ചോദ്യം : ഈശ്വരൻ എല്ലാം നോക്കിനടത്തുന്നവനാണോ ?
ഉത്തരം : നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ അത്തരത്തിൽ നമ്മളിലേക്ക് കടന്നുകയറ്റം നടത്തി നമ്മളെ സ്വാധീനിക്കുന്ന സ്വേച്ഛാധിപതിയല്ല . അനാദിയായ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ഈശ്വരൻ ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ സഞ്ചിത കർമത്തിന്റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്റെയും ജന്മത്തിന്റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്റെയും ആധാരമായി മാനിക്കുന്നു. മനുഷ്യർ ചിലപ്പോൾ ചോദിക്കാറുണ്ട്-, അഥവാ ഈശ്വരൻ ഉണ്ടെങ്കിൽ ഈശ്വരന് എന്തെങ്കിലും ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ? ഈ ലോകത്തെ ശരിയാക്കിക്കൂടെ? ഇങ്ങനെയൊരു ലോകം ഈശ്വരൻ സൃഷ്ടിച്ചത് എന്തിനാണ്? എന്നാൽ ഈശ്വരൻ ലോകത്തെയോ മനുഷ്യരെയോ സൃഷ്ടിച്ചിട്ടില്ല. ഈശ്വരനെ സൃഷ്ടാവെന്നു വിളിക്കുന്നതിന് പിന്നിൽ സൂക്ഷ്മമായ അർത്ഥതലങ്ങളാണുള്ളത്. അത് ഇവിടെ വിവരിക്കാൻ കഴിയില്ല. നേരിട്ട് വന്നു പഠിക്കുക. അതുപോലെ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുന്നതാണ് ഈശ്വരന്റെ രീതി. ഈശ്വരൻ നമുക്ക് സ്നേഹം-വെറുപ്പ്, സന്തോഷം-സങ്കടം, ജയം-പരാജയം, എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ ജ്ഞാനം മാത്രമേ നൽകുകയുള്ളൂ. ഈശ്വരൻ ഒരിക്കലും നമുക്ക് വേണ്ടി ഒന്നും സൃഷ്ടിച്ചു തരില്ല. മാറ്റിമറിച്ചു തരില്ല. തീരുമാനിച്ച് നൽകുകയില്ല. ജയിക്കണോ തോൽക്കണോ, നശിക്കണോ നന്നാവണോ, സ്നേഹിക്കണോ വെറുക്കണോ, വേണോ വേണ്ടയോ, എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മാവ് പരിപൂർണ്ണ സ്വതന്ത്രനാണ്. ഏതുതരം തീരുമാനങ്ങൾ നമ്മൾ എടുക്കുകയാണെങ്കിലും അത് നമ്മളെ എവിടെകൊണ്ടുചെന്നെത്തിക്കും എന്നുള്ള സത്യത്തെ ലോകസമക്ഷം വ്യക്തമാക്കി തരുന്നവനാണ് ഈശ്വരൻ. ഇതല്ലാതെ മറ്റു എന്തെങ്കിലും കാര്യങ്ങൾ ഈശ്വരൻ ചെയ്യുന്നുണ്ട് എന്ന് മറ്റു പല മനുഷ്യരും അവകാശപെടുമായിരിക്കാം. അക്കാര്യത്തിൽ ഞങ്ങൾക്ക് വിശദീകരണമില്ല.