സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ.
മാനസിക സമ്മർദ്ദവും, ആശങ്കയുമില്ലാത്ത ജീവിതം അസാധ്യമാണെന്ന് സാധാരണയായി നമ്മൾ പറയാറുണ്ട്. നമ്മളിൽ ചിലർ മാനസിക പിരിമുറുക്കം സ്വാഭാവികമാണെന്ന് കരുതുമ്പോൾ, മറ്റു ചിലർ അല്പം സമ്മർദ്ദം നല്ലതാണെന്നും പറയുന്നു . മാനസിക പിരിമുറുക്കങ്ങളും, ആശങ്കയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു എന്ന അഭിപ്രായമുള്ളവരെയും കാണാം .
പൊതുവായ കാഴ്ചപ്പാടുകളും , അഭിപ്രായങ്ങളും വ്യത്യസ്തങ്ങളാണ് . എന്നാൽ മാനസിക സമ്മർദ്ദം എന്ന വാക്ക് പൊതുവായ ഒരു കാര്യമേയല്ല . നമ്മുടെ വ്യക്തിപരമായ വിശ്വാസങ്ങളും , മറ്റുള്ളവരുടെ അഭിപ്രായങ്ങളും, ബാഹ്യ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും, അതുപോലെ ഏറ്റവും പ്രധാനമായി, ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയും കാരണം നാമെല്ലാം ആശയക്കുഴപ്പത്തിലാകുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു .
നമ്മുടെ അവബോധം 5 തലങ്ങളിലേക്ക് വഴിമാറുന്നത് സമ്മർദ്ദരഹിതമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു. അത്തരം 5 ഘട്ടങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം:
ഘട്ടം 1 – വിഷമിക്കേണ്ട … എല്ലാം നല്ലതിന് വേണ്ടി സംഭവിക്കുന്നു – വളരെയധികം വിഷമിച്ചുകൊണ്ടിരിക്കുന്ന ആളുകളോട് “സംഭവിക്കുന്നതെല്ലാം നല്ലതിന്”… എന്ന് പറയുമ്പോൾ അവർക്കത് ഉൾക്കൊള്ളാൻ പ്രയാസമായി തോന്നിയേക്കാം. തന്റെ ഓഫീസിലെ സഹപ്രവർത്തകനിൽ നിന്നുള്ള മതിപ്പില്ലായ്മ , ഗുരുതരമായ അസുഖം, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ മാനസിക പിരിമുറുക്ക ങ്ങളിലേക്കും, ആശങ്കയിലേക്കും നമ്മെ നയിക്കാറുണ്ട്. എന്നാൽ അതേ സമയം അതെല്ലാം നല്ലതിന് വേണ്ടിയാണെന്നും നമ്മൾ പറയുന്നു .
ആത്മീയ ജ്ഞാനം നമ്മെ ശാന്തവും ഭാരരഹിതവുമാക്കുന്നു. ഈ നിമിഷത്തിൽ സംഭവിക്കുന്നതെന്തും നമുക്ക് ശരിയാണ്. കൂടാതെ, അത് നമ്മെ ആന്തരികമായി ശക്തിപ്പെടുത്തുകയും ആത്മീയമായും വൈകാരികമായും വിവേകിയാക്കുകയും ചെയ്യുന്നു . മാത്രമല്ല അവ മുൻകാലങ്ങളിൽ നമ്മൾ സൃഷ്ടിച്ച നെഗറ്റീവ് കർമ്മ അക്കൗണ്ടുകൾ തീർക്കുകയും നമ്മളെ ഭാരരഹിതമാക്കുകയും കൂടി ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഇത് ഒരു പരീക്ഷണമാണ്. ഈ പരീക്ഷണത്തിലൂടെ കടന്നുപോകവേ , നമുക്ക് ഒരു മികച്ച ഭാവി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും നാം തിരിച്ചറിയാൻ തുടങ്ങുന്നു . അതിനാൽ, ഒരു മഹാവാക്യം എപ്പോഴും ഓർമ്മിക്കണം –
“കടന്നു പോയവയെല്ലാം നല്ലതാണ്, ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് വളരെ നല്ലതാണ്, നിലവിലെ വിഷമകരമായ സാഹചര്യത്തിൽ സ്ഥിരതയോടെയും സംതൃപ്തിയോടെയും നിലകൊള്ളുന്നതിലൂടെ നാം സൃഷ്ടിക്കുന്ന ഭാവിയും വളരെ മികച്ചതായിരിക്കും”…..
ഈ ബോധത്തോടെ ദിവസം ആരംഭിക്കുന്നത് ജീവിതം എപ്പോഴും വിജയകരമാക്കും.
ഘട്ടം 2 – എനിക്ക് സമയത്തിന് എത്താനായില്ല … കുഴപ്പമില്ല – ഇന്ന് നമ്മുടെയെല്ലാം ജീവിതം വളരെ തിരക്കുപിടിച്ച ഒരു ഓട്ടത്തിലാണ്. ജീവിതത്തിൻ്റെ ഓരോ ചുവടും സമയത്ത് ജോലികൾ പൂർത്തിയാക്കുന്നതിനും കാര്യങ്ങൾ വേഗത്തിലും മികച്ചതാക്കി മാറ്റുന്നതിനും ഉയർന്ന ജീവിതം കെട്ടിപ്പടുക്കുന്നതിനുമായി നമ്മൾ വിനിയോഗിക്കുന്നു . വളരെ തിടുക്കപ്പെട്ടാണ് നമ്മൾ ഈ സമയത്ത് ഓരോ കാര്യവും ചെയ്യുന്നത്. എന്നാൽ ഓരോ കാര്യത്തിലും തിടുക്കം കാണിക്കുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കുന്നു എന്നത് മാത്രമല്ല, ഇതിനെക്കുറിച്ചുള്ള ഓരോ ചിന്തയും അതുമായി ബന്ധപ്പെട്ട ഉത്കണ്ഠയും നമ്മുടെ മാനസികവും, വൈകാരികവും, ആത്മീയവും, ശാരീരികവുമായ ആരോഗ്യത്തെ വളരെയേറെ ബാധിക്കുന്നു. അതിനാൽ കാര്യങ്ങൾ കൂടുതൽ സമയമെടുത്ത് ശാന്തമായി ചെയ്യുന്നതായിരിക്കും നല്ലത്. കാരണം ശാന്തമായ മനസ്സോടുകൂടി കാര്യങ്ങൾ ചെയ്യുമ്പോൾ നല്ല അനുഭവങ്ങളാണ് നമുക്ക് ലഭിക്കുന്നത്. നാം ഇത് തിരിച്ചറിയുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. തിടുക്കം കൂട്ടുന്നത് ശരിയായ സ്വഭാവമല്ല. തിടുക്കപ്പെട്ട ചിന്ത നിങ്ങളുടെ വഴിയിൽ കൂടുതൽ തടസ്സങ്ങൾ കൊണ്ടുവരും, കാരണം നിങ്ങൾ പ്രസരിപ്പിക്കുന്ന ഊർജ്ജം, അത് നിങ്ങളിലേക്ക് തന്നെ തിരികെയെത്തുന്നു എന്നതാണ് യാഥാർഥ്യം. തിരക്ക് കൂട്ടുന്തോറും നിങ്ങൾക്കു ചുറ്റും ഒരു നെറ്റീവ് എനർജി പ്രസരിക്കുന്നു . നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾക്ക് ആ നെഗറ്റീവ് എനർജി അനുഭവപ്പെടുകയും അത് അവരെക്കൂടി വിഷമിപ്പിക്കുകയും ചെയ്യുന്നു . കുറച്ചു കാലത്തെ ഒരു പരാജയം നിങ്ങളുടെ മനസ്സിനും, ശരീരത്തിനും, ബന്ധത്തിനും നീണ്ടകാലം നിലനിൽക്കുന്ന ആപത്തു വരുത്തുന്നതിനേക്കാൾ നല്ലതാണ്. അതിനാൽ, നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ജോലികൾ ചെയ്യുക, നിങ്ങളുടെ ഓഫീസിലേക്ക് കാർ ഓടിക്കുക, നിങ്ങളുടെ വീട്ടുജോലികളും ഓഫീസ് ദിനചര്യകളും പൂർത്തിയാക്കുക, തിരക്കേറിയ ജീവിതത്തെ പ്പോലും സരളമായി കൈകാര്യം ചെയ്യുക , അതെല്ലാം ശാന്തമായി തിരക്കില്ലാത്തതും, ക്ഷീണമില്ലാത്തതുമായ മാനസികാവസ്ഥയിലാണ് ചെയ്യേണ്ടത് .ഇതുവഴി, നിങ്ങൾ ജീവിതത്തിൻ്റെ ഇപ്പോഴുള്ള നിമിഷങ്ങൾ ആസ്വദിക്കുകയും എല്ലാ തലങ്ങളിലും ദീർഘകാല വിജയം നേടുകയും ചെയ്യും.സമയപരിധിയുടെ സമ്മർദ്ദവും, ആളുകളുടെ അമിത പ്രതീക്ഷകളും നിങ്ങളെ ബാധിക്കാതെയാ വും.
ഘട്ടം 3 – ലോകം മുഴുവനും ഒരു നാടകമാണ്,നമ്മൾ എല്ലാവരും അതിലെ അഭിനേതാക്കളാണ് – ഓരോ ദിവസവും രാവിലെ ഉണർന്നെഴുന്നേറ്റാലുടൻ സ്വയം പറയണം –
“ഞാൻ ഈ ലോക വേദിയിലെ ഒരു നടനാണ്, ഇവിടെ ഞാൻ ഒരു കഥാപാത്രമാണ് “…
നാടകവേദിയിലെ ഒരു നടൻ ഒരിക്കലും തൻ്റെ റോളുമായി താദാത്മ്യം പ്രാപിക്കുന്നില്ല, അയാൾക്ക് ആ കഥാപാത്രത്തിൻ്റെ വ്യക്തിത്വവുമായി യാതൊരു ബന്ധവുമില്ല. സ്റ്റേജിൽ അഭിനയിക്കുമ്പോഴും ഈ വേഷം താത്കാലികമാണെന്നും അത് അഭിനയമാണെന്നുമുള്ള യാഥാർത്ഥ്യം അയാൾക്ക റിയാം, വേഷം ചെയ്തുകഴിഞ്ഞാൽ ദിവസാവസാനം അയാൾക്ക് വീട്ടിലേക്ക് മടങ്ങണം. അഭിനയം കഴിഞ്ഞ് വേഷമഴിച്ചു വെച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ തന്റെ യഥാർത്ഥ വേഷത്തിലും, ബോധത്തിലുമായിരിക്കും ഉണ്ടാവുക.
മാനസിക സംഘർഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ചിന്തകളാണ്.
“ഈ റോൾ ഞാനാണ് “…
എന്നത് തെറ്റായ ബോധമാണ്. പകരം ഞാൻ ഒരു ആത്മാവാണ്, ഈ വേഷം ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെതാണ് എന്നതാണ് ശരിയായ ബോധം . എൻ്റെ റോൾ താൽക്കാലികമാണ്. ഞാൻ എന്നത് യഥാർത്ഥത്തിൽ ഒരു വ്യക്തിയല്ല. ഗുണങ്ങളും ശക്തികളും നിറഞ്ഞ ഞാൻ ഒരു ആത്മാവാണ് .
വേഷത്തോടുള്ള അകൽച്ച കൂടുന്തോറും പിരിമുറുക്കങ്ങൾ കുറയും. എൻ്റെ വ്യക്തിത്വം ആത്മാവെന്ന നിലയിലാണ് . ഓരോരുത്തരും അഭിനേതാക്കളാണ്. ചിലപ്പോൾ അവർ കാണിക്കുന്ന പ്രകടനം നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരിക്കും. അവരെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ മനസ്സിനും, ബന്ധങ്ങൾക്കും, മന:സാക്ഷിക്കും,അന്തരീക്ഷത്തിനും കൂടുതൽ സമ്മർദ്ദം വരികയേയുള്ളൂ . നെഗറ്റീവ് ആയ നിയന്ത്രണത്തേക്കാൾ പോസിറ്റീവ് ആയ സ്വാധീനം എളുപ്പമാണ്. അവർക്ക് നല്ല അനുഭവങ്ങളും, നല്ല ആശംസകളും നൽകുമ്പോൾ അവർ മാറുകയും പോസിറ്റീവായി പ്രവർത്തിക്കുകയും ചെയ്യും, ഒപ്പം ഞാനും സ്‌ട്രെസ്ൽ നിന്ന് മുക്തനാകും.
ഘട്ടം 4 – ഞാൻ എൻ്റെ ആന്തരിക നിയന്ത്രണം മറ്റൊരാൾക്ക് നൽകുന്ന അവസ്ഥ …
മാനസിക പിരിമുറുക്കങ്ങൾ സാധാരണയായി ഉണ്ടാകുന്നത്, നമ്മുടെ ചിന്തകളെയും, വികാരങ്ങളെയും, മനോഭാവങ്ങളെയും നിയന്ത്രിക്കാൻ മറ്റൊരാളെയോ സാഹചര്യത്തെയോ അനുവദിക്കുന്നതിനാലാണ് . ആരെങ്കിലും നമ്മളോട് സദാസമയവും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതായി സങ്കൽപ്പിക്കുക. ആ ചിന്ത നമ്മളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. നമ്മുടെ വികാരങ്ങൾക്കും, മനോഭാവങ്ങൾക്കും കാരണമാകുന്ന ചിന്തകളെ നിയന്ത്രിക്കാൻ മറ്റൊരാളെയോ, ഒരു സാഹചര്യത്തെയോ അനുവദിക്കരുത്. നമ്മുടെ ആന്തരിക നിയന്ത്രണം നമ്മുടെ കൈകളിൽത്തന്നെയായിരിക്കണം. അതിനർത്ഥം നമ്മൾ സ്വന്തം ചിന്തകൾ സൃഷ്ടിക്കുന്നു, എന്നാൽ അത് മറ്റുള്ളവരുടെ പ്രവർത്തനങ്ങളോടുള്ള നിഷേധാത്മകമായ പ്രതികരണങ്ങളോ, നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങളോ ആകാൻ അനുവദിക്കരുത് എന്നാണ്. ചില സന്ദർഭങ്ങളിൽ ആളുകൾ വളരെ നെഗറ്റീവ് ആയി പെരുമാറാനിടയുണ്ട്.സാഹചര്യങ്ങൾ ചിലപ്പോൾ അവർ ആഗ്രഹിക്കുന്നതുപോലെയാ യിരിക്കില്ല, എന്നാൽ ആ സമയത്തും നമ്മുടെ ചിന്തകൾ പോസിറ്റീവും, സമാധാനപരവും, ശക്തവുമായിരിക്കണം. ഓരോ നിമിഷവും നമ്മൾ നമ്മുടെ സ്വന്തം യജമാനന്മാരാകാൻ തുടങ്ങുമ്പോൾ ഉള്ളിലെ സംഘർഷങ്ങൾ അപ്രത്യക്ഷമാകും. അതിനാൽ എല്ലാ ദിവസവും രാവിലെ മനസ്സിനുള്ളിലെ സംഘർഷങ്ങളെ ഒഴിവാക്കാനായി ഒരു പ്രതിജ്ഞയെടുക്കുക- “ഞാൻ എൻ്റെ സ്വന്തം ചിന്തകളുടെ സൃഷ്ടി കർത്താവും, നിയന്ത്രകനുമാണ് . ഇന്നത്തെ എൻ്റെ ഓരോ ചിന്തയും എൻ്റെ മാത്രം പോസിറ്റീവ് ആയ സൃഷ്ടിയാണ് . എൻ്റെ മനസ്സിനെ കീഴടക്കാനും, ഈ സൃഷ്ടിയെ ദുർബലപ്പെടുത്താനും ഞാൻ ഏതെങ്കിലും ഒരു വ്യക്തിയെയോ, പ്രതികൂല സാഹചര്യങ്ങളെയോ അനുവദിക്കില്ല. ഞാൻ ഏവരോടും സമാധാനപരമായി മാത്രം ഇടപഴകും” .
ആരോടും പ്രതികൂലമായി പ്രതികരിക്കരുത്.
ഘട്ടം 5 – സമ്മർദ്ദം സാധാരണമാണ് …
നമ്മൾ ഈ വിശ്വാസത്തെ വെല്ലുവിളിച്ച സമയമാണിത് – പലവിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ നല്ലതും സാധാരണവുമാണെന്ന് നമ്മൾ അംഗീകരിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ മാനസികമായ വിഷമങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനം ഒരിക്കലും സാധ്യമല്ല. മാനസികമായും, വൈകാരികമായും നമ്മെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ പ്രതികൂല സാഹചര്യങ്ങളും, വ്യക്തികളും നമ്മളിലേക്ക് കൊണ്ടുവരുന്ന പ്രതിസന്ധികളെ മുറുകെപ്പി ടിക്കുകയും അത് നമ്മുടെ മനസ്സിനെ കീഴടക്കാൻ അനുവദിക്കുകയും ചെയ്യുന്നത് നമ്മുടെ ശീലമാണ്. ആവശ്യത്തിനും, അനാവശ്യത്തിനും ടെൻഷൻ ആവുന്നത് പ്രകൃതിവിരുദ്ധമായ ഒരു വികാരമാണ്. ഇത് സാധാരണവും നല്ലതുമാണെന്ന് നമുക്ക് തോന്നുന്നതിൻ്റെ കാരണം, നമുക്ക് ചുറ്റുമുള്ള ലോകം, അത് നൽകുന്ന വിവരങ്ങൾ, അത് നമുക്കുവേണ്ടി സജ്ജീകരിച്ചിരിക്കുന്ന ജീവിതശൈലി എന്നിവയാൽ നമ്മൾ കെട്ടപ്പെട്ടിരിക്കുന്നതുകൊണ്ടാണ് .നമ്മുടെ ഇന്നത്തെ ജീവിതശൈലിയിൽ പ്രശ്‌നങ്ങളും, വെല്ലുവിളികളും സ്വാഭാവികമാണ്. പക്ഷേ, ചുറ്റുപാടിൽ നിന്നുമുള്ള സമ്മർദ്ദത്തിൽ നിന്ന് മുക്തമായ മനസ്സ് നിലനിർത്തി അവയെ മറികടക്കുക അസാധ്യമാണെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്.ചിലരെ സംബന്ധിച്ചിടത്തോളം, മാനസികമായ പിരിമുറുക്കം ആവേശഭരിതമാണ്, എന്നാൽ ഭാവിയിൽ അത് അവരേയും അവർ ചെയ്യുന്ന ജോലികളുടെ കാര്യക്ഷമതയെയും ഇല്ലാതാക്കുമെന്ന് ഓർക്കണം. ചിലരെ സംബന്ധിച്ചിടത്തോളം, സമ്മർദ്ദം പ്രചോദിപ്പിക്കുന്നു, എന്നാൽ ചില സമയങ്ങളിൽ അത് അവരേയും അവർക്കു ചുറ്റുമുള്ള ആളുകളുടെയും ബന്ധങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു . നിരന്തരമായ മാനസിക പിരിമുറുക്ക ങ്ങളിലൂടെ കടന്നു പോകുന്നവർ മുന്നോട്ട് പോകുമ്പോൾ ശാരീരികമായും, മാനസികമായും തളരുന്നു.അത് അവരുടെ മനസ്സിലും ശരീരത്തിലും അസുഖങ്ങൾ ഉണ്ടാക്കുന്നു. ദുർബലമായ ശരീരവും മനസ്സും കൊണ്ട്, “ഇനി എന്ത് ചെയ്യണം”… എന്ന മട്ടിൽ ജീവിതത്തെ അഭിമുഖീകരിക്കേണ്ട ഒരു അവസ്ഥ വരെ എത്തുന്നു. മാനസികമായ പ്രശ്നങ്ങളിലൂടെ ഉണ്ടാകുന്ന അസുഖങ്ങളെ മാറ്റിയെടുക്കാൻ വൈദ്യശാസ്ത്രത്തിനും ബുദ്ധിമുട്ടാണ്. എന്തെന്നാൽ ചികിത്സ ആദ്യം ശരീരത്തിനും പിന്നീട് മനസ്സിനുമാണ് വേണ്ടത് എന്നാണ് നമ്മൾ കരുതുക. എന്നാൽ അങ്ങനെയല്ല മനസ്സിനെ ശാന്തമായ ഒരു അവസ്ഥയിൽ നിലനിർത്താൻ അല്പം പരിശ്രമം ആവശ്യമാണ്.
നേരത്തെ പറഞ്ഞ പല ഘട്ടങ്ങളും പ്രാവർത്തികമാക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഏതൊരു കെട്ടിടത്തിന്റെയും അടിത്തറ ശക്തമായാൽ മാത്രമേ കെട്ടിടത്തിന് നിലനിൽപ്പുള്ളൂ എന്ന് പറയാറുള്ളത് പോലെ, ശാന്തമായ മനസ്സ് ശക്തമായ ജീവിതത്തിന്റെ അടിത്തറപോലെ പ്രവർത്തിക്കുന്നു. ആദ്യം മനസ്സിനെ ശാന്തമാക്കുക, മനസ്സിനെ ശാന്തമാക്കാനുള്ള ധാരാളം വഴികൾ ഇന്ന് ലഭ്യമാണ്. അതിലൊന്നാണ് പ്രഭാതത്തിലും, സന്ധ്യാസമയത്തിലും ഉള്ള ധ്യാനം അഥവാ മെഡിറ്റേഷൻ. അല്പം സമയം അനങ്ങാതെയോ, മിണ്ടാതെയോ, ഒന്നും ചിന്തിക്കാതിരിക്കുകയോ ഇരിക്കുക എന്നല്ല ശാന്തമായ ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വസ്ഥമായ ഒരിടത്ത് ശാന്തമായിരുന്നുകൊണ്ട് തന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും വികാരവിക്ഷോഭങ്ങളെയും നിരീക്ഷിക്കുക.. അവയെ തിരിച്ചറിയുക. അതിനുശേഷം, തനിക്ക് ആവശ്യമില്ലാത്ത ചിന്തകളും വികാരങ്ങളും എങ്ങനെ ജീവിതത്തിൽ നിന്നും ഒഴിവാക്കാം എന്ന് ചിന്തിച്ച് അതിനാവശ്യമായ മാർഗങ്ങൾ തേടുക. പ്രതിവിധികൾ ലഭ്യമാണെന്നും,ഒരു പ്രശ്നങ്ങളും, ഒരു പ്രതികൂല സാഹചര്യവും സദാസമയം നിലനിൽക്കില്ല എന്ന് ഓർക്കുക.