപാതയിലെ ഒരു പ്രധാന തടസ്സമാണ് കോപം. ഒരാൾ തൻ്റെ മോഹങ്ങളെയെല്ലാം നിയന്ത്രിക്കുകയാണെയിൽ ആർക്കും ആരോടും കോപിക്കേണ്ട കാര്യമേയില്ല. അതുകൊണ്ടാണ് ആഗ്രഹങ്ങളെ ത്യജിക്കണമെന്ന് പറയുന്നത്.
“കോപിഷ്ഠനായ ഒരാൾ തൻ്റെ കർമ്മഫലത്തെ കൂട്ടുകയാണ് ചെയ്യുന്നത്. ഏതൊരുവനാണോ തൻ്റെ കോപത്തെ നിയന്ത്രിച്ച് മോഹങ്ങളിൽ നിന്നും വിമുക്തനാവുന്നത് അവൻ മോക്ഷപ്രാപ്തനാവുന്നു. താൻ ജീവിക്കുന്നത് ഒരു മായാലോകത്തിലാണെന്നും തന്നെ ഈ ലോകത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നത് തൻ്റെ മോഹങ്ങളാണെന്നും മനസ്സിലാക്കി മായയുടെ ആവരണം ഭേദിച്ച് പുറത്തുകടന്നാൽ മാത്രമെ അവന് മോക്ഷ പ്രാപ്തി ലഭിക്കുകയുള്ളു.”
ഏതൊരുവൻ ഭഗവാനെ തൻ്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നടത്തുന്നുവോ അവൻ മോഹങ്ങളെയെല്ലാം നിയന്ത്രിച്ച് കോപത്തിൽ നിന്നും മോചനം നേടി ആത്മസാക്ഷാത്കാരം കൈവരിക്കുന്നു.
ദേഷ്യവും ശാരീരികാ രോഗ്യവും.
ദേഷ്യപ്പെടുന്ന സമയത്ത് ടോക്സിക് ആയ രാസവസ്തുക്കളും സ്ട്രസ് ഹോർമോണുകളും പെട്ടെന്നുതന്നെ നമ്മുടെ രക്തത്തിലേക്ക് വന്നു ചേരുന്നു. സ്ട്രസ് ഹോർമോണുകളുടെ പ്രത്യേകത ശരീരത്തിനകത്ത് ഒരു എമർജൻസി സിറ്റുവേഷൻ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ഇത്തരത്തിൽ രക്തത്തിൽ സ്ട്രസ് ഹോർമോണുകൾ releaseചെയ്യുന്നവർക്ക് ക്രമേണ ഹൃദയത്തിൻ്റെ പ്രവർത്തനത്തിൽ താളക്രമങ്ങൾ ഉണ്ടാകാനിടയുണ്ട് . നിരന്തരമായ ഇത്തരം വ്യതിയാനങ്ങൾ ശരീരത്തെ ദോഷകരമായി ബാധിക്കുകയും രക്തസമ്മർദ്ദം, പ്രമേഹം, വിഷാദം, ഉറക്കമില്ലായ്മ, ക്യാൻസർ, നിഷേധാത്മകചിന്തകൾ മൂലമുണ്ടാകുന്ന ഗുരുതരമായ മാനസിക രോഗങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.കൂടാതെ ഇവ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാക്കുകയും, സ്ട്രോക്കുണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. ഇതോടെ രോഗ പ്രതിരോധശേഷി കുറഞ്ഞുവരുന്നു. മാത്രമല്ല , അവരുടെ മനസ്സിൽ സമാധാനം, സ്നേഹം, സന്തോഷം എന്നിവ കുറയുന്നു . അതിനൊപ്പം തന്നെ വെറുപ്പ്, പ്രതികാരം, ആക്രമണം, വിഷലിപ്തവും നിഷേധാത്മകവുമായ മറ്റേതെങ്കിലും പെരുമാറ്റം എന്നിവ ഉണ്ടാകുമ്പോൾ അത് മണിക്കൂറുകളോളം മനസ്സിനെ ബാധിക്കുന്ന ഒരു അവസ്ഥയും പലരിലും കണ്ടുവരാറുണ്ട് . ചുരുക്കത്തിൽ ദേഷ്യം സ്വന്തം ആരോഗ്യത്തിനു തന്നെയാണ് ദോഷമെന്നർത്ഥം.
കോപത്തെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ
മാറ്റാൻ കഴിയാത്തത് മാറ്റാൻ ശ്രമിക്കരുത്.
പലപ്പോഴും, ജീവിതത്തിലെ പലകാര്യങ്ങളും, ആളുകളുടെയും സാഹചര്യങ്ങളുടെയും പെരുമാറ്റങ്ങളും നമ്മുടെ ഇഷ്ടത്തിനനുസരിച്ചാകാറില്ല.അപ്പോൾ അതിനെ മാറ്റാൻ കഴിയില്ലെങ്കിൽ, നാം നിരാശപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു . എന്നാൽ, എല്ലാം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കണമെന്നില്ല എന്ന സത്യം നന്നായി മനസ്സിലാക്കണം. അതുപോലെ തന്നെ, നമ്മുടെ ഉള്ളിൽ ഒരു പോസിറ്റീവ് ആയ മാറ്റം കൊണ്ടുവന്നാൽ, നമ്മുടെ ചുറ്റുപാടുകളും അതിനനുസരിച്ച് മാറും. അതിനാൽ, മറ്റുള്ളവരിൽ നിന്നും നല്ല സ്വഭാവം പ്രതീക്ഷിക്കുന്നതിനു പകരം, അതിനെ നമ്മുടെ ഉള്ളിൽ തന്നെ രൂപപ്പെടുത്തുക. ഇതു വഴി, പ്രതീക്ഷയ്ക്കുപകരം സ്വീകരിക്കാൻ പഠിക്കാം. എന്തെന്നാൽ അനാവശ്യ പ്രതീക്ഷകളാണ് കോപത്തിന്റെ പ്രധാന കാരണം.
“ഞാൻ അനന്തമായ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമാണ്”….. – ഇത് എന്നും ഓർമ്മിക്കുക
നാമെല്ലാവരും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ ഉറവിടങ്ങളാണ്. ഇത് നമുക്ക് എല്ലായ്പ്പോഴും അനുഭവിച്ചറിയാനും, മറ്റുള്ളവരുമായി പങ്കിടാനും കഴിയും. സമാധാനവും സ്നേഹവുമുള്ളിടത്ത്, വ്യത്യസ്തമായ ആളുകളെയും അവസ്ഥകളെയും സഹിക്കാനുള്ള ശക്തി നമ്മുടെ ഉള്ളിൽ താനേ ഉടലെടുക്കുന്നു . ഇത് അക്രമാസക്തമായി പ്രതികരിക്കുന്നതിന് പകരം സാന്ത്വനത്തോടും സഹനത്തോടും കൂടിയ നിലപാട് സ്വീകരിക്കാൻ നമുക്ക് സഹായകമാകുന്നു .
ഒരാളെ വെറുക്കുന്നതും, അവരുമായുള്ള മുൻകാലഅനുഭവങ്ങളും, അവരുമായുള്ള ഉരസലുകളെക്കുറിച്ച് പറയുന്നതുമെല്ലാം നമുക്കുള്ളിൽ സമാധാനവും സ്നേഹവും കുറവാണെന്നതിന്റെ പ്രതിഫലനമാണ്. എന്നാൽ നാം ആദ്യം മുതൽ സമാധാനവും സ്നേഹവും നിറഞ്ഞവരാണ് എന്നത് നാം പലപ്പോഴും മറന്നുപോകുന്നു.
നിങ്ങളുടെ ദിനം ഈ അഫർമേഷനോടെ ആരംഭിക്കുക:
“ഞാൻ പ്രകാശത്തിന്റെ ഒരു ജലധാരയാണ്.., സമാധാനവും സ്നേഹവും നിറഞ്ഞ ആത്മാവാണ്…. എന്റെ നെറ്റിയുടെ മദ്ധ്യഭാഗത്ത് തിളങ്ങുന്ന ഒരു താരകയായി എൻ്റെ ആത്മരൂപത്തെ ഞാൻ കാണുന്നു…. ഈ മാധുര്യത്തിന്റെ വെളിച്ചം ഞാൻ ലോകത്തിലേക്ക് പ്രസരിപ്പിക്കുന്നു”…..
ഈ അഫർമേഷൻ ദിവസം പലവട്ടം സ്വയം ആവർത്തിക്കുക. അങ്ങനെയായാൽ, ക്രോധത്തോടെയും കാഠിന്യത്തോടെയുമുള്ള നിങ്ങളുടെ പ്രതികരണ ശൈലി മെല്ലെ മെല്ലെ സ്നേഹത്തിലേക്കും വിനയത്തിലേക്കും മാറും.
ക്ഷമിക്കുകയും മറക്കുകയും ചെയ്യുക.
നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു വ്യക്തിയുടെ നിഷേധാത്മക പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവർക്ക് നിങ്ങളുടെ മനസ്സിൽ വ്യത്യസ്ത രൂപങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടോ?…
ഈ വേദന നിങ്ങളുടെ ഉള്ളിലെ ക്രോധത്തിന് കാരണമായി മാറുകയും, മനസ്സിനെ അശാന്തമാക്കുകയും ചെയ്യാം.
നിങ്ങൾഅവരോട് നേരിട്ട് പ്രതികരിക്കില്ലായെങ്കിലും, മനസ്സിൽ കാത്തുവച്ച ഈ ക്രോധം ജീവിതത്തിലെ മറ്റു നിരവധി അവസരങ്ങളിലേക്കും പടർന്നുപിടിച്ചേക്കാം…
ക്ഷമിക്കാനും, മറക്കാനും വികാരപരമായ ശക്തി ആവശ്യമാണ്. സ്നേഹത്തോടെ പ്രതികരിക്കുക, ക്രോധത്തോടെ ഒരിക്കലും പ്രതികരിക്കരുത് – ഇതാണ് യഥാർത്ഥ ക്ഷമ.
ക്ഷമിക്കുക എന്നത് സ്നേഹിക്കുകയാണ്. മറക്കുക എന്നത് ആത്മാവിന് ഉപകാരമാകുകയാണ്. കാരണം, മറക്കാതിരിക്കുന്ന മനസ്സിലെ അക്രമബോധം ശരീരത്തിനും, മനസിനും ബന്ധങ്ങൾക്കും വളരെയധികം ദോഷം ചെയ്യും. ക്ഷമിക്കുമ്പോഴേ മറക്കാൻ കഴിയൂ…. അതിനായി, എല്ലാവരും സ്വതവേ സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, മാധുര്യത്തിന്റെയും ഒരേ സ്വഭാവം ഉള്ളവരാണെന്ന് ഓർക്കുക. മറ്റൊരാളുടെ നിഷേധാത്മക പ്രതികരണം ഒരു താൽക്കാലികമായ മനോഭാവത്തിന്റെ ഫലമാണ്, അത് സ്വന്തം ദുർബലതയെ മറച്ചുവെക്കാനുള്ള അവരുടെ ശ്രമമാണ്.
“ഞാൻ ശരിയാണ്” എന്ന മനോഭാവം ഉപേക്ഷിക്കുക
കോപം നിറഞ്ഞ ബന്ധങ്ങളുടെ പ്രധാന കാരണം ഈഗോയാണ്—
“ഞാൻ ശരിയാണ്, മറ്റുള്ളവർ തെറ്റാണ്” എന്ന ചിന്ത…ഈഗോ കൂടുതലായാൽ കോപവും കൂടും. കുടുംബത്തിലും, ജോലി സ്ഥലത്തും എപ്പോഴും മറ്റുള്ളവരെ തെറ്റായി കാണുകയും, അവരോട് പരുഷമായി സംസാരിക്കുകയും ചെയ്യുന്നവർ കൂടുതലായും ഈഗോ നിറഞ്ഞവരാണ്.
കോപത്തിന്റെ ഒരു പൊതുവായതും നെഗറ്റീവുമായ രീതി ആക്ഷേപഹാസ്യമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ പരിഹസിക്കാനും, താൻ ചെയ്യുന്നതുമാത്രം ശരിയാണെന്ന് കരുതാനുമുള്ള മനോഭാവം. മറുവശത്ത്, തന്റെ ഈഗോയെ അഥവാ ഞാനെന്ന ഭാവത്തെ ത്യജിച്ചവർ മറ്റൊരാൾ ആത്മാർത്ഥമായി ചില തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും, ആശയവിനിമയങ്ങളിൽ വളരെ മധുരവും കരുണയും നിറഞ്ഞവരായിരിക്കും. മറ്റുള്ളവരെ നിരപരാധികളായി കാണാനും, അമിതമായി വിമർശിക്കാതിരിക്കാനുംവേണ്ടി , നമ്മൾ ദിവസവും കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും കുറഞ്ഞത് ഒരു പ്രത്യേകതയെങ്കിലും കാണുക എന്നതാണ് വളരെ ലളിതമായ ഒരുമാർഗ്ഗം. . ഇത്തരത്തിലുള്ള പോസിറ്റീവ് ആയ കാഴ്ചപ്പാട് നമ്മെ കോപത്തിൽ നിന്ന് മുക്തരാക്കുന്നു, അങ്ങിനെ ഏറ്റവും മോശമായ സാഹചര്യങ്ങളിൽപ്പോലും നാം ആളുകളെ പോസിറ്റീവായി കാണുന്നു, അവരുടെ തെറ്റുകളിലും ബലഹീനതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല .
സ്ട്രെസ്സ് ഒഴിവാക്കി കോപമില്ലാത്തവരാവുക.
ജീവിതം പല തരത്തിലുള്ള നെഗറ്റീവ് സാഹചര്യങ്ങളും, ട്വിസ്റ്റുകളും നിറഞ്ഞതാണ്. അത് നമ്മെ ചില സമയങ്ങളിൽ അസ്വസ്ഥരാക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലുയരുന്ന എന്തിന്, എന്ത്, എപ്പോൾ, എങ്ങനെ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് പ്രധാനമായും സമ്മർദ്ദത്തിന് കാരണമാകുന്നത്. ചോദ്യങ്ങളും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും മനസ്സിൽ എത്രത്തോളം നിറഞ്ഞിരിക്കുന്നുവോ അത്രത്തോളം മനസ്സ് വിഷലിപ്തമായ വാക്കുകളുടെയും, പ്രവൃത്തികളുടെയും രൂപത്തിൽ പ്രതികരിക്കും. പ്രശ്‌നങ്ങൾ എല്ലായ്‌പ്പോഴും നിലനിൽക്കും, പക്ഷേ അവയോടുള്ള നമ്മുടെ അടുപ്പവും ശരിയായ സമയത്തും ശരിയായ രീതിയിലും അവ പരിഹരിക്കപ്പെടുന്നതുവരെ കാത്തിരിക്കാനുള്ള അക്ഷമയും കോപത്തിലേക്ക് നയിക്കുന്നു. പല കേസുകളിലും കോപം എന്നത് കുപ്പിയിലാക്കിയ സമ്മർദ്ദത്തിൻ്റെ ഒരു രൂപമാണ്, അത് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നു.
ധ്യാനം പരിശീലിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പോസിറ്റീവ് ചിന്താഗതി മനസ്സിൻ്റെ പിരിമുറുക്കം പരിഹരിക്കുന്നതിനുള്ള എളുപ്പവഴിയാണ് . കോപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം സമ്മർദ്ദത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വഴിമാറുന്നു.
ടെൻഷൻ ഒഴിവാക്കാൻ നർമ്മം ഉപയോഗിക്കുക
മനസിന്റെഭാരം കുറയ്ക്കുന്നത് പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കും.ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളെ നേരിടാനായി നർമ്മത്തെ കൂട്ടുപിടിക്കുക , പരിഹാസം ഒഴിവാക്കുക. പരിഹാസങ്ങൾ വികാരങ്ങളെ വ്രണപ്പെടുത്തുകയും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും.
റിലാക്സേഷൻ methods പരിശീലിക്കുക
കോപം ജ്വലിക്കുമ്പോൾ, വിശ്രമിക്കാനുള്ള കഴിവുകൾ പ്രവർത്തിപ്പിക്കുക.സുദീഘമായ ശ്വസന വ്യായാമങ്ങൾ, വിശ്രമിക്കുന്ന ഒരു രംഗം സങ്കൽപ്പിക്കുക, ശാന്തമായ ഒരു വാക്കോ വാക്യമോ ആവർത്തിക്കുക.ശാന്തമായ സംഗീതം കേൾക്കുക , ജേർണൽ എഴുതുക, യോഗ ചെയ്യുക അങ്ങിനെ വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ഏത് മാർഗം വേണമെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ് .
എപ്പോഴാണ് സഹായം തേടേണ്ടതെന്ന് സ്വയം മനസ്സിലാക്കുക.
കോപം നിയന്ത്രിക്കാൻ പഠിക്കുന്നത് ചിലപ്പോൾ ഒരു വെല്ലുവിളിയായി തോന്നിയേക്കാം . നിങ്ങളുടെ കോപം നിയന്ത്രണാതീതമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഖേദിക്കുന്ന കാര്യങ്ങൾ അതിലൂടെ നിങ്ങൾ വീണ്ടും ആവർത്തിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ കോപപ്രശ്നങ്ങൾക്ക് ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
ഇതിനെല്ലാം മുന്നോടിയായി മനസ്സിൽ ഉറപ്പിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ ദേഷ്യം Control ചെയ്യേണ്ടത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ആദ്യം മനസ്സിലാക്കുകയാണ് . അതോടൊപ്പം അതിരാവിലെ എഴുന്നേറ്റ് Silance ൽ ഇരുന്ന് അരമണിക്കൂർ ധ്യാനത്തിലൂടെ ആത്മാവിലേക്ക് ശാന്തിയുടെ ശക്തി നിറയ്ക്കുക. ധ്യാനം ആഴത്തിൽ വിശ്രമിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. ധ്യാന സമയത്ത് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മനസ്സിനെ ഞെരുക്കുകയും, സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്ന ചിന്തകളുടെ പ്രവാഹത്തിൽ നിന്ന് മുക്തി നേടുന്നു.നാം സ്വയംബോധവാന്മാരാകു ന്നു…
ദേഷ്യം കുറയ്ക്കാനുള്ള ഒരു മികച്ച ഔഷധമാണ് ധ്യാനം. മറ്റേതൊരസുഖവും പോലെ തന്നെ ദേഷ്യവും മനസ്സിനെ ബാധിക്കുന്ന ഒരു അസുഖം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനായി നാം ചെറിയ ചെറിയ വ്യായാമങ്ങളും, ഭക്ഷണക്രമീകരണങ്ങളും നടത്തി ആരോഗ്യം വീണ്ടെടുക്കുന്നത് പോലെ തന്നെ മനസ്സിന് നൽകാവുന്ന വളരെ ചെറുതും അതേസമയം ശക്തിശാലിയുമായ ഒരു വ്യായാമ ക്രമമായി ധ്യാനത്തെ നമുക്ക് കാണാവുന്നതാണ്. ഈ ജീവിതശൈലി മാറ്റത്തിൽ നമ്മൾ മനസ്സിന് നൽകുന്ന വേറിട്ട ഭക്ഷണരീതിയാണ് നമ്മുടെ ശുദ്ധമായ ചിന്തകൾ. ദിവസവും അല്പസമയം മാത്രം ധ്യാനത്തിനുവേണ്ടി മാറ്റിവയ്ക്കുകയും, പ്രത്യേകിച്ചും തന്റെ മനസ്സിലെ ആവേശത്തെയും ദേഷ്യത്തെയും കുറയ്ക്കാനുള്ള ലക്ഷ്യം വെക്കുകയും ചെയ്തുകൊണ്ട് ധ്യാനം ഒരു ജീവിതചര്യയാക്കി മാറ്റുകയാണെങ്കിൽ ക്രോധത്തെ നമുക്ക് വളരെ എളുപ്പത്തിൽ നിയന്ത്രണത്തിൽ ആക്കാനും , പരിപൂർണ്ണമായും ഇല്ലാതാക്കാനും കഴിയുന്നതാണ്.