ദഹനം നടക്കാത്ത ഉദരം ശാരീരിക രോഗങ്ങള്‍ക്ക് ഹേതുവാകുന്നതുപോലെ മനനം നടക്കാത്ത മനസ് ആശയപരമായ രോഗാവസ്ഥയെ സൃഷ്ടിക്കും. ആത്മീയ കാര്യങ്ങളില്‍ തത്പരരായിരിക്കുന്നവര്‍ക്ക് നിത്യവും നൂതനമായ അറിവുകളും ആശയങ്ങളും സ്വായത്തമായിക്കൊണ്ടിരിക്കും ഇവയെയെല്ലാം പരുവപ്പെടുത്തി പ്രായോഗികമാക്കുന്നതിനാണ് മനനം നമ്മെ സഹായിക്കുന്നത്. ആമാശയത്തിലെത്തുന്ന ഭക്ഷണം പഴമോ പച്ചക്കറിയോ ധാന്യമോ ആയിരിക്കും, പക്ഷേ അതില്‍ ദഹനരസങ്ങള്‍ കലര്‍ന്ന് ദഹിച്ച് നമ്മുടെ ശരീരത്തിലേക്ക് ചേരുമ്പോള്‍ അവവിറ്റാമിനുകളും പ്രോട്ടീനുകളും മറ്റുമായി പരിണമിക്കുന്നു. ഈ ദഹനപ്രക്രിയയില്‍ എങ്ങനെയാണോ സ്ഥൂല വസ്തുവില്‍ നിന്ന് സൂക്ഷ്മമായതിനെ വേര്‍തിരിച്ചത് അതുപോലെ മനനത്തിലൂടെ ആത്മീയ ജ്ഞാനത്തിന്‍റെ സൂക്ഷ്മത വെളിവാക്കപ്പെടും. മണിക്കൂറുകള്‍ നീണ്ട ദഹനം ഭക്ഷണത്തിന് ആവശ്യമായിരിക്കുന്നപോലെ പഠിക്കുന്ന ജ്ഞാനം നമ്മുടെ സ്വരൂപത്തിലേക്ക് ലയിച്ചു ചേരുവാന്‍ വളരെ വലിയ മനനപ്രക്രിയ ആവശ്യം തന്നെയാണ്. പലപ്പോഴും ആത്മീയ വിഷയങ്ങളില്‍ ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉടലെടുക്കാന്‍ കാരണം മനനം ചെയ്യുന്നില്ല എന്നതു കൊണ്ടാണ്. ജ്ഞാനം കേള്‍ക്കുകയോ പഠിക്കുകയോ ചെയ്യുമ്പോള്‍ ബുദ്ധിയില്‍ തല്‍ക്കാലത്തേക്ക് ഒരു വിശപ്പടങ്ങിയ അവസ്ഥ സംജാതമാകുന്നു. എന്നാല്‍ അവിടെ കൊണ്ട് തീരുന്നില്ല ജ്ഞാനാര്‍ജ്ജനം. അതിനുശേഷമാണ് മുഖ്യമായ കാര്യം ആരംഭിക്കേണ്ടത്. ആശയരൂപത്തില്‍ നാം ഗ്രഹിച്ച ജ്ഞാനം ആചരണമായി പരിണമിക്കണമെങ്കില്‍ ആ ആശയത്തെ നമ്മുടെ മനനേന്ദ്രിയത്തില്‍ കടയണം.ആശയങ്ങളെ വിമര്‍ശിക്കുവാനോ അനുകൂലിക്കുവാനോ വേണ്ടി നിരൂപണം ചെയ്യുന്ന ഒരു രീതിയല്ല മനനം.പഠിച്ചെടുത്തിനെ പ്രായോഗികമാക്കുവാന്‍ ശ്രമിച്ചാല്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങള്‍ എന്തെല്ലാമായിരിക്കും. പ്രായോഗികമാക്കുവാന്‍ എന്തെല്ലാം തടസ്സങ്ങളുണ്ട്. ആ തടസങ്ങളെ എങ്ങനെ ഞാന്‍ മറികടക്കും… എന്നീ വിഷയങ്ങളെല്ലാം മനനത്തില്‍ കൊണ്ടുവരണം.മനനം ഒരുതരം ഖനനം കൂടിയാണ്. മനസിലെ അനന്തമായ കാര്യക്ഷമതകളെ പുറത്തെടുക്കുവാന്‍ ആഴത്തിലുള്ള മനനം കൊണ്ട് സാധിക്കുന്നു. തോമസ് ആല്‍വാ എഡിസണ്‍എന്ന ശാസ്ത്രജ്ഞന്‍ തന്‍റെ മനസില്‍ ആശയമായി മിന്നിയ വൈദ്യുത വിളക്കിനെ ഒരു ഭൗതിക യാഥാര്‍ത്ഥ്യമായി മാറ്റുന്നതിന് തന്‍റെ പരീക്ഷണശാലയില്‍ അനേക വര്‍ഷം നിരന്തരമായ ഏകാന്ത പരിശ്രമം ചെയ്തു. എന്നാല്‍ ആത്മീയതയില്‍ പരീക്ഷണശാല സ്വന്തം ജീവിതം തന്നെയാണ്. മനസും ബുദ്ധിയുമാണ് പരീക്ഷണത്തിനുപയോഗിക്കുന്ന യന്ത്രോപകരണങ്ങള്‍. എല്ലാ കാര്യങ്ങളും എല്ലാവരുടേയും ജീവിതത്തില്‍ ഒരുപോലെ നടപ്പിലാക്കുവാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളും ചിന്താഗതികളും വ്യത്യസ്ഥമായിരിക്കുമല്ലോ. അതിനാല്‍ ആര്‍ക്കും ആരേയും പൂര്‍ണമായി അനുകരിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മഹത്തായ ജീവിതം നയിക്കുന്നവരെ കാണുമ്പോള്‍ അവരെപ്പോലെ ഞാനുമായിരുന്നെങ്കില്‍ എന്ന തോന്നലുണ്ടാവുന്നത് സ്വാഭാവികം. ആ തോന്നലിനെ പരമാവധി യാഥാര്‍ത്യമാക്കുന്നതിന് ആദ്യം അവരുടെ ജീവിതദര്‍ശനങ്ങളെക്കുറിച്ച് മനസിലാക്കണം. പിന്നീട് ആ ആദര്‍ശങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പൊരുത്തപ്പെടുത്തുന്നതിനായി മനനം ചെയ്യണം.മനനത്തിലൂടെ നവീനമായ ചില വെളിപാടുകള്‍ നമുക്ക് സിദ്ധിക്കും.മനസും ബുദ്ധിയും ചില പുതിയ തുടക്കങ്ങള്‍ക്കായി കരുത്തജ്ജിക്കും.ശരീരത്തിലെ ഓരോരോ കോശങ്ങളും മാറ്റത്തിനായി പ്രകമ്പനം കൊള്ളും.മനനം ചെയ്തുറച്ച ജ്ഞാനം നമ്മളിലുണ്ടെങ്കില്‍ പ്രതിസന്ധികളെ ചെറുക്കാനുള്ള ശേഷി അധികരിക്കും. സുവ്യക്തമായ കാഴ്ചപ്പാടോടെ തന്‍റെ ജീവിതലക്ഷ്യം നേടിയെടുക്കുന്നതിനായി ഏത് കഠിനപാതകള്‍ താണ്ടിയാണെങ്കിലും അവര്‍ ജീവിതരഥത്തെ മുന്നോട്ട് നയിക്കും.ശ്രദ്ധിക്കുക ജ്ഞാനമില്ലാത്ത മനസ് മനനം ചെയ്താല്‍ അസ്വസ്ഥത ജനിക്കും. മനനമില്ലാത്ത മനസ് ജ്ഞാനം കൊണ്ടുനടന്നാല്‍ പുരോഗമനം മരിക്കും
ലേഖനങ്ങൾ
മനനശക്തി
No posts found