ലേഖനങ്ങൾ

രാമായണം ജീവിതമാണ്

കാലാകാലങ്ങളായി നമ്മള്‍ രാമായണ പാരായണവും അതിന്‍റെ വ്യാഖ്യാനങ്ങളും ശ്രവിക്കുന്നവരാണ്. രാമായണമെന്ന പ്രഥമ  ഇതിഹാസത്തിനെ വിവിധ വീക്ഷണ കോണുകളിലൂടെ പലരും  അവതരിപ്പിച്ചിട്ടുമുണ്ട്. എത്രയോ മഹാരഥന്‍മാര്‍ രാമായണത്തിലെ അകക്കാമ്പായ ധര്‍മ്മ സന്ദേശത്തെ മനസിലാക്കി ജീവിതത്തിന്‍റെ ഗതിതന്നെ മാറ്റി മറിച്ചിട്ടുണ്ട്. അതുപോലെ രാമായണവും മഹാഭാരതവുമെല്ലാം  നമ്മുടെ ചിന്താഗതികള്‍ക്കനുസരിച്ച് വിവിധ അര്‍ത്ഥതലങ്ങളെ വെളിവാക്കുന്ന അത്ഭുത ഗ്രന്ഥങ്ങളാണെന്ന സത്യവും ചിന്താര്‍ഹമാണ്.എന്നാല്‍ രാമായണത്തോടുള്ള നമ്മുടെ സമീപനം കേവലം പാരായണം ചെയ്യുക എന്ന ഉദ്ധേശത്തോടു കൂടി മാത്രമാണെങ്കില്‍ ഒരുപക്ഷേ ആ അകക്കാമ്പിലേക്ക് ചെന്നെത്തി ആദ്ധ്യാത്മിക ആനന്ദം അനുഭവിക്കുവാന്‍ ഒരു സാധാരണക്കാരന് സാധിച്ചില്ലെന്നു വരാം. അതിനാല്‍ ഈ രാമായണ മാസത്തില്‍ രാമായണത്തിന്‍റെ ശ്രേഷ്ഠ സന്ദേശത്തെ ഗ്രഹിക്കുവാന്‍ നമുക്ക് അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാം.രാമായണത്തെ ഭാരതത്തിന്‍റെ ഒരു പുരാതന ചരിത്രമെന്ന രീതിയില്‍ നമ്മള്‍ കാണുകയാണെങ്കില്‍ പൂര്‍വ്വകാലത്തിലെ ധര്‍മ്മവിജയത്തിന്‍റെ ആ കഥ നമ്മള്‍ ഇപ്പോള്‍ പഠിക്കുന്നതെന്തിനാണെന്ന ഒരു  ചോദ്യം സ്വാഭാവികമായി ഉയര്‍ന്നു വരുന്നതാണ്. ചരിത്രരൂപേണ നമ്മള്‍ രാമായണം പഠിച്ചാല്‍ അത് നമ്മളില്‍ ഒരു നډയുടെ നാമ്പ് മുളപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ശ്രീരാമന്‍ എന്ന അവതാര പുരുഷന്‍റെ ഒരു സ്വഭാവത്തെ നമുക്ക് പരിശോധിക്കാം. ജീവിതത്തില്‍ ആകസ്മികമായി വന്നുചേരുന്ന ഒരോ കഠിനാനുഭവങ്ങളേയും രാമായണത്തിലുടനീളം രാമന്‍ മന്ദസ്മിതത്തോടെ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അച്ചനായ ദശരഥന്‍ നല്‍കിയ വരത്തെയോ കൈകേയിമാതാവ് ചെയ്ത വഞ്ചനയേയോ മന്ധരയുടെ സ്വഭാവത്തെയോ ഒന്നും ചോദ്യം ചെയ്യാതെയാണ് രാമന്‍ ജീവിതത്തിലെ കാനനവാസമെന്ന രംഗത്തിനെ സ്വീകരിക്കുന്നത്. ത്രയംബക വില്ലോടിച്ച സമയത്ത് ക്ഷുഭിതനായ പരശുരാമന്‍റെ മുമ്പില്‍ അതീവ സമര്‍ത്ഥനായാണ് ശാന്തമായി ശ്രീരാമന്‍ കാര്യവ്യവഹാരം ചെയ്യുന്നത്. എന്നാല്‍ ആ രാമന്‍റെ പാരമ്പര്യം വഹിക്കുന്ന നമ്മുടെ കാര്യം നോക്കൂ…..ഇക്കാലത്ത് നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ക്കെല്ലാം കാരണക്കാരായി നമ്മള്‍ മറ്റുള്ളവരെ വിരല്‍ചൂണ്ടുന്നൂ.ക്ഷുഭിതരായവരെ ക്ഷുഭിതനായേ നേരിടാവൂ എന്ന് ന്യായവാദം നടത്തുന്നു. ശ്രീരാമനെ ആരാധിക്കുന്നതിനോടൊപ്പം അനുകരിക്കുവാന്‍കുടി നമ്മള്‍ തയ്യാറാകുകയാണെങ്കില്‍ ആ സ്വഭാവത്തെ ശ്രാരാമനെന്ന പൂര്‍വ്വികന്‍ നല്‍കിയ പിതൃസംസ്കാരമായി കണ്ട് നമുക്ക് ശീലിക്കാമായിരുന്നു.ചരിത്രം, കഥ, അതിശയോക്തി, ജ്ഞാനോപദേശം, എന്നിവയുടെ പ്രത്യേക അനപാതമാണ് ഒരു ഇതിഹാസം.രാമായണമെന്ന ഇതിഹാസത്തിന്‍റെ രചയിതാവ് ഒരു താപസനാകയാല്‍ താപസന്‍റെതായ മനോഭാവത്തോടെയും രാമായണത്തെ നിരീക്ഷിക്കേണ്ടതാണ്. സത്യ ദരര്‍ശകന്‍മാരായ മഹാത്മാക്കള്‍ ഏതൊരു കാര്യം പറയുമ്പോഴും ഉപമകളുടെയും കല്‍പ്പനകളുടെയും ധാരാളമായ ഉപയോഗം അതിലുണ്ടാകും. “ഭൂമിയെ അവര്‍ കുഴിച്ചു” എന്ന് പറയുന്നതിന് പകരമായി “ഭൂമാതാവിന്‍റെ ഹൃദയം അവര്‍ പിളര്‍ന്നു” എന്നായിരിക്കും ഋഷിമാര്‍ പറയുക. എല്ലാ ദുര്‍വ്വികാരങ്ങളുടെയും സ്വരൂപമെന്നു പറയുവാനോ അല്ലെങ്കില്‍ ഇന്ദ്രിയാസക്തി ഒരു സാധാരണ മനുഷ്യനുള്ളതിന്‍റെ പത്തിരട്ടിയുള്ളവന്‍ എന്ന് പറയുവാനോ വേണ്ടി പത്തു ശിരസ്സുള്ള അസുരന്‍ എന്ന് ഋഷി പ്രയോഗിക്കുമ്പോള്‍ നമ്മള്‍ എന്താണ് മനസിലാക്കേണ്ടത്? നമ്മുടെ ജീവിതത്തിലെ അസുരത്തലകളെ ഋഷി ഓര്‍മ്മിപ്പിക്കുമ്പോള്‍, അത് മറന്ന് കഥയില്‍ മുഴുകിപ്പോയാല്‍ ആ സാരോപദേശം എങ്ങനെ നമുക്ക് ഗ്രഹിക്കുവാനാകും?ഇനി സീതാപഹരണമെന്ന ഭാഗം നോക്കാം. ജീവിതത്തിലെ താല്‍ക്കാലിക സുഖത്തിനായുള്ള മോഹങ്ങളാണ് നമ്മളെ ഭഗവാനില്‍ നിന്ന് അകറ്റുന്നതെന്നും, ആ മോഹങ്ങള്‍ മുലമുണ്ടാകുന്ന ഭവിഷത്തുകള്‍മുലമാണ് ജീവിതമര്യാദകളുടെ രേഖ ലംഘിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതെന്നും മര്യാദകള്‍ ലംഘിക്കുന്നവര്‍ രാവണന്‍റെ (ആസുരീയ സ്വഭാവത്തിന്‍റെ) പിടിയിലകപ്പെടുമെന്നും നാടകീയമായി അവതരിപ്പിച്ചുകൊണ്ട്  മോഹം മനുഷ്യനെ ദുരിതത്തിലാഴ്ത്തുമെന്ന സാരത്തെ ഋഷി നമ്മോട് പറയുകയാണ്. വാല്മീകി മഹര്‍ഷി ആരായിരുന്നു?ഒരിക്കല്‍ കാട്ടാളനായി കൊള്ളയും കൊലയും ചെയ്ത് നടന്നിരുന്ന രത്നാകരന് ജ്ഞാനം ലഭിച്ചപ്പോള്‍ ഉണ്ടായ ബോധോദയത്തെ തുടര്‍ന്നാണ് അദ്ദേഹം താപസനാകുന്നത്. പിന്നിടൊരിക്കല്‍ സ്നേഹം പങ്കിടുന്ന ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ ഒരു വേടന്‍ അമ്പെയ്ത് വീഴ്ത്തിയപ്പോള്‍ മുമ്പ് കാട്ടാളനായിരുന്ന അതേ വാല്‍മീകി ഇടപെട്ട് “മാനിഷാദാ….” അരുത് കാട്ടാളാ, സ്നേഹത്തെ നശിപ്പിക്കുന്നവനെ ലോകം ആദരിക്കില്ല. എന്ന് ഉച്ചത്തില്‍ പറഞ്ഞു.എത്ര നികൃഷ്ടനായ വ്യക്തിക്കും പരിവര്‍ത്തനം സാധ്യമാണെന്നും, നമ്മള്‍ പരിവര്‍ത്തനത്തിന് വിധേയമാകുകയാണെങ്കില്‍ പിന്നീട് ലോകം നമ്മുടെ ഒരു വാക്കിനുപോലും വലിയ വിലകല്‍പ്പിക്കുമെന്നും വാല്മീകി നമുക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നു. എന്നാല്‍ ആ പരിവര്‍ത്തനത്തിന് രത്നാകരനെ സഹായിച്ചത് തപസ്സായിരുന്നു…… ധ്യാനമായിരുന്നു …… നിരന്തരമായ ഈശ്വര സ്മരണയായിരുന്നു.ബോധതലത്തിലെ പരിവര്‍ത്തനത്തിന് ഈശ്വരധ്യാനം പോലെ മറ്റൊരു മരുന്നില്ല എന്ന് രാമായണ രചയിതാവ് തെളിയിച്ച സത്യമാണ്. അതുകൊണ്ട് നിത്യ ജീവിതത്തില്‍ അല്‍പസമയം സ്വസ്ഥമായിരുന്ന് ഈശ്വരനെ സ്മരിക്കാന്‍ മനസു കാണിക്കുകയാണെങ്കില്‍ ഏതൊരു രത്നാകരനും വാല്‍മീകിയാകാം എന്ന് നമുക്ക് ഈ അവസരത്തില്‍ സ്മരിക്കാം. രാമായണം കേവലം പാരായണത്തിലൊതുക്കാതെ സ്വാദ്ധ്യായനം (അശയസഹിതമുള്ള പഠനം) ചെയ്യുവാന്‍ ശീലിക്കാം.

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1 2 3 7
Scroll to Top