നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
തിരക്കേറിയ ജീവിതത്തിനിടയിൽ പലരും തങ്ങളുടെ ആത്മീയ സ്വഭാവം മറക്കുന്നു. എന്നാൽ ആത്മീയത എന്നത് കർശനമായ നിയമങ്ങൾ പാലിക്കുന്നതോ ആചാരങ്ങൾ അനുഷ്ഠിക്കുന്നതോ അല്ല – നമ്മൾ ആരാണെന്ന സത്യം മനസ്സിലാക്കുകയും അതിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ആത്മീയ ജീവിതം.
വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലാണ് ആത്മീയതയെക്കുറിച്ച് മനസ്സിലാക്കുന്നത് . ചിലർക്ക് സ്വീകാര്യത, കൃതജ്ഞത, വിട്ടുവീഴ്ച എന്നിവയിലൂടെ സഞ്ചരിക്കാനാവുന്ന സുഗമമായ പാതയാണിത്. മറ്റുള്ളവർക്ക് ഇത് ദുഷ്‌കരമായ ഒരു കാര്യമാണ്. അവിടെ അവർ ആൾക്കൂട്ടത്തിൽ സ്വയം മറന്ന് ഇടയ്ക്കിടെ അവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നു. ഈ ചോദ്യങ്ങൾക്ക് സാധാരണയായി ഉത്തരം ലഭിക്കാതെ പോകുകയും ആളുകൾ ആശയക്കുഴപ്പത്തിലാകു കയും ചെയ്യുന്നു.
നാം ആത്മീയതയുടെ ശരിയായ പാതയിലാണോ അല്ലയോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് അതിന് ഉത്തരം നൽകാൻ കഴിയുന്ന ചില ലളിതമായ തിരിച്ചറിവുകൾ താഴെ കൊടുക്കുന്നു.
ഓരോ കർമങ്ങൾക്കും ശേഷം, ഒന്ന് നിർത്തി സ്വയം ചോദിക്കുക: ഇത് എന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ?… എനിക്ക് ഇതിലൂടെതന്നെ ആത്മീയത കൈവരിക്കാൻ കഴിയുമോ?…
- പ്രതിസന്ധിയിലും മന:ശ്ശാന്തി കണ്ടെത്തൽ
വിഷമകരമായ സാഹചര്യങ്ങളിലും, വലിയ വെല്ലുവിളികൾ നേരിടുമ്പോഴും എല്ലാം തെറ്റായി പോകുന്നതായി തോന്നിയപ്പോഴും നിങ്ങൾ പ്രകോപിതനാകാതെ ശാന്തത പാലിച്ചിട്ടുണ്ടോ? ഒരുപക്ഷേ ഒരു ചൂടേറിയ വാദത്തിനിടയിലോ അല്ലെങ്കിൽ ഒരു വലിയ വെല്ലുവിളി നേരിടുമ്പോഴോ, ദേഷ്യത്തോടെ പ്രതികരിക്കുന്നതിനുപകരം നിങ്ങൾ ശാന്തമായും ക്ഷമയോടെയും തുടരാൻ തീരുമാനിച്ചുവെങ്കിൽ ഈ ശാന്തത നിങ്ങൾ ഒരു ശാന്തമായ ആത്മാവാണെന്നതിന്റെ സൂചനയാണ്. നിങ്ങളുടെ ഉള്ളിലെ സ്വാഭാവിക സമാധാനം നിങ്ങളെ ഉറച്ചുനിൽക്കാൻ സഹായിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. . ഇത് കടുത്ത കാറ്റിനിടയിലും ശാന്തമായി നിലകൊള്ളുന്ന ശ്രീ കോവിൽ പോലെയാണ്.
ചിലപ്പോഴെങ്കിലും നിങ്ങൾക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടോ?..
നിങ്ങളുടെ ആത്മീയ സ്വഭാവവുമായി നിങ്ങൾ ഇതിനകം തന്നെ ഇഴുകിച്ചേർന്നിട്ടുണ്ടോ?…
- വിധിയെക്കാൾ കരുണക്ക് മുൻതൂക്കം കൊടുക്കുക.
നിങ്ങളുടെ ആത്മീയ യാത്രയിലെ ഒരു സുപ്രധാന നിമിഷത്തിൽ, നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് കൂടുതൽ അനുകമ്പയും സഹാനുഭൂതിയും ഉള്ളവരായി മാറാം. ആത്മീയപാതയിൽ സുഗമമായി യാത്ര തുടരുമ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ പ്രയത്നങ്ങളിലും , സന്തോഷങ്ങളിലും സ്വാഭാവികമായും സഹാനുഭൂതി ഉണ്ടാകാൻ തുടങ്ങുന്നു. അങ്ങിനെ ദയനിറഞ്ഞ പ്രവൃത്തികൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു, നിങ്ങളുടെ ചുറ്റുമുള്ളവരെ സഹായിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും നിങ്ങൾ സന്തോഷം കണ്ടെത്തുന്നു. മറ്റുള്ളവരോട് കൂടുതൽ അനുകമ്പയുള്ളയാളാണ് താനെന്ന് നിങ്ങൾക്ക് സ്വയം തോന്നുന്നുവെങ്കിൽ, നിങ്ങൾ ശരിയായ പാതയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണത്.
ആരെങ്കിലും ഒരു തെറ്റ് ചെയ്യുമ്പോൾ, നിങ്ങൾ ഉടനെ വിമർശിക്കാറുണ്ടോ, അതോ അവർ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടോ?…
ഉദാഹരണത്തിന്, നേരത്തെ തീരുമാനിച്ചുറച്ച പദ്ധതികളെ പ്രത്യേകം കാരണങ്ങളൊന്നും ഇല്ലാതെ മാറ്റുകയോ വേണ്ടെന്നു വെക്കുകയോ ചെയ്ത ഒരു സുഹൃത്തിനോട് ദേഷ്യപ്പെടുന്നതിനുപകരം, ” അവർ എന്തെങ്കിലും ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നുണ്ടാകാം” എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?.. ഇങ്ങനെ ചിന്തിക്കാനുള്ള കഴിവ് ആത്മീയമാണ്. അത് സ്നേഹത്തോടും സഹാനുഭൂതിയോടുമുള്ള നിങ്ങളുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു, സ്വാഭാവികമായി ഉള്ളിൽ നിന്ന് വരുന്ന ഗുണങ്ങളാണിവ.
നിങ്ങൾക്ക് ഇതുപോലുള്ള സ്വഭാവമുണ്ടോ?….അതോ, നിങ്ങൾ നിങ്ങളുടെ ആത്മീയതയുടെ കാതലിൽ നിന്നല്ലേ പ്രവർത്തിക്കുന്നത്?…
- ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ
” ഞാൻ എന്തിന് ജനിച്ചു?”.., “എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?”… ജോലി മാറുമ്പോഴോ, ഹൃദയാഘാതത്തിൽ നിന്ന് കരകയറുമ്പോഴോ, നമ്മുടെ ചിന്തകളുമായി ഒറ്റക്കി രിക്കുമ്പോഴോ അങ്ങിനെ ഏതെങ്കിലുമൊരു വഴിത്തിരിവിലെ ത്തുമ്പോഴാണ് ഈ ചോദ്യങ്ങൾ പലപ്പോഴും മനസ്സിൽ ഉയർന്നുവരാറുള്ളത് .
ഈ ആത്മപരിശോധനാ നിമിഷങ്ങൾ നിങ്ങളുടെ അന്തരാത്മാവിൽ നിന്നും വരുന്നവയാണ് . ആത്മീയതയിലേക്ക് കൺ തുറന്നു നോക്കാനുള്ള ആഹ്വാനമായി ഇതിനെ കാണാം.
ഈ ചോദ്യങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതലായി ചിന്തിക്കാറുണ്ടോ?….
ഇത് നിങ്ങളുടെ ആത്മീയ സ്വഭാവം ഉണർന്നിരിക്കുന്നു എന്നതിന്റെ സൂചനയല്ലേ?.
- പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുക
നിങ്ങൾ ഒരിക്കലെങ്കിലും ആരെയെങ്കിലും സഹായിച്ചതിനുശേഷം അതിൽ വലിയ സന്തോഷം അനുഭവിച്ചിട്ടുണ്ടോ?
ഒരുപക്ഷേ നിങ്ങൾ ആർക്കെങ്കിലും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടാകാം – സഹായമാവശ്യമുള്ള ഒരു അപരിചിതന്, സമ്മർദ്ദത്തിലായ ഒരു സഹപ്രവർത്തകൻ, സുഹൃത്ത്, അനാഥാലയത്തിലെ കുട്ടി എന്നിങ്ങനെ ഒട്ടനേകം പേർക്ക് ഒന്നും പ്രതീക്ഷിക്കാതെ അവശ്യസമയങ്ങളിൽ സഹായിച്ചിട്ടുണ്ടാകാം. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷം യാദൃശ്ചികമല്ല,അത് നിങ്ങളുയുള്ളിലെ സ്നേഹത്തിന്റെയും ഉദാരതയുടെയും പ്രതിഫലന മാണ്. അതായത് ഒരാൾക്ക് സഹായം ചെയ്യുമ്പോൾ, കനിവും സ്നേഹവും നമ്മുടെയുള്ളിൽ പ്രകാശിക്കും. ചെറുതോ വലുതോ ആയ ഇത്തരം കാരുണ്യ പ്രവൃത്തികളിലൂടെയാണ് ആത്മീയത പ്രകാശിക്കുന്നത്. ഒരു ഊഷ്മളമായ പുഞ്ചിരിയായാലും, മറ്റൊരാളുടെ വിഷമങ്ങൾ കേൾക്കുന്നതായാലും, ഈ നിമിഷങ്ങൾ നമ്മെ നമ്മുടെ ദിവ്യസത്തയുമായി ബന്ധിപ്പിക്കുന്നു.
സഹായിക്കുമ്പോൾ നിങ്ങൾക്ക് ഈ സന്തോഷം തോന്നാറുണ്ടോ?….
ഇത് നിങ്ങളുടെ ആത്മീയതയായിരിക്കുമോ?.
- വിട്ടുവീഴ്ച ചെയ്യൽ, തൃപ്തി കണ്ടെത്തൽ
ചിലപ്പോൾ നിങ്ങൾ,
“ഈ പ്രവൃത്തി ഞാൻ സന്തോഷത്തിനായി ചെയ്യുന്നു”…എന്ന അവസ്ഥയിൽ കാണാറുണ്ടോ?
ഒരു ചിത്രം വരച്ചാലോ, ഒരു ലേഖനം എഴുതിയാലോ, ഭക്ഷണം പാചകം ചെയ്താലോ, അതിന്റെ ഫലത്തിൽ കുടുങ്ങിക്കിടക്കാതെ, ആ പ്രക്രിയ തന്നെയാണ് സന്തോഷം എന്ന മനോഭാവം ആന്തരികമായ തൃപ്തിയുടെയും, സത്യമായ ആത്മീയതയുടെയും ലക്ഷണമായി മാറുന്നു. യഥാർത്ഥ സംതൃപ്തി ഉള്ളിൽ നിന്നാണ് വരുന്നത്, കാര്യങ്ങളിൽ നിന്നോ നേട്ടങ്ങളിൽ നിന്നോ അല്ല. നിങ്ങൾക്ക് ഇതിനകം തന്നെ എല്ലാം ആവശ്യത്തിനു ണ്ടെന്നും, താൻ പൂർണ സംതൃപ്തനാണെന്നുമുള്ളതിനുള്ള ഒരു നിശബ്ദമായ ഉറപ്പാണിത്.
ഈ സംതൃപ്തി നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെടാറുണ്ടോ?…
നിങ്ങളുടെ ആത്മീയ വശമാണോ നിങ്ങളെ ഇതിലേക്ക് നയിക്കുന്നത്?…
- ജീവിതത്തോട് കൃതജ്ഞത തോന്നുന്നു
മനോഹരമായ ഒരു സൂര്യാസ്തമയം, ഒരു കുട്ടിയുടെ സന്തോഷം, അല്ലെങ്കിൽ ദയയോടെ യുള്ള ഒരു വാക്കിന്റെ ആശ്വാസം എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?.. കൃതജ്ഞത നിങ്ങളെ വർത്തമാന നിമിഷവുമായി ബന്ധിപ്പിക്കുകയും ജീവിതത്തിലെ സമൃദ്ധിയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തെ വിലമതിക്കുന്ന ഈ ലളിതമായ പ്രവൃത്തി ആഴത്തിലുള്ള ആത്മീയതയാണ്. ഇത് നിങ്ങളെ പ്രപഞ്ചസ്നേഹത്തിന്റെയും, സമൃദ്ധിയുടെയും ഊർജ്ജവുമായി സംയോജിപ്പിക്കുന്നു. ഇതൊന്നും സാധാരണ സംഭവങ്ങളല്ല; ഇവ മനസ്സിലാക്കാനുള്ള കഴിവ് ആത്മീയതയിലൂടെയാണ് കൈവരുന്നത്.
നന്ദിയുടെ നിമിഷങ്ങൾ നിങ്ങൾ കണ്ടെത്താറുണ്ടോ?…
അത് നിങ്ങളുടെ അന്തരത്മാവിന്റെ ഓർമ്മപ്പെടുത്തലല്ലേ?…
- മികച്ചവരാകാനുള്ള ആഗ്രഹം
നിങ്ങൾ എപ്പോഴെങ്കിലും ഒരു മോശം ശീലം മാറ്റാൻ ശ്രമിച്ചിട്ടുണ്ടോ?… അല്ലെങ്കിൽ നിങ്ങളുടെ തന്നെ ഒരു മെച്ചപ്പെട്ട പതിപ്പായി മാറാൻ ശ്രമിച്ചിട്ടുണ്ടോ?… ഒരുപക്ഷേ നിങ്ങൾ കൂടുതൽ ക്ഷമയുള്ളവരായിമാറാനോ, വിമർശിക്കുന്നത് നിർത്താനോ, നിങ്ങളുടെ ചുറ്റുമുള്ളവരോട് കൂടുതൽ സ്നേഹം കാണിക്കാനോ തീരുമാനിച്ചിരിക്കാം. മെച്ചപ്പെടാനുള്ള ഈ ആന്തരിക പ്രേരണ വെറും സ്വയം അച്ചടക്കം മാത്രമല്ല – നിങ്ങളുടെ തനതായ ആത്മീയ ഗുണങ്ങളും, ശക്തികളും അവയെ പ്രതിരോധിച്ചുനിന്നിരുന്ന ദുർവികാരങ്ങളെ മറികടക്കാൻ ആഗ്രഹിക്കുന്നുവെ ന്നതിന്റെ തെളിവാണ്. ആത്മീയത പരിവർത്തനത്തെക്കുറിച്ചാണ്, നിങ്ങൾ ചെയ്യുന്ന ഓരോ ശ്രമവും ഈ പാതയിലെ ഒരു പുതിയ ചുവടുവയ്പ്പാണ്.
വളർച്ചയ്ക്കുള്ള ഈ ആഗ്രഹം നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ?…
അത് നിങ്ങളുടെ ആത്മീയ യാത്രയല്ലേ?…
- കൂടുതൽ ബോധവാനാവുക
ആത്മീയ വളർച്ചയുടെ ആദ്യ ലക്ഷണങ്ങളിലൊന്ന് സ്വയം അവബോധത്തിന്റെ വർദ്ധനവാണ്. നിങ്ങൾ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നു, നിങ്ങളുടെ ചിന്തകളിലും, പ്രവൃത്തികളിലും, വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടുതൽ വിധിന്യായങ്ങളില്ലാതെ നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ഈ ആത്മപരിശോധന നിങ്ങളുടെ പ്രചോദനങ്ങളെയും, പ്രതികരണങ്ങളെയും മനസ്സിലാക്കാൻ നിങ്ങളെ അനുവദിക്കുന്നു, ഇത് വ്യക്തിഗത വളർച്ചയുടെ വഴിയിൽ നിങ്ങളെ മികച്ചതാകാൻ സഹായിക്കുന്നു. ആത്മീയതയിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ, അത് നിങ്ങളെ നിഷ്പക്ഷമായി സ്വയം നിരീക്ഷിക്കാനുള്ള പ്രോത്സാഹനം കൂടിയാണ്.
സ്വയം അവബോധത്തിൻ്റെ വർദ്ധന നിങ്ങളിൽ ഉണ്ടായിട്ടുണ്ടോ?.. ഉണ്ടെങ്കിൽ അത് ആത്മീയതയിലേക്കുള്ള ചുവടുവയ് പ്പല്ലേ?…
- കൂടുതൽ ശ്രദ്ധ
ആത്മീയതയോട് ആകർഷണമുള്ള വ്യക്തിയാണ് എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നിങ്ങൾ ശ്രദ്ധാലുവും അവബോധമുള്ളവനുമാകുന്നു എന്നതാണ്. ആത്മീയതയിൽ ശ്രദ്ധാപൂർവ്വമായ പെരുമാറ്റം ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, ശ്രദ്ധാപൂർവ്വമായ പെരുമാറ്റം എന്നത് നിങ്ങൾ പൂർണ്ണമായും ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്. നിങ്ങൾ സ്വയത്തോട് കൂടുതൽ ആത്മീയമായി സമന്വയിക്കപ്പെടുകയും ഇപ്പോൾ നിങ്ങൾക്കുള്ളത് മാത്രമല്ല, പ്രപഞ്ചം എക്കാലത്തും നിങ്ങൾക്ക് നൽകിയ എല്ലാറ്റിന്റെയും മനോഹാരിതയെ വിലമതിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, ഭൂതകാലത്തെയോ ഭാവിയെക്കുറിച്ചോ ഉള്ള അനാവശ്യമായ ആശങ്കകൾ ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയും.
ഭൂതകാലത്തേയോ, ഭാവിയേക്കുറിച്ചോ ഉള്ള ആശങ്കകളില്ലാതെ പൂർണ്ണമായും ഈ നിമിഷത്തിൽ ജീവിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?…
അപ്പോൾ നിങ്ങൾ കൂടുതൽ ആത്മീയമായി സമന്വയിക്കപ്പെടുകയല്ലെ?…
- നിങ്ങൾ പ്രകൃതിയോട് കൂടുതൽ അടുക്കുന്നു.
മനുഷ്യൻ ഒരു ആത്മീയ യാത്രയിലായിരിക്കുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ പ്രകൃതിയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ഏകാന്തതയിലിരുന്ന് ധ്യാനം അല്ലെങ്കിൽ ജപം പോലുള്ള ലളിതമായ പ്രവൃത്തികൾ ചെയ്യുമ്പോഴും, അല്ലെങ്കിൽ പുല്ല് വിരിച്ച ഒരിടത്ത് ഇരിക്കുന്നതിന്റെ സുഖം അനുഭവിക്കുമ്പോഴും അവ നിങ്ങളെ കൂടുതൽ സ്ഥിരതയുള്ളവരാക്കുന്നു, അതേസമയം നിങ്ങൾ സന്തോഷവാനായിരിക്കുകയും ചെയ്യുന്നു. അങ്ങിനെയുള്ള ഒരു വ്യക്തി പലപ്പോഴും പ്രകൃതിയുടെയും, ചുറ്റുപാടുകളുടെയും ലാളിത്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. അത് ശാന്തമായ ഒരു മുറിയായാലും, ഒഴുകുന്ന നദിയായാലും, നക്ഷത്രനിബിഡമായ ആകാശമായാലും… ആത്മീയത നിങ്ങളെ പ്രകൃതി സൗന്ദര്യത്തെ അഭിനന്ദിക്കാൻ പ്രാപ്തരാക്കുക മാത്രമല്ല, എല്ലാ ജീവജാലങ്ങളും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ പ്രാപ്ത മാക്കുകയും ചെയ്യുന്നു.
നിങ്ങൾ പ്രകൃതിയുമായി കൂടുതലടുക്കുമ്പോൾ ആ സൗന്ദര്യത്തിൽ സന്തോഷം അനുഭവപ്പെടുന്നുണ്ടോ? …
അത് ആത്മീയതയുടെ ലക്ഷണമല്ലേ?…
- സുഖഭോഗങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു
ആധുനിക ജീവിതത്തിലെ ഒരു പ്രധാന പ്രശ്നവും ഇത്രയധികം ആളുകൾ ആത്മീയതയിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ ഒരു പ്രധാന കാരണവും ആഡംബരങ്ങളുടെ ആധിക്യമാണ്. ഏറ്റവും വിലയേറിയ ഹാൻഡ്‌ബാഗുകൾ മുതൽ ഏറ്റവും രുചികരമായ ഭക്ഷണം വരെ, എല്ലാം നിങ്ങൾക്ക് ഒരു ക്ലിക്കിൽ ലഭ്യമാണ്, തുടർന്ന് ആർക്കാണ് കൂടുതൽ മെച്ചപ്പെടാൻ കഴിഞ്ഞത്, ആർക്കാണ് വേഗത്തിൽ ലഭിച്ചത് എന്നതിന്റെ ഒരു മത്സരംതന്നെ ഉണ്ടാകുന്നു!…തുടർന്ന് നിങ്ങൾ ആത്മീയതയിലേക്ക് നടക്കുമ്പോൾ, നിങ്ങൾ ഈ ആഗ്രഹങ്ങളിൽ നിന്നെല്ലാം സ്വയം അകന്ന് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തിരിച്ചറിയുന്നു.
വിജയത്തിന്റെയും, സന്തോഷത്തിന്റെയും ദൈനംദിന സങ്കൽപ്പങ്ങളെ നിങ്ങൾ ചോദ്യം ചെയ്യുകയും കൂടുതൽ ആഴമേറിയതും അർത്ഥവത്തായതുമായ ഒരു അസ്തിത്വം തേടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ആത്മീയതയുടെ ശരിയായ പാതയിലാണെന്ന് മനസിലാക്കാം.
- കൂടുതൽ സന്തോഷവാനാകുന്നു
സന്തോഷം പല കാര്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ചിലർക്ക് അത് ലൗകിക സമ്പത്തുകളിൽ നിന്നാണ്, മറ്റുള്ളവർക്ക് തന്നിൽ ആത്മീയമായ സമ്പത്തുകൾ നിലനിൽക്കുന്നുണ്ടെന്ന ലളിതമായ തിരിച്ചറിവിൽ നിന്നാണ്. നിങ്ങൾ ആത്മീയതയുടെ പാതയിലായിരിക്കുമ്പോൾ, നിങ്ങൾക്ക് രണ്ടാമത്തെ തരത്തിലുള്ള സന്തോഷം ലഭിക്കും. വാസ്തവത്തിൽ, സന്തോഷത്തേക്കാൾ കൂടുതൽ, നിങ്ങളിൽ കൃതജ്‌ഞതയാണ് ഉള്ളത്!… ആത്മീയ പാതയിലൂടെ നടക്കുമ്പോൾ, നിങ്ങൾ ജീവിതത്തിന്റെ പോസിറ്റീവ് ആയ വശങ്ങൾ കാണുകയും അവയെ വിലമതിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അതോടെ രാവിലെ നിങ്ങൾക്ക് കുടിക്കാനുള്ള ചായ ഉണ്ടാക്കാൻ കഴിയുന്നതുപോലുള്ള ലളിതമായ സന്തോഷങ്ങൾ മുതൽ ജോലിസ്ഥലത്ത് വിജയകരമായ ഒരു ദിവസം പൂർത്തിയാക്കുന്നതിന്റെ സന്തോഷം വരെ നിങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയായി.
നിങ്ങൾ ജീവിതത്തിൻ്റെ പോസിറ്റീവ് വശങ്ങൾ കാണുകയും അവയ്ക്ക് പ്രധാന്യം കൊടുക്കുകയും ചെയ്യാറുണ്ടോ?… എങ്കിൽ നിങ്ങൾ ആത്മീയ പാതയിലാണെന്നാണ് അതിനർത്ഥം.
- അഹങ്കാരം ഉപേക്ഷിക്കാൻ തുടങ്ങുന്നു.
അസൂയക്കും അഹങ്കാരത്തിനും കാരണമാകുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുന്നതുവരെ നിങ്ങൾക്ക് യഥാർത്ഥ ആത്മീയത ആസ്വദിക്കാൻ കഴിയില്ല. എല്ലാ അധികാരങ്ങളിൽ നിന്നും സാധൂകരണവും താരതമ്യവും തേടുന്ന ആ വശം നിങ്ങൾ ഉപേക്ഷിക്കുമ്പോൾ, നിങ്ങൾ സ്വയം മെച്ചപ്പെടുത്താൻ തുടങ്ങും. ആത്മീയമായി ബോധവാന്മാരാകുമ്പോൾ, ബാഹ്യമായ അംഗീകാരത്തിന്റെ ആവശ്യകത നിങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങുന്നു. അഹങ്കാരത്തിൽ നിന്നുള്ള ഈ വേർപിരിയൽ ജീവിതത്തിലെ പ്രശ്നങ്ങളെ എളുപ്പത്തിൽ പരിഹരിക്കാനും വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ അഹങ്കാരം ഉപേക്ഷിച്ച് ബാഹ്യമായ അംഗീകാരത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണോ?… അങ്ങനെയെങ്കിൽ നിങ്ങൾ ആത്മീയതയിലേക്ക് കടന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം….
- യഥാർത്ഥത്തിൽ, നിങ്ങൾ ഇതിനകം തന്നെ ആത്മീയനാണ്. ഈ അടയാളങ്ങൾ “ആത്മീയത ഇഷ്ടപ്പെടുന്നവർക്ക്” മാത്രമുള്ളതല്ല – അവ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗങ്ങ ളാണ്. ഇവയെ ശ്രദ്ധിക്കുന്നതിലൂടെ, നിങ്ങൾ യഥാർത്ഥ നിങ്ങളുമായി വീണ്ടും ഒരുമിക്കുകയാണ്.
നിങ്ങളുടെ ജീവിതത്തിൽ ഈ ലക്ഷണങ്ങൾ കണ്ടിട്ടുണ്ടോ?…
ആത്മീയതയെ കൂടുതലായും, പൂർണ്ണമായും സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണെന്ന് തോന്നാറുണ്ടോ?… നമുക്ക് ഇതിനെക്കുറിച്ച് ഒരുമിച്ച് ചിന്തിക്കാം.
നിങ്ങളുടെ ആത്മീയ സത്തയുമായി ബന്ധപ്പെടാൻ ദിവസവും പല സാഹചര്യങ്ങളിലായി പരിശീലിക്കാവുന്ന ഒരു ചെറിയ ധ്യാനത്തിന് താഴെപ്പറയുന്ന ചിന്തകൾ ഉപയോഗിക്കാം.
പ്രഭാത ധ്യാനം: ഞാൻ ശാന്തനായ ഒരു ആത്മാവാണ്….
എന്റെ മനസ്സ് ശാന്തമാണ്, എന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു, ഞാൻ വർത്തമാന നിമിഷത്തിൽ ഉറച്ചുനിൽക്കുന്നു…… എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾ എന്നെ എന്റെ കർത്തവ്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല…. ഞാൻ ശക്തവും, നിശ്ചലവും, ശാന്തവുമാണ്….
ജോലിസ്ഥലത്ത് :
വെല്ലുവിളികൾ നേരിടുമ്പോൾ: ഞാൻ ഈ സാഹചര്യത്തെ ക്ഷമയോടെ നേരിടാൻ താല്പര്യപ്പെടുന്നു… . ജീവിതത്തിലെ ഓരോ രംഗത്തിനും ഒരു ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു….
മറ്റുള്ളവരെ സഹായിക്കുമ്പോൾ: ഞാൻ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് ഈ സഹായം ചെയ്യുന്നത്……
ദയ എന്റെ അന്തസത്തയുടെ പ്രതിഫലനമാണ്…..
സ്വയം സംശയം ഉയരുമ്പോൾ: ഞാൻ വളരെ മൂല്യവാനായ ഒരു വ്യക്തിയാണ് . എന്റെ മൂല്യം ഞാൻ ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് ഞാൻ ആരാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു – പ്രകാശമാനവും, ഊർജ്ജസ്വലവുമായ ഒരു പ്രകാശ ബിന്ദുവാണ് ഞാൻ…..
വൈകുന്നേരം ആ ദിവസത്തിന് കൃതജ്ഞതയർപ്പിക്കുക: എന്റെ ഒരു ദിവസം അവസാനിക്കുമ്പോൾ, ഞാൻ അനുഭവിച്ചതോ പങ്കിട്ടതോ ആയ സന്തോഷത്തിന്റെയും, ദയയുടെയും, സമാധാനത്തിന്റെയും നിമിഷങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. വളരാനും സ്നേഹിക്കാനും ലളിതമായിരിക്കാനും ഇന്നെനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻപ്രപഞ്ച സത്യത്തിനോട് നന്ദിയുള്ളവനാണ്….
ഇതുപോലെയുള്ള ചിന്തകൾ പതിവായി ആവർത്തിക്കുക. നിങ്ങളുടെ ആത്മീയ സ്വഭാവത്തെക്കുറിച്ച് സ്വയം ഓർമ്മിപ്പിക്കാനും, നിങ്ങളുടെ ആന്തരിക വ്യക്തിത്വവുമായി ഒരു നല്ല ബന്ധം നിലനിർത്താനുമുള്ള മനോഹരമായ ഒരു മാർഗമാണിത്.