ത്യാഗം എന്ന വാക്ക് പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടുന്നതായിരിക്കില്ല. എന്നാല്‍ ത്യാഗം സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിത സൂത്രമായതിനാല് അതിനെ നമുക്ക് അവഗണിക്കുവാനും സാധ്യമല്ല. ഒരമ്മയുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് നമ്മളിന്ന് ജീവിക്കുന്നത് തന്നെ. സ്വന്തം ഉദരത്തില്‍ നമ്മെ ചുമന്ന് നടന്ന്, നമ്മുടെ ജനനം സാധ്യമാക്കുവാന്‍ നോവു സഹിച്ച്, സ്വന്തം രക്തം പാലാക്കി മാററി നമ്മെ ഊട്ടിവളര്‍ത്തി. നമ്മുടെ സന്തോഷത്തില്‍ സന്തോഷിച്ചും നമ്മുടെ വേദനയില്‍ വേദനിച്ചും, നമ്മുടെ സുഖത്തിനായി സ്വന്തം ഉറക്കം ത്യാഗം ചെയ്തും, നമ്മുടെ സൗകര്യത്തിനായി സ്വന്തം വിശപ്പുപോലും അവഗണിച്ചും ഒരിക്കലും കടം വീട്ടാനാവാത്ത വിധം ത്യാഗത്തിന്റെ ഗാഥയില്‍ നമ്മെ നമ്മുടെ അമ്മ സ്നേഹ പാശത്തില്‍ ബന്ധിച്ചിരിക്കുകയാണ്. ആ ത്യാഗം നമ്മുടെ ജീവിതത്തില്‍ അടിത്തറ പാകുവാനായിരുന്നു. പിന്നെ നമ്മുടെ നിത്യ ആവശ്യങ്ങള്‍ നിറവേററിത്തരുവാന് നമ്മുടെ അച്ഛന് സമ്പാദിച്ചു കൊണ്ടുവന്ന് നമുക്ക് അന്നവസത്രാദികള് നല്കി. നമ്മളൊന്നു കരയുമ്പോഴേക്കും ഇല്ലാത്ത പണത്തെ കണ്ടെത്തി നമ്മെ ശുശ്രൂഷിക്കാനായി ആശുപത്രികളില്‍ കൊതുകുകടിയും കൊണ്ട് കിടന്നു. അങ്ങനെ അനവധി ത്യാഗങ്ങളുടെ തണലില്‍ വളര്‍ന്നു വലുതായ നമ്മള് എന്തെങ്കിലും ത്യാഗം സ്വന്തം ജീവിതത്തില്‍ ആവശ്യം വരുമ്പോള്‍ അത് സ്വീകരിക്കുവാന്‍ എത്ര കണ്ട് തയ്യാറാണ്. തിരിച്ച് അവരുടെ പരിപാലനചെയ്യേണ്ടി വരുമ്പോള്‍ എത്രത്തോളം അതില്‍ ആനന്ദം കണ്ടെത്തുന്നുണ്ട്? കുറഞ്ഞ പക്ഷം അത് തന്റെ കടമയായി കരുതിയെങ്കിലും ഭംഗിയായി അനുഷ്ടിക്കുന്നുണ്ടോ? നമ്മളെ ഒരുവാക്ക് ഉച്ഛരിക്കാന്‍ പഠിപ്പിക്കാന്‍ 100 തവണ ആവര്‍ത്തിച്ച് പറഞ്ഞ അവര്‍ക്ക് ഇന്ന് കാതുകേള്ക്കാതെയായപ്പോള് ഒരു കാര്യം രണ്ട് തവണ പറയാന്‍ നമ്മള്‍ക്ക് അസൗകര്യമായോ? നമ്മള് വീണപ്പോഴെല്ലാം കോരിയെടിത്ത് തടവിത്തന്ന അവര്‍ക്ക് ഇന്ന് നടക്കാന്‍ വയ്യാതായപ്പോള്‍ ഒരു മൂലയിലിരുന്നോളാന് ആജ്ഞാപിക്കും വിധം നമ്മുടെ മനസാക്ഷി മരവിച്ചുവോ? എവിടെ പോയ്മറഞ്ഞു നമ്മുടെ മനുഷ്യത്വം. മറെറാരു വഴിയുമില്ലാത്തതിനാല്‍ മനസില്ലാമനസോടെ എന്തെങ്കിലും സൗഖ്യങ്ങളെ ത്യജിക്കുന്നതല്ല ത്യാഗം. ഉള്ളില്‍നിന്ന് സ്നേഹം നിറഞ്ഞൊഴുകുമ്പോള്‍ ആ സ്നേഹത്തിന്റെ നിറവില്‍ ചിലതെല്ലാം അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. അമ്മക്ക് കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാണല്ലോ ഉറക്കത്തെ ത്യാഗം ചെയ്യാന്‍ കഴിയുന്നത്. ദേശാഭിമാനികള്‍ക്ക് രാജ്യസ്നേഹം കാരണത്താല്‍ സ്വന്തം ജീവിതത്തെ തന്നെ ത്യാഗം ചെയ്യാന്‍ സാധിക്കുന്നില്ലേ? വിശ്വത്തിനോട് മുഴുവന്‍ സ്നേഹം തോന്നിയതിനാലാണല്ലോ മാമുനിമാര്‍ സര്വ്വാംശത്യാഗികളായി മനുഷ്യകുല നന്മക്കായി താപസവൃത്തി സ്വികരിച്ചത്. ആ ത്യാഗങ്ങളുടെ ഗുണഭോക്താക്കളായ നമ്മുടെ ത്യാഗമനോഭാവം മുരടിക്കുന്നത് ഒരുതരം ആത്മവഞ്ചനയല്ലേ.? പാരമ്പര്യ നിന്ദയല്ലേ? സ്വാതന്ത്ര്യസമരകാലത്ത് സമരത്തിനായി ഇറങ്ങിത്തിരിച്ചവരും അവരെ അനുഗ്രഹിച്ചയച്ചമാതാക്കളും സ്വന്തം ജീവിത സൗഖ്യങ്ങളെ അവഗണിച്ചതുകൊണ്ട് ആ രക്തസാക്ഷികളുടെ ത്യാഗത്തിനു മുകളില്‍ പണിതുയര്ത്തുയ സ്വതന്ത്ര ഭാരതത്തിന്റെ മധുരം നമ്മളിന്ന് നുകരുന്നു. ലോകത്തിലെ സുഖങ്ങളെ തേടി നടക്കാന്‍ താല്പര്യം കാണിക്കാതെ ഏകാഗ്രമനസും ബുദ്ധിയില്‍ പദ്ധതികളുമായി അന്തരംഗത്തില്‍ മഥനം നടത്തിയ ശാസ്ത്രജ്ഞന്മാര് കാരണത്താല്‍ നമ്മളിന്ന് സുഖഭോഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വാഹനങ്ങളും, വിമാനങ്ങളും, ടെലഫോണും, ടെലിവിഷനും, ഇന്റര്നെററുമെല്ലം എത്രയോകാലത്തെ എകാന്തതപസിന്റെയും ത്യാഗത്തിന്റെയും സന്താനങ്ങളാണ്. സമയത്ത് ജലപാനമോ ആഹാരമോ പോലും ലഭിക്കാതെ കൊടും ചൂടും, കൊടിയ തണുപ്പും സഹിച്ച് ഊണിലും ഉറക്കത്തിലും ശത്രുക്കളെ തുരത്തുവാന്‍ കാവല്നില്ക്കുന്ന ഭടന്മാരുടെ ത്യാഗം കൊണ്ടാന്ന് നമ്മള് ഈ രാജ്യത്തില്‍ സുഖമായി അന്തിയുറങ്ങുന്നത്. സ്വയം കത്തിക്കൊണ്ടാണ് സൂര്യന് നമുക്ക് വെളിച്ചവും ചൂടും നല്‍കുന്നത്. മഥുരമായ കനികളെ വിളയിച്ചുതന്നും അളിഞ്ഞു ചീഞ്ഞതിനെ സ്വീകരിച്ചും ഭൂമിദേവിയും ത്യാഗം പഠിപ്പിക്കുന്നു. ഇനി നമ്മള് ചിന്തിക്കുക. സ്വന്തം മാതാപിതാക്കള്‍ക്കുവേണ്ടി, സ്വന്തം കുടുംബത്തിന്റെ നന്മക്കുവേണ്ടി, സ്വന്തം ദേശത്തിന്റെ സംസ്കൃതിയെ കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി, ലോകത്തില്‍ ധര്‍മ്മത്തെ നിലനില്‍ത്തുന്നതിനായി സ്വന്തം അമിത ഭോഗാസക്തികളെ ത്യാഗം ചെയ്ത് യോഗീ മനോഭാവത്തോടെ ജീവിക്കാന്‍ നമ്മള് തയ്യാറാണോ? ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന മനുഷ്യരിലൂടെയാണ് ഇവിടെ എന്തെങ്കിലും നവോത്ഥാനം വീണ്ടും നടക്കുകയുള്ളൂ. ചപല വികാരങ്ങളേയും ഭോഗതൃഷ്ണകളേയും ത്യാഗം ചെയ്ത മഹാത്യാഗികളിലൂടെ മാത്രമേ ദൈവത്തിന്റെ പദ്ധതികള്‍ ഭൂമിയില്‍ ആവിഷ്കരിക്കപ്പെടുകയുള്ളൂ. ലോകത്തില്‍ നډയുടെ വസന്തകാലം തിരിച്ചെത്തണമെങ്കില്‍ ജ്ഞാന തപസ്സിനാല്‍ ശുദ്ധീകരണം ചെയ്യപ്പെട്ട ശുദ്ധാത്മാക്കളുടെ സാന്നിദ്ധ്യത്താല്‍ സമസ്ത ചരാചരങ്ങളും വീണ്ടും പുളകിതമാകണം. അത്തരത്തില്‍ ത്യാഗം ചെയ്ത് ജീവിക്കുവാന്‍ താത്പര്യമുള്ള അഗ്നിപുരുഷന്മാര്ക്കായി കാത്തിരിക്കുകയാണ് കാലം.
ലേഖനങ്ങൾ
ത്യാഗത്തിന്റെ മഹത്വം
No posts found