ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
നമ്മളിൽ ഭൂരിഭാഗം പേരും ശരീരത്തിന് അസുഖം വരുമ്പോൾ ഭയപ്പെടുകയോ നിരാശരാകുകയോ ചെയ്യാറുണ്ട്. നമ്മൾ പലപ്പോഴും ആ അസുഖത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്നു. മനസ്സും ശരീരവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത് അതുകൊണ്ടുതന്നെ നമ്മുടെ ഓരോ ചിന്തയും ശരീരത്തിലെ ഓരോ കോശത്തെയും സ്വാധീനിക്കുന്നു. ചിന്തകൾക്ക് നമ്മെ രോഗമുക്തരാക്കാനും, രോഗബാധിതരാക്കാനും കഴിയും. അസുഖത്തെക്കുറിച്ചുള്ള ചിന്തകൾ നമ്മെ കൂടുതൽ അവശരാക്കും . ആരോഗ്യത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചിന്തകൾ ഒരു ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു പ്രത്യേക ശാരീരിക അവസ്ഥയോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുക. രോഗം വന്നാൽ നിങ്ങൾ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നുണ്ടോ?
“എനിക്ക് എങ്ങനെ ഇത് സംഭവിച്ചു”…
എന്ന് നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കാറുണ്ടോ?… ശരിയായ ആരോഗ്യസ്ഥിതിയില്ലാത്തത് നിങ്ങളെ നിരാശനാക്കുന്നുണ്ടോ?… നമ്മുടെ മാനസികാവസ്ഥ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യനിലയെ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്ന് ആരോഗ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതായത് നിലവിലുള്ള അസുഖത്തെക്കുറിച്ചുള്ള ആശങ്ക, വേദന, ഭയം എന്നിവ രോഗബാധയെ വർദ്ധിപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ശരീരത്തിന് ആരോഗ്യമുള്ള ദൈനംദിന ചിന്തകൾ പകർന്നാൽ, അത് രോഗമുക്തിക്ക് സഹായകമാകും.
രോഗത്തെ അംഗീകരിച്ച് ആരോഗ്യം വീണ്ടെടുക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചികിത്സയോടൊപ്പം ശരീരത്തിലേക്ക് ആരോഗ്യകരമായ ചിന്തകൾ നൽകുകയും ചെയ്യുക. കാരണം, എന്താണോ നമ്മൾ ചിന്തിക്കുന്നത് അതാണ് നമ്മുടെ സ്ഥിതി. പോസിറ്റീവ് ആയ ചിന്തകൾ ശരീരത്തിന് പോസിറ്റീവ് ആയ ഊർജ്ജം നൽകുന്നു. അത് ശരീരത്തിന് ഉണർവ്വ് നൽകുകയും രോഗത്തിന് ശാന്തി ലഭിക്കുകയും ചെയ്യുന്നു.
“എല്ലാം നല്ലതാണ്, എൻ്റെ ജീവിതം സന്തോഷകരമാണ് , ഞാൻ പൂർണ്ണ ആരോഗ്യവാനാണ് , എൻ്റെ ശാരീരിക സ്ഥിതി ശാന്തമാണ് “….
എന്നീ ചിന്തകളിലൂടെ ആരോഗ്യകരമായ എനർജി നൽകി രോഗമുക്തി വേഗത്തിലാക്കാം.
ശരീരത്തിന് സമ്പൂർണ്ണ ആരോഗ്യം നേടാനും ആരോഗ്യത്തെ ശക്തിപ്പെടുത്താനും നിങ്ങളുടെ ചിന്താശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുക. മനസ്സിനെ രോഗത്തിന്റെ ചിന്തകളിൽ നിന്ന് പൂർണ്ണമായും രോഗമുക്തിയിലേക്ക് മാറ്റുക.
“എന്റെ ശരീരത്തെ ഞാൻ അംഗീകരിക്കുന്നു, ശരീരം എന്നെയും അംഗീകരിക്കുന്നു… ഞങ്ങളുടെ ഊർജ്ജങ്ങൾ ഐക്യത്തിലാണ്”…
എന്ന് ഓർമ്മിപ്പിക്കുക. എൻ്റെ മനസ്സിലൂടെ ഞാൻ ആരോഗ്യകരമായ ഒരു ശരീരത്തെ സൃഷ്ടിക്കുന്നു എന്ന് സ്വയം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക നിങ്ങളുടെ മനസ്സ്, വിശ്വാസം, ചിന്തകൾ, സമീപനം, പെരുമാറ്റം എന്നിവയിലൂടെ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ നിയന്ത്രിക്കുക.
നിങ്ങളുടെ ശരീരത്തിന് സന്തോഷവും, സ്നേഹവും നൽകുക. ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക. നിങ്ങൾ നിങ്ങളുടെ മനസ്സിനെയും ശരീരത്തേയും നിയന്ത്രിക്കുന്നവരാണ്. നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും സന്തോഷവും, സ്നേഹവും നൽകുക. ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണവും ശരിയായ വ്യായാമവും നൽകുക. ശരീരം അസ്വസ്ഥമായാൽ, ശരീരത്തിന് ഒരു അസുഖം, വേദന, ദുരിതം ഉണ്ടെങ്കിൽ, ശരിയായ രീതിയിൽ ചിന്തിക്കുക, രോഗത്തെക്കുറിച്ച് ആശങ്കപ്പെടരുത്. ഒപ്പം നിങ്ങളുടെ കുടുംബത്തെ ആശങ്കപ്പെടാനും അനുവദിക്കരുത്. ചികിത്സയിലും മരുന്നുകളിലും മാത്രമല്ല, നിങ്ങളുടെ ചിന്തകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ശരീരത്തെ ശുദ്ധമായ ചിന്തകളിലൂടെ സുഖപ്പെടുത്തുക.
നിങ്ങളുടെ ശരീരിക ആരോഗ്യത്തിൻ്റെ ഓരോ ഘട്ടത്തേയും നിങ്ങളുടെ മനസ്സ്, വിശ്വാസങ്ങൾ, ചിന്തകൾ, സമീപനം, സ്വഭാവം എന്നിവയിലൂടെയാണ് നിയന്ത്രിക്കേണ്ടത് . ശരീരത്തിൻ്റെ രോഗമുക്തിക്ക് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുക. സന്തോഷത്തോടെ ഇരിക്കുക. ആശ്വാസം നൽകുന്ന രോഗമുക്തി നൽകുന്ന കാര്യങ്ങൾ മാത്രം വായിക്കുക.. കേൾക്കുക… പറയുക… . ഇങ്ങിനെ തന്നെ ആവർത്തിച്ച് ചിന്തിക്കുക, സംസാരിക്കുക, മനസ്സിൽ കാണുക:
“ഞാൻ പൂർണ്ണ ആരോഗ്യവാനാണ്…..
എന്റെ ശരീരത്തിലെ ഓരോ കോശവും വിശ്രമത്തിലാണ്…. ഓരോ അവയവവും വളരെ നന്നായി പ്രവർത്തിക്കുന്നു..
എന്റെ പരിശോധനാ ഫലങ്ങളെല്ലാം സാധാരണമാണ്…. എന്റെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്….. ഞാൻ കഴിക്കുന്ന മരുന്നുകൾ എന്നെ ആരോഗ്യവാനാക്കുന്നു…. ശാരീരിക അസ്വസ്ഥതകളോ വൈകാരികമായ ക്ഷീണമോ എനിക്കില്ല…. എൻ്റെ പ്രതിരോധ ശേഷി വളരെ നല്ലതാണ്. ഞാൻ രോഗമുക്തനാണ്. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. ഞാൻ വളരെ സന്തോഷവാനാണ് “…
എന്നൊക്കെയുള്ള ചിന്തകൾ ആവർത്തിക്കുക.