സഫലതാ സമ്പന്നമായി നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയുടെ നിറവിൽ ഭാരതം മഹാശിവരാത്രി ആഘോഷിക്കുകയാണ്. വേദ തത്വങ്ങളും ചരിത്രവും കൂട്ടിയിണക്കി ഋഷി രചിച്ച പുരാണങ്ങളുടെയും ഒപ്പം നമ്മുടെ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പുറകിലുള്ള രഹസ്യം മനസ്സിലാക്കുമ്പോൾ മാത്രമേ വേദപുരാണങ്ങളുടെയും ആഘോഷങ്ങളുടെയും ലക്ഷ്യമായ മന:ശുദ്ധിയും കർമ്മശുദ്ധിയും തദ്വാര കർമ്മക്ഷേത്രത്തിൽ ധർമ്മം പുന: സ്ഥാപിക്കുവാനും സാധിക്കൂ.
പുരാണ രഹസ്യം
ദേവതാ ധർമ്മം പുന:സ്ഥാപിക്കുവാൻ ദേവാധിദേവനായ ശിവനും ദേവതാത്മാളും ചെയ്ത മഹാ ത്യാഗത്തിൻ്റെയും മഹത്തായ കർമ്മത്തിൻ്റെയും ചരിതമാണ് ഓരോ പുരാണങ്ങളിലും ഋഷി കുറിച്ചു വച്ചിരിക്കുന്നത്. കൽപ്പത്തിൻ്റെ മദ്ധ്യം ദ്വാപര യുഗത്തിൽ ഋഷി മനസ്സിൽ വിരിഞ്ഞ സത്യങ്ങൾ കഥാരൂപത്തിൽ അവർ എഴുതി. കല്പാവസാനം കലിയുഗാന്ത്യത്തിൽ വേദ തത്വങ്ങളും പുരാണ രഹസ്യങ്ങളും മറഞ്ഞ്, ഋഷികൾ നൽകിയ സദുപദേശത്തിൻ്റെ മാല അഹങ്കാരമാകുന്ന ഐരാവതത്തിൻ്റെ പുറത്തിരുന്ന് ചവിട്ടിയരച്ച് വേദവിരുദ്ധമായി ജീവിച്ച മനുഷ്യകുലം അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും തുടച്ചു നീക്കുവാൻ ആദി ഗുരുവായ ശിവൻ തന്നെ ഭൂമിയിൽ അവതരിക്കും. അപ്പോൾ സത്യം അനാവരണം ചെയ്യപ്പെടും, ഒരു ദേവാസുരയുദ്ധം നടക്കും, ദേവതാ ധർമ്മത്തിൻ്റെ പുന:സ്ഥാപനയും നടക്കും.
ആദിസനാതന ദേവി ദേവതാ ധർമം
ഹിന്ദു എന്ന പേര് വരുന്നതിനു മുമ്പ്, വേദങ്ങൾ എഴുതപ്പെടുന്നതിനു മുമ്പ്, ശ്രീബുദ്ധനും യേശു ക്രിസ്തുവും അവതരിക്കുന്നതിന് മുമ്പ് ഭാരതഭൂമിയിൽ വിഷ്ണു വംശത്തിൽ 33 കോടി ദേവി ദേവതകൾ ജീവിച്ചിരുന്നു. ദൈവത്തിനു തുല്യമായി, തികഞ്ഞ ആത്മബോധത്തിൽ മരണ ഭയം പോലുമില്ലാതെ ആത്മീയമായും ഭൗതികമായും സമ്പന്നരായി ജീവിച്ചിരുന്ന ഒരു ജനത തന്നെ ഭാരതത്തിൽ ഉണ്ടായിരുന്നു. പൂജ്യരായിരുന്ന ആ പൂർവികരുടെ വിധി പൂർവ്വമായ പൂജയാണ് ഭാരതത്തിലെ അമ്പലങ്ങളിൽ നടക്കുന്നത്. ദേവതകൾ ജീവിച്ചിരുന്നതിൻ്റെ അവശേഷിക്കുന്ന തെളിവുകളാണ് അമ്പലങ്ങൾ.
ദേവതകൾ വാമഭാഗത്തേക്ക് തിരിയുന്നു
വൈകുണ്ഠം, സ്വർഗം എന്നെല്ലാം ഹിന്ദു ധർമ്മവും ദൈവരാജ്യം, ഏദൻതോട്ടം, അല്ലാഹുവിൻ്റെ തോട്ടം എന്നെല്ലാം ഇതര ധർമ്മങ്ങളും പറയുന്ന ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാനവകുലത്തിൻ്റെ പൂർവികരായ ദേവതകൾക്ക് എന്ത് സംഭവിച്ചു..!? ത്രികാലജ്ഞാനിയായ ഭഗവാൻ ആ രഹസ്യം നമുക്ക് പറഞ്ഞു തരുന്നു. ത്രേതായുഗത്തിൻ്റെ അവസാനത്തിനും ദ്വാപരയുഗത്തിൻ്റെ ആരംഭത്തിനും ഇടയിലുള്ള സംഗമത്തിൽ അതുവരെ ആത്മാവാണ് എന്ന ബോധത്തിൽ ജീവിച്ചിരുന്ന ദേവതാത്മാക്കൾ ദേഹ ബോധത്തിലേക്ക്, അതായത് ദേഹമാണ് ഞാൻ എന്ന അജ്ഞാനത്തിന്റെ ഇരുട്ടിലേക്ക് കടന്നു. പഞ്ചഭൂതനിർമ്മിതമായ ദേഹത്തിലേക്ക് മനസ്സ് പ്രവേശിക്കുമ്പോൾ ആ മനസ്സിൽ കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം തുടങ്ങിയ പഞ്ച വികാരങ്ങൾ ജനിക്കും. വികാരങ്ങളിൽ നിന്ന് വികർമങ്ങളും വികർമ്മങ്ങളിൽ നിന്ന് ദുഃഖങ്ങളും തുടങ്ങി. ദേവതകൾ വാമഭാഗത്തേക്ക് തിരിഞ്ഞു, ലക്ഷ്മണ രേഖ ലംഘിച്ച സീത രാവണനാൽ അപഹരിക്കപ്പെട്ടു, ആദവും അവ്വയും വിലക്കപ്പെട്ട കനി കഴിച്ച് ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു തുടങ്ങിയ പരാമർശങ്ങൾ ആത്മബോധത്തിൽ നിന്നും ദേഹ ബോധത്തിലേക്കും വികാരങ്ങളിലേക്കും പതിച്ച് ദേവ പദവി നഷ്ടപ്പെടുത്തിയ കാര്യമാണ് സൂചിപ്പിക്കുന്നത്.
ദ്വാപര യുഗം വേദകാലം, ദ്വൈത കാലം
വേദസ്വരൂപരായി പവിത്രമായി ജീവിച്ചിരുന്ന ദേവതകൾ സാധാരണ മനുഷ്യരെപ്പോലെ വികാരങ്ങൾക്ക് അടിമപ്പെട്ട കാലത്തിൻ്റെ ഈ സന്ധ്യയിലാണ് വേദകാലം ആരംഭിക്കുന്നത്. മനുഷ്യൻ്റെ ദുഃഖത്തിന് അറുതി വരുത്തുവാൻ തപസ്സ് ചെയ്ത ഋഷികൾ അവരുടെ മനോമുകരത്തിൽ തെളിഞ്ഞ സത്യങ്ങൾ വേദങ്ങളായും പിന്നെ പുരാണങ്ങളായും രചിച്ചു. ഈ കാലഘട്ടത്തിൽ ജന്മം കൊണ്ട അബ്രഹാം, ശ്രീബുദ്ധൻ, യേശു ക്രിസ്തു, മുഹമ്മദ് നബി, ശങ്കരാചാര്യർ തുടങ്ങിയ മഹാത്മാക്കളും ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുവാൻ ശ്രമിച്ചു. എന്നാൽ കാല നിയമം അനുസരിച്ച് കാലം കലിയുഗത്തിലേക്ക് കടക്കും. കലി കറുത്ത യുഗമാണ്, മനുഷ്യനെ കൊണ്ട് മഹാപാപകർമ്മങ്ങൾ ചെയ്യിപ്പിക്കുന്ന സമയമാണ്. അതിൻ്റെ ഫലമായ കൊടിയ ദുഃഖങ്ങളും ദുരിതങ്ങളും മനുഷ്യകുലം അനുഭവിക്കേണ്ടിവരും.
കലിയുഗാന്ത്യം- ഘോരാന്ധകാരം ലോകമഹായുദ്ധം അങ്ങനെ കാലം കലിയുഗത്തിൻ്റെ അന്ത്യത്തിൽ എത്തുമ്പോൾ അജ്ഞാനത്തിൻ്റെയും അധർമ്മത്തിൻ്റെയും ഇരുട്ട് സർവ്വത്ര വ്യാപിക്കും. ദേവകാല സ്മൃതികളും വേദകാല അറിവുകളും വിസ്മരിച്ച മനുഷ്യർ ഇതിഹാസത്തിൽ പറയുന്ന സർവ്വസംഹാരിയായ ആണവായുധങ്ങൾ വരെ ഉണ്ടാക്കി പരസ്പരം യുദ്ധം ചെയ്യും. ആണവയുദ്ധം, പ്രകൃതി ദുരന്തം, ആഭ്യന്തര കലാപം ഇതിലൂടെ പഴയ പതിത ലോകത്തിൻ്റെ മഹാസംഹാരം നടക്കും.
സൃഷ്ടിയുടെ ഈ രാത്രിയിൽ, ലോകം മഹായുദ്ധത്തിന് തയ്യാറെടുത്ത് നിൽക്കുന്ന സമയത്ത് ആദി ഗുരു ശിവൻ അവതരിക്കും
ആരെയാണ് ഭാരതം ശിവലിംഗ രൂപത്തിൽ പൂജിക്കുന്നത്.
എല്ലാ ജീവാത്മാക്കളും സത്യയുഗം മുതൽ ജനന മരണ ചക്രത്തിൽ കറങ്ങുമ്പോൾ സമസ്ത ആത്മാക്കളുടെയും ജഗത്തിൻ്റെയും നാഥനായ പരമാത്മാവ് മാത്രം ജനന മരണ രഹിതനായി പരബ്രഹ്മത്തിൽ പ്രകാശിക്കുന്നു. പരബ്രഹ്മത്തിൽ പ്രകാശിക്കുന്ന, ജനന മരണരഹിതനായ ആ പരമാത്മാവിനെയാണ് സർവ്വ മംഗള കാരി എന്ന അർത്ഥത്തിൽ ഭാരതം ശിവൻ എന്ന് വിളിച്ചത്. നിരാകാരനായ ആ ശിവജ്യോതിയുടെ പ്രതീകങ്ങളാണ് ഭാരതത്തിൽ കാണുന്ന ശിവ ജ്യോതിർലിംഗങ്ങൾ. രാമേശ്വരൻ, ഗോപേശ്വരൻ, ദേവാധിദേവൻ, നരകവൈരി, പാപകടേശ്വരൻ, മുക്തേശ്വരൻ, വിശ്വേശ്വരൻ, പൂർണ്ണേശ്വരൻ, മഹാകാലേശ്വരൻ, ഓങ്കാരേശ്വരൻ, സോമനാഥൻ, പശുപതി നാഥൻ തുടങ്ങിയ പേരുകളിൽ ഭാരതത്തിൽ പൂജിക്കപ്പെടുന്ന ശിവലിംഗങ്ങൾ വിശ്വമഹേശ്വരനായ പരമാത്മാവിൻ്റെതാണ്. ആ പരമാത്മാവിനെ തന്നെയാണ് അല്ലാഹു യഹോവ എന്ന് വിളിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ വിശ്വ സാഹോദര്യം യാഥാർത്ഥ്യമാകും.
ശിവനും ശങ്കരനും
ശിവൻ എന്ന് പറയുമ്പോൾ മനസ്സിൽ തെളിയുന്നത് കഴുത്തിൽ സർപ്പത്തെ അണിഞ്ഞ, ചന്ദ്രക്കല കൂടിയ ശങ്കര രൂപമാണ്. ബ്രഹ്മാവിലൂടെ സൃഷ്ടി വിഷ്ണുവിലൂടെ പാലന ശങ്കരനിലൂടെ സംഹാരം എന്നാണ് പറയുന്നത്. ഭഗവാൻ്റെ ഈ കർത്തവ്യത്തിൻ്റെ ഓർമ്മയ്ക്കാണ് ശിവലിംഗത്തിൽ മൂന്നു വര ഇടുന്നത്. മേൽപ്പറഞ്ഞ രൂപം സംഹാരമൂർത്തിയായ ശങ്കരൻ്റെതാണ് എന്ന് മനസ്സിലാക്കി പരം ധാമത്തിൽ വസിക്കുന്ന പരമേശ്വരനായ പരമാത്മാശിവനെ ധ്യാനിക്കുവാനാണ് സ്വയം പരമാത്മാവ് വന്ന് നമ്മളെ പഠിപ്പിക്കുന്നത്.
ഭാരതം നശിക്കില്ല, ദേവതാ ധർമ്മം പുന:സ്ഥാപിക്കപ്പെടും
ഈ മഹാവിനാശത്തിൽ ആത്മാക്കൾ നശിക്കില്ല. മാത്രമല്ല പ്രകൃതിയും ഭൂമിയും നശിക്കില്ല. നശിക്കുന്നത് പഴയ പതിത കലിയുഗമാണ്. ആ സ്ഥാനത്ത് പാവനമായ ദേവലോകം സ്ഥാപിക്കപ്പെടും. ഈ വിനാശത്തിലും സനാതനഖണ്ഡമായ ഭാരതം അവശേഷിക്കും. ആ ഭാരതം യഥാർത്ഥ വൈകുണ്ഡമായിട്ടുണ്ടാകും. സാക്ഷാൽ ശ്രീകൃഷ്ണൻ ജന്മമെടുക്കും . അതുകൊണ്ടാണ് പ്രളയ ജലത്തിൽ ശ്രീകൃഷ്ണൻ ഒഴുകി വരുന്നതായി കാണിക്കുന്നതും കണി വയ്ക്കുമ്പോൾ നമ്മൾ ശ്രീകൃഷ്ണനെ വയ്ക്കുന്നതും. ശ്രീകൃഷ്ണൻ തന്നെയാണ് ശ്രീ നാരായണനായി പാലന ആരംഭിക്കുന്നത്. സൃഷ്ടിയുടെ പകലിൽ പിറവിയെടുക്കുന്നത് കൃഷ്ണനാണ്. അതുകൊണ്ട് നമ്മൾ കൃഷ്ണ ജയന്തി എന്നു പറയുന്നു. എന്നാൽ രാത്രിയെ പകലാക്കുവാൻ രാത്രിയുടെ മൂർദ്ധന്യതയിൽ വരുന്നത് ശിവനാണ്, അതുകൊണ്ടാണ് ശിവരാത്രി എന്ന് പറയുന്നത്. പുരാണങ്ങളുടെ കഥകളിൽ മറഞ്ഞിരിക്കുന്ന ഈ അച്ഛൻ്റെയും ശ്രേഷ്ഠനായ പുത്രൻ്റെയും സത്യം മനസ്സിലാക്കുമ്പോൾ സത്യയുഗം പിറക്കും.
ശിവൻ വീണ്ടും അവതരിക്കേണ്ട സമയമായോ
ഉണരേണ്ട സമയമായി എന്നറിഞ്ഞാൽ മാത്രമേ ഉണരൂ. ദ്വാപര യുഗം മുതൽ തുടങ്ങിയ കുംഭകർണനിദ്രയിൽ നിന്നും നമ്മൾ ഉണരേണ്ട സമയം സമാഗതമായി. ഏതാണ്ട് 800 കോടിയിലേറെ മനുഷ്യർ, 100 പ്രാവശ്യം ഭൂമിയെ ചുട്ടുകരിക്കാൻ ആവശ്യമായ ആണവായുധങ്ങളുമായി പോരിന് അണിനിരന്നു കഴിഞ്ഞു. ഒരു കൂട്ടക്കുരുതി അകലെയല്ല. മഹാഭാരതത്തിലും ഭാഗവതത്തിലുമെല്ലാം പറയുന്നതുപോലെ കബന്ധങ്ങൾ ഇവിടെ നിറയും, രക്തപ്പുഴ ഒഴുകും. ഈ കൊടിയ ദുരന്തത്തെ അതിജീവിക്കുവാൻ ഭഗവാൻ നൽകുന്ന ശ്രീമതം അഥവാ ഉപദേശം അഥവാ അറിവ് എന്താണ്. ഞാനും എല്ലാവരും ആത്മാവാണ് എന്ന ജ്ഞാനത്തിൻ്റെ തൃക്കണ്ണ് സദാ തുറന്നു വയ്ക്കുക. അതുതന്നെയാണ് ശിവരാത്രിയിൽ പറയുന്ന ജാഗരണം അഥവാ കണ്ണു തുറന്നു വയ്ക്കൽ. രണ്ടാമതായി നിരന്തരം പരമാത്മാവിനെ ഓർമ്മിക്കുക, അതായത് ഇഹലോകത്തിൽ അലഞ്ഞു അഴുക്കുപിടിച്ച മനസ്സിനെ പരമാത്മാവിൽ നിർത്തി പരിശുദ്ധമാക്കുക. അതുതന്നെയാണ് യഥാർത്ഥമായ ഉപവാസം. അതുതന്നെയാണ് ഗീതയിൽ പറയുന്ന മന്മനാഭവ മന്ത്രം അഥവാ സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന ഉപദേശം. ഈ മഹാ ശിവരാത്രി ഭഗവാൻ്റെയും ഭാരതത്തിൻ്റെയും ഭഗവത്ഗീതയുടെയും മഹത്വം മനസ്സിലാക്കി നമ്മൾ ഓരോരുത്തരും ഉണരുകയും ഉയരുകയും ചെയ്യേണ്ട സമയമാണ്. തസ്‌മാത് ഉത്തിഷ്ഠ ഭാരത.