ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ് കൃത്യനിഷ്ഠ അഥവാ സമയനിഷ്ഠ. സമയത്തെ എത്ര ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നോ അതനുസരിച്ചാണ് നമ്മുടെ ജീവിത വിജയം. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ 8 മണിക്കൂർ ജോലി ചെയ്യാനും 8 മണിക്കൂർ ഉറങ്ങാനും ഉപയോഗിക്കുന്നു. ബാക്കി 8 മണിക്കൂറിൽ നമ്മൾ എങ്ങനെ എന്തിന് ഉപയോഗിക്കുന്നു എന്നതിലാണ് അന്നത്തെ നമ്മുടെ വിജയം. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കണം. സമയത്തിൻ്റെ വില മനസ്സിലാക്കി സമയോചിതമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്ത് തീർക്കാനുള്ള കഴിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം. ഒരു കാര്യം ചെയ്യണമെന്ന് തീരുമാനമെടുത്താൽ അത് നീട്ടിവെക്കരുത്.
“നാളെ ചെയ്യാം”… എന്ന് വിചാരിക്കുന്നവർ ഓർമ്മിക്കണം, നാളെ എന്നൊരു ദിവസമില്ല എന്നും ഇപ്പോൾ ഈ സെക്കൻ്റ് മാത്രമെ ഉള്ളൂ…എന്നും തിരിച്ചറിയണം. സമയം വില കൂടിയതാണ്. കഴിഞ്ഞു പോയ സമയം ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല.
നമുക്കിടയിൽ പലപ്പോഴും വൈകിയെത്തുന്ന ചില ആളുകളുണ്ട്. വൈകിയതിന് അവർ വാഹനത്തിൻ്റെ തകരാറ്, ഗതാഗത തടസ്സം എന്നൊക്കെയുള്ള പല കാരണങ്ങളും പറയാറുണ്ട് . ഇക്കൂട്ടർക്ക് ഇതൊരു ശീലമാണ്. ആജീവനാന്തം ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നവരുമുണ്ട് .
സമയനിഷ്ഠ ജീവിത ശീലമാക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. കാരണം സമയത്തെ ദുരുപയോഗം ചെയ്യുന്നത് അനീതിയാണ്. എന്നാലും നമ്മളിൽ ചിലർക്ക് അതിനെക്കുറിച്ച് ഒരു സാധാരണ മനോഭാവമാണുള്ളത് . കൃത്യനിഷ്ഠ എന്നത് സ്വന്തം സമയത്തെ മാത്രം മാനിക്കലല്ല. മറ്റുള്ളവരുടെ സമയത്തിന് വില നൽകൽ കൂടിയാണ്. ചിലയാളുകൾ സമയത്തെ ബഹുമാനിക്കാതെ മീറ്റിംഗുകളിൽ വൈകിയെത്തുകയും നമ്മളെ അപ്രസക്തമായ സംഭാഷണങ്ങളിലേക്ക് വലിച്ചിടുകയും ചെയ്യും.
നാം സമയത്തെ എത്രത്തോളം മാനിക്കുന്നുണ്ടെന്ന് പരിശോധിക്കണം. നമ്മളെല്ലാം ആഗ്രഹിക്കുന്നത് സമയം നമ്മുടെ അനുസരണയിലും, വരുതിയിലുമായിരിക്കണമെന്നതാണ്. സമയം ഒരു ഊർജ്ജമാണ്. ഓരോ സെക്കൻ്റും വിലപ്പെട്ടതാണ്. മനസ്സിന് ഊർജ്ജം പകരാൻ അതിരാവിലെ എഴുന്നേറ്റ് അരമണിക്കൂർ ശാന്തമായിരുന്ന് മനസ്സിനെ ഏകാഗ്രമാക്കണം. പിന്നീട് ശരിയായ ചിന്തകൾ, വാക്കുകൾ, പെരുമാറ്റം എന്നിവയല്ലാതെ നെഗറ്റീവ് ചിന്തകളോ വ്യർത്ഥ സങ്കൽപ്പങ്ങളോ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കുക. അപ്പോൾ നമ്മുടെ ചുമതലകളും, പ്രതിബദ്ധതകളും കൃത്യതയോടെ നിർവ്വഹിച്ച് വളരെയധികം സമയം ലാഭിക്കാൻ സാധിക്കും.