ലേഖനങ്ങൾ

ഒരു കുഞ്ഞു പിറക്കുമ്പോൾ അച്ഛനമ്മമാർ അറിയേണ്ടത്
പൊതുവേ ഒരു ജനനവാര്‍ത്തയറിയുമ്പോള്‍ കുടുംബാംഗങ്ങളും മറ്റും, കുട്ടി ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ കറുത്തതാണോ വെളുത്തതാണോ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കാറുണ്ട്. വെറുതെ അറിഞ്ഞിരിക്കുവാനാണെങ്കില്‍ ഈ ചോദ്യം നിസ്സാരമെന്ന് കരുതാവുന്നതാണ്. എന്നാല്‍ മനസിലെ മുന്‍ധാരണകള്‍ക്ക് വിപരീതമായ ഒരുത്തരം കേള്‍ക്കുമ്പോള്‍ “ഛെ” എന്ന് മനസിലെങ്കിലും ചിന്തിച്ചാല്‍ ആ കുട്ടിക്ക് നമ്മള്‍ ആദ്യമായി നല്‍കിയ വരവേല്‍പ്പ് ഒരു കല്ലേറായി മാറുകയാണ് ചെയ്യുന്നത്. ആ ചിന്തയുടെ സൂക്ഷ്മ തരംഗങ്ങള്‍ ആ കുട്ടിയുടെ ജീവിതത്തിലേക്ക് ഏല്‍പ്പിക്കുന്ന ക്ഷതം വലുതായിരിക്കും. നവജാത ശിശുവിന് എന്തെല്ലാം പോഷകാഹാരങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അമ്മയുടെ പാലിനോളം നല്ലൊരു പോഷകാഹാരം വേറെയില്ല. മനുഷ്യന്‍റെ ബുദ്ധിയേക്കാള്‍ പ്രകൃതിക്കറിയാം കുഞ്ഞിന് വേണ്ടതെന്താണെന്ന്. അത് മുലപ്പാലിലൂടെ ആ സമയത്ത് പ്രകൃതി കനിഞ്ഞരുളുന്നുമുണ്ട്. അമ്മയുടെ ചൂടും കുഞ്ഞിന്‍റെ വളര്‍ച്ചക്കും പ്രധിരോധ ശേഷിക്കും വളരെയധികം സഹായകരമാണ്. അതിനാല്‍ കുഞ്ഞിനെ എടുക്കുക, കുഞ്ഞിനോടൊപ്പം ചേര്‍ന്ന് കിടക്കുക എന്നിങ്ങനെയെല്ലാം ചെയ്ത് അമ്മ തന്‍റെ ചുട് കുഞ്ഞിന് പകരുവാനും ശ്രമിക്കണം. മസ്തിഷ്കവളര്‍ച്ചക്ക് വേണ്ടി കുട്ടികള്‍ കൂടുതല്‍ സമയവും ഉറങ്ങുന്ന പ്രായവും ഇതുതന്നെയാണ്. അതുകൊണ്ട് കുഞ്ഞിന് സുഖമായി ഉറങ്ങുവാനുള്ള അന്തരീക്ഷം വീട്ടില്‍ ഉറപ്പു വരുത്തണം. അതുപോലെത്തന്നെ വളരെ ചെറിയ കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ ഗൃഹാന്തരീക്ഷത്തിന് വളരെ വലിയ പങ്കുണ്ട്. പ്രശ്നങ്ങളെ പരിഹരിക്കാനും ആത്മസംയമനത്തിനും ബന്ധങ്ങള്‍ ദൃഡതയോടെ നിലനിര്‍ത്തുന്നതിനും കാര്യവ്യവഹാരങ്ങള്‍ നടത്തുന്നതിനും തനിക്ക് ആജീവനാന്തം വേണ്ട ശേഷികളെ അടിത്തറ പാകി ഉറപ്പിക്കുന്നത് മസ്തിഷ്ക വളര്‍ച്ചയുടെ പ്രഥമ ഘട്ടത്തില്‍ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ കുട്ടികളുടെ ഈ പ്രായത്തിലെ പഠന രീതി തികച്ചും വ്യത്യസ്ഥം തന്നെയാണ്. ഭാഷയറിയാത്തതിനാല്‍ നമ്മള്‍ പറയുന്നതൊന്നും അവര്‍ക്കു മനസിലാവുന്നില്ല. എങ്കിലും മുഖഭാവങ്ങളെയും നമ്മളുപയോഗിക്കുന്ന ശബ്ദത്തിന്‍റെ കാഠിന്യത്തെയും മാധുര്യത്തേയുമൊക്കെ അവര്‍ നല്ലപോലെ അളക്കുന്നുണ്ട്.അതെല്ലാം തന്നെയാണ് നമ്മുടെ കുഞ്ഞിന്‍റെ ആദ്യ പഠനോപാധികള്‍. അതിനാലാണ് വീടാണ് പ്രഥമ വിദ്യാലയം, അമ്മയാണ് പ്രഥമ അദ്ധ്യാപിക എന്ന് പറയുന്നത്. നവജാത ശിശുക്കളുടെ ആകെയുള്ള രണ്ട് ശബ്ദങ്ങള്‍ കരച്ചിലും ചിരിയുമാണ്. അവരുടെ ഇഷ്ടവും ഇഷ്ടക്കേടും സന്തോഷവും സങ്കടവും പ്രതികരണവും പ്രധിക്ഷേധവുമെല്ലാം ഇതിലൂടെയാണ് അവര്‍ വ്യക്തമാക്കുന്നത്.കുഞ്ഞിന്‍റെ ഈ ഓരോതരം കരച്ചിലുകളുടേയും ചിരികളുടേയും അര്‍ത്ഥം ഗ്രഹിക്കുവാന്‍ അമ്മമാര്‍ക്ക് സഹജമായ ഒരു ശേഷി പ്രകൃത്യാ ഉള്ളതാണ്. എന്നാല്‍ നൂറുകുട്ടം കാര്യങ്ങള്‍ക്കിടയിലെ ഒരു കാര്യം മാത്രമായി ശിശു പരിപാലനത്തെ കാണുന്ന ഹൈടെക് അമ്മമാരുടെ കാര്യത്തില്‍ ഈ ശേഷി എത്രത്തോളമുണ്ടെന്ന് സംശയമാണ്. കുഞ്ഞിന് വിശന്നു, വിസര്‍ജ്ജിക്കണം, അസുഖമുണ്ട്, ഭയന്നിട്ടുണ്ട്, വേദനിച്ചു, എന്നീ കാര്യങ്ങളെല്ലാം വ്യത്യസ്ഥ ഭാവത്തിലുള്ള കരച്ചിലുകളിലൂടെ സൂക്ഷ്മതയുള്ള ഒരു അമ്മമനസ് ഗ്രഹിച്ചെടുക്കും. കുഞ്ഞുമനസ് ദൈവമനസ് പോലെയാണെന്ന് പറയാറുണ്ട്. ആദ്ധ്യാത്മിക ശാസ്ത്രം പറയുന്നതെന്തെന്നാല്‍ ഒരു കുട്ടി ശരീരം കൊണ്ട് ചെറുതാണെങ്കിലും ആ ശരീരത്തെ വ്യക്തിയാക്കിത്തീര്‍ക്കുന്ന, അതിനകത്തിരിക്കുന്ന അവ്യക്തമായ ആത്മാവ് വളരെ പ്രായമുള്ള ഒരു ചൈതന്യമാണ് എന്നാണ്. അനവധി ജډങ്ങളിലൂടെ സഞ്ചരിച്ചെത്തിയ അനുഭവസ്ഥനായ ഒരു ജീവചൈതന്യമാണ് കുഞ്ഞായിട്ട് വന്നിരിക്കുന്നത്. അതിനാല്‍ ആ സഞ്ചിത സംസ്കാരം അവനില്‍ കാണപ്പെടുകയും ചെയ്യും. സഞ്ചിത സംസ്കാരമെന്നാല്‍ പൂര്‍വ്വ ജന്മര്‍ജ്ജിതമായ സംസ്കാരം എന്നാണര്‍ത്ഥം. ജന്മന്തരങ്ങളിലെ സഞ്ചിത സംസ്കാരവും പിന്നെ ജനിതക സംസ്കാരവും ( മാതാപിതാക്കളുടെ പരമ്പര്യം) ആര്‍ജ്ജിത സംസ്കാരവും (ഇനി പഠിച്ചെടുക്കുന്ന സംസ്കാരം) ചേര്‍ന്നായിരിക്കും ഒരു വ്യക്തി രൂപപ്പെട്ടു വളരുക. അതിനാല്‍ തന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ വിചിത്രമായ പല ശീലങ്ങളും പല ജډവാസനകളും കലകളും കഴിവുകളും കാണിച്ചു തുടങ്ങും. അതേക്കുറിച്ച് വരുംഭാഗങ്ങളില്‍ വിശദമായി മനസിലാക്കാം. ഒന്നും എഴുതാത്ത ഒരു കാലി പുസ്തകമാണ് കുട്ടിയുടെ മനസെന്ന് ആരു തെറ്റിധരിക്കാതിരിക്കാനാണ് ഇത്രയും പറഞ്ഞത്. അതുകൊണ്ടുതന്നെ ചെറു പ്രായം മുല്‍തന്നെ കുട്ടിക്ക് സ്നേഹവും ലാളനയും മാത്രമല്ല ബഹുമാനവും പ്രോത്സാഹനവും കൂടെ നല്‍കേണ്ടത് ഓരോ മാതാപിതാക്കളുടേയും കടമയാണ്. കുട്ടികളുളള വീട്ടില്‍ നേരം പോകുന്നതറിയില്ല എന്ന കാര്യം സത്യം തന്നെ. പക്ഷേ നമ്മുടെ ആസ്വാദനത്തിലും നേരംപോക്കിനും കുട്ടിയെ വിധേയമാക്കുമ്പോഴും ജാഗ്രത വേണ്ട കാര്യമെന്തെന്നാല്‍ നമ്മുടെ ഓരോ ഭാവങ്ങളും ഭാവപ്പിഴകളും കുട്ടികളുടെ മനസില്‍ മായ്ച്ചു കളയാനാവാത്ത മുദ്രകള്‍ പതിപ്പിക്കുന്നുണ്ട് എന്നതാണ്. നമ്മള്‍ കലഹിക്കുകയോ കരയുകയോ ഭയക്കുകയോ ഉച്ഛത്തില്‍ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഒന്നുമറിയാത്ത കുട്ടി എന്ന് നമ്മള്‍ കരുതുന്ന ആ മനസിലേക്ക് അതിശക്തമായ ആഘാതങ്ങള്‍ അയക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. അവന്‍ എല്ലാം അറിയുന്നുണ്ട്, നമ്മള്‍ അറിയുന്നതു പോലെയല്ല എന്ന് മാത്രം. താഴെപ്പറയുന്ന കാര്യങ്ങള്‍ കൊച്ചു കുട്ടികളുള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധിക്കുക.
1. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന സംസാരം, പാട്ട്, സിനിമ എന്നിവയക്ക് വീട്ടില്‍ നിയന്ത്രണം പാലിക്കുക
2. വീട്ടിലെ അന്തരീക്ഷം ശാന്തവും സന്തോഷം നിറഞ്ഞതുമാക്കുക
3. ഗൃഹം ശുചിത്വമുള്ളതും സുഗന്ധമുള്ളതുമായിരിക്കണം
4. കുഞ്ഞിനെക്കുറിച്ച് വീട്ടിലുള്ള എല്ലാവരും ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണുക, ശുഭം ചിന്തിക്കുക
5. കുഞ്ഞിന്‍റെ കണ്ണിലേക്ക് നോക്കി ശാന്തിയും സന്തോഷവും ഉള്ള കാര്യങ്ങള്‍ പറയുക, പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുക
6. കുഞ്ഞിന് പാലൂട്ടുന്ന അമ്മയുടെ ശാരീരിക മാനസിക സന്തുലം കാത്തു സൂക്ഷിക്കുവാന്‍ എല്ലാവരും സഹകരിക്കുക
7. കുഞ്ഞിനെ വളരെ ബഹുമാനത്തോടെ അനശ്വരമായ ഒരു അത്മ ചൈതന്യമാണെന്ന ഭാവത്തോടെ കാണുക
മാതാവും പിതാവുമാണ് ഒരു കുട്ടിയുടെ ആദ്യത്തെ ഗുരുക്കന്‍മാര്‍.അവരില്‍ നിന്നാണ് ഈ ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കുട്ടികള്‍ ആദ്യത്തെ കാര്യങ്ങള്‍ പഠിക്കുന്നത്. അഥവാ മതാപിതാക്കള്‍ കുട്ടികള്‍ക്ക് കൈനിറയെ നന്നാവാനുള്ള ഉപദേശങ്ങള്‍ നല്‍കുകയും എന്നിട്ട് അവര്‍ സ്വയം നന്നായി ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നില്ല എങ്കില്‍ കുട്ടികള്‍ ഒരിക്കലും നമ്മള്‍ പറയുന്ന വഴിക്ക് നടക്കുകയില്ല. നമ്മുടെ വാക്കുകള്‍ കേട്ടിട്ടല്ല, നമ്മുടെ പ്രവൃത്തികള്‍ കണ്ടിട്ടാണ് കുട്ടികള്‍ കൂടുതല്‍ കാര്യങ്ങളും പഠിക്കുന്നത്. ഒരു വ്യക്തി ജന്‍മമെടുക്കുമ്പോള്‍ അഞ്ചു തരം സംസ്കാരങ്ങള്‍ കാണിക്കുന്നു. ഒന്ന് സഞ്ചിതസംസ്കാരം എന്നാണ് അറിയപ്പെടുന്നത്. അത് ആ കുട്ടിയുടെ ആത്മാവിന്‍റെ പൂര്‍വ്വ ജന്മങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സംസ്കാരങ്ങളാണെന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് പൂര്‍വ്വജന്മ അന്വേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍മാര്‍ തെളിയിച്ചിട്ടുള്ളതാണ്. രണ്ടാമത്തേത് ആര്‍ജ്ജിത സംസ്കാരമാണ്. അതെന്തെന്നാല്‍, ഒരു കുട്ടി ജനിച്ച് വളരുന്ന വിവിധ ഘട്ടങ്ങളില്‍ മാതാപിതാക്കളില്‍ നിന്നും കട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം പഠിച്ചടുക്കുന്ന സ്വഭാവങ്ങളാണ്. മൂന്നാമത്തേതാണ് ജനിതക സംസ്കാരം. അത് അച്ചനമ്മമാരുടെ ജീനുകളിലൂടെ പകരുന്ന സംസ്കാരമാണ്. അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദികള്‍ അച്ചനമ്മമാരാണ്. നാലാമത്തേത് ഇച്ഛശക്തി സംസ്കാരമാണ്. അത് വ്യക്തി പലഘട്ടങ്ങളിലൂടെ ജീവിച്ചു അനുഭവങ്ങളിലൂടെ സ്വയം നിര്മിച്ചെടുക്കുന്ന സംസ്കാരമാണ് അവസാനത്തേതാണ് നിജ സംസ്കാരം. അത് ആത്മാവിലെ സപ്ത ഗുണങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന സാത്വിക സംസ്കാരമാണ്. എന്നാൽ ഈ സാത്വിക സംസ്കാരങ്ങൾ കലിയുഗത്തിൽ കൂടുതൽ പേരിലും സുഷുപ്താവസ്ഥയിലാണ്. ഇതുണർത്താനാണ് ആത്മീയ പരിശീലനങ്ങൾ ചെയ്യുന്നത്. ഇതില്‍ ഏത് സംസ്കാരമാണെങ്കിലും അതിനെ വളര്‍ത്തിയെടുക്കുവാന്‍ കുട്ടിയെ സഹായിക്കുന്നത് അവന്‍റെ അച്ചനമ്മമാര്‍ തന്നെയാണ്. പുത്രന്‍ എന്നാല്‍ ആ വാക്കിന്‍റെ അര്‍ത്ഥം “പും” എന്ന നരകത്തില്‍ നിന്ന് മാതാപിതാക്കളെ രക്ഷിക്കുന്നവന്‍ എന്നാണ്. എന്നാല്‍ മക്കളെ നല്ലരീതിയില്‍ വളര്‍ത്തിയില്ലെങ്കില്‍ അവരും നരകത്തില്‍ ജീവിക്കുന്നപോലെയാകും മാതാപിതാക്കള്‍ക്കും ആ ഗതിതന്നെ വരും. മഹാ ഭാരതം പരിശോധിച്ചാല്‍ രണ്ടുതരം മക്കളെ വളര്‍ത്തല്‍ കാണാവുന്നതാണ്. ഗാന്ധാരിയും ധൃതരാഷ്ട്രനും കൗരവരെ വളര്‍ത്തിയത് ഒന്നിനും ഒരു കുറവും ഇല്ലാതെയാണ്. പക്ഷേ അവര്‍ക്ക് സന്മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ കാഴ്ചയില്ലാത്തവരായതിനാല്‍ അവരുടെ മക്കള്‍ക്ക് ലക്ഷ്യമില്ലാതെ വളരേണ്ടിവന്നു. കുന്തീദേവിയാകട്ടെ തന്‍റെ ഭര്‍ത്താവ് പോലും മരിച്ചുപോയ അവസ്ഥയില്‍ മക്കള്‍ക്ക് കാട്ടിലെ കായ്കനികള്‍ കഴിക്കാന്‍ നല്‍കി വളര്‍ത്തെയാങ്കിലും അവരെ സത്ഗുണങ്ങള്‍ പഠിപ്പിച്ചിരുന്നു. അതിനാല്‍ ഒരുപാടുകാലം കൗരവരുടെ ക്രൂരതകള്‍ സഹിച്ചു ജീവിച്ചാലും അവസാനം ധര്‍മ്മയുദ്ധത്തില്‍ പാണ്ഡവര്‍ക്ക് വിജയമല്ലേ ഉണ്ടായത്. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് ബോണ്‍വിറ്റയും കാറും കമ്പ്യൂട്ടറും മൊബൈലുമെല്ലാം നല്‍കുന്നുണ്ട്. പക്ഷേ ജീവിക്കേണ്ടതെങ്ങനെയാണെന്ന പഠനം നല്‍കുന്നുണ്ടോ. അവര്‍ക്ക് ആത്മീയത നല്‍കുന്നുണ്ടോ …സ്വയം പരിശോധിക്കുക. ഒരു കോഴിയുടെ കുട്ടിയും നായയുടെ കുട്ടിയുമെല്ലാം അല്‍പ്പം വളരുമ്പോഴേക്കും ജീവിക്കാന്‍ പഠിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ മാത്രമെന്തേ എത്ര പ്രായമായിട്ടും ജീവിക്കാന്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകുന്നത്. ശരീരം മാത്രം വളര്‍ത്തിയെടുത്താല്‍ കുട്ടിക്ക് കായിക ബലമേ വര്‍ദ്ധിക്കൂ. മനസിന്‍റെ ബലം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അവര്‍ക്ക് ആത്മീയ ചിന്തകളും കൂടി ഒപ്പം നല്‍കണം. ഈശ്വര വിശ്വാസവും. ആത്മവിശ്വാസവും. സമൂഹത്തിനോട് കടപ്പാടും അവരില്‍ വളരുന്നവിധം നല്ല പരിശീലനങ്ങല്‍ നല്‍കണം. അവരെക്കൊണ്ട് സ്വന്തം പാത്രം കഴുകാനും സ്വന്തം തുണി അലക്കുവാനും, സ്വന്തം റൂമ് വൃത്തിയാക്കുവാനുമെല്ലാം പഠിപ്പിക്കണം. ഒരുപാടുതവണ വീണിട്ടല്ലേ അവര്‍ നടക്കാന്‍ പഠിച്ചത് അതു പോലെ പലതവണ അവര്‍ക്ക് പലകാര്യങ്ങളിലും തെറ്റു പറ്റിയോക്കും അപ്പോള്‍ അവരോട് കയര്‍ക്കുവാന്‍ പോകാതെ ക്ഷമയോടെ പറഞ്ഞ് മനസിലാക്കിക്കൊടുക്കണം കുട്ടികള്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെ സ്നേഹിക്കണം. അല്ലെങ്കില്‍ അച്ചനമ്മമാരോട് പലതും മറച്ചു വെക്കുന്ന ശീലം അവര്‍ക്ക് കൂടും. നമ്മളെ കുട്ടികള്‍ ബഹുമാനിക്കുന്നപോലെ അവര്‍ക്കും ബഹുമാനവും സ്നേഹവും നല്‍കണം. കുട്ടികള്‍ 20 വയസോടടുക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത അവരെ പഠിപ്പിക്കണം. മുതിര്‍ന്നവരെ ആദരിക്കുവാന്‍ പരിശീലിപ്പിക്കണം. ലഹരികളിലും മറ്റും കുടുങ്ങിപ്പോകാതിരിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കണം. പെണ്‍കുട്ടികള്‍ക്ക് സ്വന്തം സുരക്ഷിതത്വം എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന് മനസിലാക്കിക്കൊടുക്കണം. ഇതെല്ലാം മടികൂടാതെ അച്ചനമ്മമാര്‍ പറഞ്ഞുകൊടുക്കേണ്ടതാണ്. എന്തായാലും അവര്‍ എല്ലാം മനസിലാക്കേണ്ടതാണ്. അത് അച്ചനമ്മമാര്തന്നെ മനസിലാക്കിക്കൊടുക്കുന്നതാണ് നല്ലത്. എല്ല നല്ല കൂട്ടുകാരായാലും സ്വന്തം അച്ഛനമ്മമാര്‍ക്കുള്ളത്രക്ക് ശ്രദ്ധയും സ്നേഹവും വേറാര്‍ക്കും ഉണ്ടാവില്ലല്ലോ. മാതാ പിതാ ഗുരു ദൈവം എന്നക്രമത്തിലുള്ള റെസ്പെക്റ്റ് അവരെ പഠിപ്പിക്കണം. മാതാവിനെ സ്നേഹിക്കാനും പിതാവിനെ അനുസരിക്കാനും ഗുരുവിനെ അംഗീകരിച്ച് പഠിക്കാനും ദൈവത്തെ ധ്യാനിക്കാനും അവര്‍ക്ക് മനസുണ്ടാക്കിക്കൊടുക്കണം . അല്ലാത്ത പക്ഷം എന്‍റെ മകന് അത് സംഭവിച്ചു ഇത് സംഭവിച്ചു എന്നെല്ലാം പറഞ്ഞ് ഭാവിയില്‍ അവിടെയും ഇവിടെയും അലയേണ്ടതായിവരും. ആത്മീയവും ഭൗതീകവുമായ വളര്‍ച്ച ഒരുപോലെ നടന്നാല്‍ കുട്ടികള്‍ ദേവന്‍മാരെപ്പോലെ വളരും അല്ല എങ്കില്‍ അസുരന്മാരെപ്പോലെ വളരും.!!!
അൽപ്പം പിന്നിലേക്ക് ചിന്തിക്കാം. ഗർഭാവസ്ഥയിൽ ഉള്ള കുഞ്ഞുങ്ങളെക്കുറിച്ചാവാം ഇന്നത്തെ ചിന്ത!!! കൊലയാളി തിമിംഗലങ്ങളെ മെരുക്കിയെടുത്ത് വിനോദ പ്രദര്‍ശനങ്ങള്‍ നടത്തുന്ന “ഡോണ്‍ ബ്രാന്‍ച്യൂ” വിനോട് ഒരാള്‍ ചോദിച്ചു, അങ്ങ് ഇത്രയും ഭീകരന്‍മാരായ തിമിംഗലങ്ങളെ മെരുക്കിയെടുത്ത് സ്വന്തം കുട്ടികളെപ്പോലെ അവയോടൊപ്പം കളിക്കുന്നുണ്ടല്ലോ…എന്ത് വിദ്യയാണ് ഇവയെ മെരുക്കുവാന്‍ താങ്കള്‍ പ്രയോഗിക്കുന്നത് ? ഇതുകേട്ട് ഡോണ്‍ സരളമായ ഭാഷയില്‍ മറുപടി പറഞ്ഞു, ലോകത്തെ ഏതുരു ജീവിയും കീഴടങ്ങുന്നത് സ്നേഹം എന്ന ആയുധത്തിനു മുമ്പില്‍ മാത്രമാണ്. ഞാന്‍ ഈ തിമിംഗലങ്ങളെ മെരുക്കുവാന്‍ ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. അതെന്‍റെ ആവശ്യമായിരുന്നു.!!! പരിശീലനത്തിനിടെ അവയുടെ പ്രഹരങ്ങള്‍ ഞാന്‍ ഒരുപാട് നേരിട്ടിട്ടുമുണ്ട്. അപ്പോഴൊന്നും ഞാനവയെ ഒന്നു കണ്ണുരുട്ടി നോക്കുക പോലും ചെയതിട്ടില്ല. എന്തു കൊണ്ടെന്നാല്‍ അവര്‍ മെരുങ്ങേണ്ടത് എന്‍റെ അവശ്യമാണ്, അവര്‍ക്കത് ആവശ്യമില്ല!!! അതിനാല്‍ സഹിക്കുവാന്‍ ഞാന്‍ തയ്യാറാവണമല്ലോ…ആദ്യത്തെ 5 വര്‍ഷം സ്നേഹിക്കുകയും പാലിക്കുകയും മാത്രമാണ് ഞാന്‍ ചെയ്തത്, പിന്നീടാണ് അല്‍പാല്‍പ്പമായി പരിശീലനങ്ങള്‍ നല്‍കിത്തുടങ്ങിയത്.പരിശീലന കാലത്തോ ഇന്നുവരേക്കോ ഞാനവയെ ഒരിക്കല്‍ പോലും വഴക്കു പറഞ്ഞിട്ടുമില്ല, തല്ലിയിട്ടുമില്ല. അഥവാ അങ്ങനെ ഞാന്‍ ഒരു തവണ ചെയ്തിരുന്നുവെങ്കില്‍ അവ ഒരിക്കലും എന്‍റെ വഴിക്ക് വരുമായിരുന്നില്ല!!!! കുട്ടികളെ വളര്‍ത്തുന്നത് വലിയൊരു തലവേദനയാണെന്ന് വെറുതെയെങ്കിലും പറയുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് മുകളില്‍ പറഞ്ഞത്. യാതൊരു വിവേകവുമില്ലാത്ത ഭീകരന്‍മാരായ കൊലയാളിത്തിമിംഗലങ്ങളെ സ്നേഹമെന്ന ആയുധം കൊണ്ട് വശപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് നല്ല കുട്ടികളായി വളരുവാനുള്ള കല അഭ്യസിപ്പിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കുവാന്‍ കച്ചകെട്ടിയിറങ്ങുന്നതിനു മുമ്പ് സ്വന്തം മനസിന്‍റെയും വാക്കുകളുടേയും പെരുമാറ്റത്തിന്‍റേയും നിയന്ത്രണവും നിലവാരവും ഒന്നു പരിശോധിക്കണമെന്നുമാത്രം. കാരണമെന്തെന്നാല്‍ കുട്ടികള്‍ നിങ്ങള്‍ പറയുന്നത് കേട്ടിട്ടല്ല, നിങ്ങളെ കണ്ടിട്ടാണ് ഓരോ കാര്യവും പഠിച്ചു തുടങ്ങുന്നത്. നിങ്ങളുടെ ഉദ്ദേശശുദ്ധിയൊന്നും അവര്‍ക്കറിയില്ല, നിങ്ങളുടെ പ്രകടനങ്ങള്‍ മാത്രമാണ് അവര്‍ ഗ്രഹിക്കുന്നത്. ഇതു വായിക്കുന്നവരോട് ഒരപേക്ഷയുണ്ട്. ഇതില്‍നിന്നും കുട്ടികളെ മിടുക്കരാക്കി വളര്‍ത്തുന്നതിനുള്ള എന്തെങ്കിലും “”എളുപ്പവഴികള്‍ ലഭിക്കും”” എന്ന് പ്രതീക്ഷിക്കരുത്. ചുരുങ്ങിയ പക്ഷം സ്വന്തം മക്കളുടെ കാര്യത്തിലെങ്കിലും ”കുറുക്കുവഴികള്‍” ഉപേക്ഷിക്കുക. കുഞ്ഞിന് ജന്മം നല്‍കുന്നതിന് എത്ര ശ്രദ്ധ നല്‍കിയിരുന്നുവോ അത്രയോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ശ്രദ്ധവേണ്ട കാര്യമാണ് അവരെ വളര്‍ത്തി നല്ല പൗരന്മډാരാക്കുക എന്നത്. ഗര്‍ഭാവസ്ഥയില്‍ നിന്ന്തന്നെ കുഞ്ഞിന്‍റെ സ്വഭാവം വാര്‍ത്തെടുക്കാം കുട്ടികളെ നല്ലശീലം പഠിപ്പിക്കുവാനും മിടുക്കരാക്കുവാനും ഏത് വയസുമുതല്‍ നമ്മള്‍ ശ്രദ്ധിക്കണം എന്നകാര്യത്തില്‍ പോലും പലരും അജ്ഞരാണ്. അമ്മയുടെ ഗര്‍ഭത്തില്‍ നിന്നുതന്നെ വേണം പരിശീലനത്തിന്‍റെ ആരംഭം. ഗര്‍ഭകാലം, ശൈശവം, ബാല്ല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥാന്തരങ്ങളില്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളില്‍ എപ്രകാരമുള്ള സ്വാധിനം ചെലുത്തണം എന്നതാണ് ഇനിയുള്ള ഭാഗങ്ങളില്‍ വിവരിക്കുന്നത്. മാതാവിന്‍റെ ഗര്‍ഭത്തില്‍ വളരുന്ന ശിശുവിന് പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കുന്ന പോഷകങ്ങളാണ് ഏക ആശ്രയം. അമ്മയുടെ ശരീരത്തില്‍ എന്ത് പോഷകങ്ങളാണോ ഉള്ളത് അതിന്‍റെ ഒരംശം തന്നെയാണ് ശിശുവിന് ലഭിക്കുന്നത്. അമ്മയുടെ അനാരോഗ്യം കുഞ്ഞിനേയും ആരോഗ്യ ഹീനമാക്കും. ഇതെല്ലാവര്‍ക്കും അറിയുമായിരിക്കും അതിനാലാണല്ലോ ഗര്‍ഭകാല പരിചരണങ്ങള്‍ക്ക് പണ്ടുമുതല്‍ക്കേ വലിയ പ്രസക്തി നല്‍കിയിരുന്നത്. എന്നാല്‍ മാതാവിന്‍റെ മാനസികാവസ്ഥയും കുഞ്ഞിന്‍റെ മസ്തിഷ്ക രൂപികരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ വളരെ വിരളമായിരിക്കും. മാതാവിന്‍റെ ഓരോരോ വൈകാരിക തലങ്ങളുടേയും സൂക്ഷ്മ പ്രകമ്പനങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ആദ്യ പാഠങ്ങളായി പരിണമിക്കുന്നു. ദുഖം, സന്തോഷം, ദേഷ്യം, ഭയം, ശാന്തി, സ്നേഹം, എന്നിങ്ങനെയുള്ള ഏതുതരം അനുഭവങ്ങളും കുഞ്ഞിലേക്ക് രഹസ്യ കോഡുകളായി പകര്‍ത്തപ്പെടും. അതുകൊണ്ടാണ് പ്രത്യേകിച്ച് 5 മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ദുഖിക്കാന്‍ ഇടവരാത്ത രീതിയില്‍ ജീവിക്കുവാന്‍ വേണ്ടി അവരെ സ്വന്തം അമ്മയുടെ പരിചരണത്തില്‍ താമസിപ്പിക്കുന്നത്. അവര്‍ ഭയക്കുവാന്‍ പാടില്ലാത്തിനാലാണ് 6 മണിക്കു ശേഷം പുറത്തിറങ്ങി നടക്കരുത് എന്നെല്ലാം പഴമക്കാര്‍ പറഞ്ഞത്. അതുപോലെത്തന്നെ അവര്‍ക്ക് നല്ലനല്ല പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിച്ചും, ബന്ധു മിത്രാദികള്‍ കാണാന്‍ വന്നും, സ്നേഹം പങ്കുവെച്ചും, വീട്ടില്‍ പൂജകളും മറ്റും നടത്തിയും നല്ലൊരു അന്തരീക്ഷത്തില്‍ ജീവിക്കുവാനുളള അവസരമൊരുക്കിയിരുന്നതിന്‍റെ ഉദ്ദേശവും ഇതുതന്നെയായിരുന്നു. ഭൂമിയില്‍ ജീവിക്കുവാനായി ഒരു ജീവനെ വരവേല്‍ക്കുവാന്‍ നമ്മുടെ വീടുകളില്‍ ഇത്തരം സുന്തരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാലത്ത് അണുകുടുംബങ്ങളായി പിരിഞ്ഞതിനാലും, ഗര്‍ഭകാലത്തുപോലും അതിയായ മാനസിക സംഘര്‍ഷം നിറഞ്ഞ ജോലികള്‍ ചെയ്യേണ്ടി വരുന്നതിനാലും, മനുഷ്യരോടൊപ്പമുള്ള സഹവാസത്തേക്കാള്‍ കൂടുതല്‍ ജീവനില്ലാത്ത ഇലക്രോണിക് ഉപകരണങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിനാലും ഒരു കുഞ്ഞിന് ജന്‍മം നല്‍കുക എന്നത് അതിസങ്കീര്‍ണ്ണമായ ഒരു കാര്യമായിത്തീര്‍ന്നിരിക്കുന്നു. സസ്തനികളായ എല്ലാ ജീവികളും എത്ര സഹജമായാണ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി പരിപാലിക്കുന്നത്. അവര്‍ക്ക് ഒരു പാരന്‍റിംഗ് പരിശിലനവും ആവശ്യമായി വരുന്നുമില്ല. പക്ഷേ മര്‍ത്ത്യസാമ്രാജ്യം വലിയ എന്തൊക്കെയോ നേടാനായി ഓടുന്നതിനിടെ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് അവഗണനയേറ്റിരിക്കുന്നത്. ഇതിന്‍റെ പരിണിതമായി കയ്പ്പേറിയ ഫലം നമ്മള്‍ അനുഭവിക്കുന്നുമുണ്ട്. മക്കള്‍ വഴിതെറ്റിപ്പോകുമ്പോള്‍ മാത്രമാണ് പല രക്ഷിതാക്കളും ഈ വിഷയത്തില്‍ ചിന്തകളെ ചലിപ്പിക്കുന്നതുതന്നെ. മിക്ക കുട്ടികളും പ്രശ്നക്കാരായി മാറിയെന്ന് മാതാപിതാക്കള്‍ക്ക് തോന്നുന്നത് 8 വയസിനു ശേഷവും 20 വയസിനിടയിലും ആയിരിക്കും. പക്ഷേ 8 വയസിനിടെ അവരുതെ മസ്തിഷ്ക വളര്‍ച്ച വളരെയധികം നടന്നു കഴിഞ്ഞു. പ്രധാനപ്പെട്ട ജീവിതസംസ്കാരങ്ങളും ശീലങ്ങളും തീരുമാനിക്കപ്പെട്ടുകഴിഞ്ഞു.തിരുത്തലുകള്‍ ഇനിയും സാധ്യമാണെങ്കിലും ഉപബോധമനസിന്‍റെ ആഴങ്ങളിലേക്ക് ഗര്‍ഭകാലത്തും ശൈശവത്തിലും ബാല്യത്തിലും പ്രവേശിക്കുന്ന ധാരണകള്‍ ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ അടിത്തറതന്നെയായിരിക്കും.അതിനാല്‍ ഇക്കാലമത്രയും രക്ഷിതാക്കള്‍ പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ തന്‍റെ മക്കളുടെ വ്യക്തിത്വം വളര്‍ത്തുന്നതില്‍ ജാഗരൂഗരായിരിക്കണം. സുഭദ്ര യുടെ ഗര്‍ഭത്തില്‍ കിടന്ന് അഭിമന്യു ചക്രവ്യൂഹത്തിനകത്തു പ്രവേശിക്കുവാനുള്ള കല സ്വായത്തമാക്കിയതായി മഹാഭാരതത്തില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കുട്ടികളുടെ മനസ് ജനനത്തിനു മുമ്പ് തയ്യാറാകുന്നതിനെക്കുറിച്ചാണ് ഇത്തരം കഥകളിലൂടെ പ്രാചീന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ നമ്മളോട് പറയുന്നത്. ഇക്കാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിക്കുവാനുള്ള പോഷകാഹാരങ്ങളും മരുന്നുകളും വന്‍തോതില്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മാതാവിന്‍റെ മാനസികാവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി എന്ത് മരുന്ന് നമ്മള്‍ നല്‍കും? കുഞ്ഞിനെ ബാധിക്കുന്ന വിധത്തില്‍ നെഗറ്റീവ് മൂഡുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്, ഒപ്പംതന്നെ നല്ല ചില കാര്യങ്ങള്‍ പരിശാലിക്കുകയുമാകാം. കുഞ്ഞിന്‍റെ മാനസിക നിലവാരം ജനനത്തിനു മുമ്പുതന്നെ ഉറപ്പുവരുത്താന്‍ ഇത് ഉപകരിക്കും.
1. ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയോ അരക്ഷിതാവസ്ഥയോ തോന്നാത്തവിധം എപ്പോഴും ഇഷ്ടമുള്ള ആളുകളോടൊപ്പം ജീവിക്കുവാന്‍ അവസരം സൃഷ്ടിക്കുക
2. വികാരവിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന സിനിമ, സീരിയല്‍ തുടങ്ങിയവ കാണാതിരിക്കുക, വിജ്ഞാനപ്രദമായതോ മനസിലെ നിര്‍മ്മലഭാവങ്ങളെ ഉണര്‍ത്തുന്ന ആത്മീയ പരിപാടികളോ അല്‍പം കാണാവുന്നതാണ്.
3. ദീര്‍ഘ നേരം ഫോണില്‍ സംസാരിക്കുന്നത് ഒഴിവാക്കുക
4. ആരുടെയെങ്കിലും കുറ്റങ്ങള്‍ പറയുകയോ കേള്‍ക്കുകയോ ചെയ്യാതിരിക്കുക
5. മനസില്‍ ആരോടെങ്കിലും പകയോ വെറുപ്പോ വെച്ചു പുലര്‍ത്തുന്നുണ്ടെങ്കില്‍ അവരെ മനസില്‍ കണ്ടുകൊണ്ട് മനസുകൊണ്ട് അവര്‍ക്ക് മാപ്പ് നല്‍കുക, എന്‍റെ വെറുപ്പ് ഇല്ലാതാകുന്നു എന്ന് മനസില്‍ ചിന്തിച്ചുറപ്പിക്കുക.
6. ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യം ഈ കാലങ്ങളില്‍ നിര്‍മ്മലമായ വാത്സല്ല്യത്താല്‍ നിറഞ്ഞതായിരിക്കണം
7. ഗര്‍ഭസ്ഥ ശിശുവിനോട് തനിച്ച് സംസാരിക്കുക. ഈ ലോകത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചു മാത്രമായിരിക്കണം സംസാരിക്കേണ്ടത്.
8.ആത്മീയമായ നല്ല വിഷയങ്ങള്‍ കുഞ്ഞ് കേള്‍ക്കുന്നു എന്ന മനോഭാവത്തോടെ വായിക്കുന്നത് ശീലമാക്കുക.
9. അതിരാവിലെ ഉണരുന്നത് ശിലമാക്കുക
10. ഉത്കണ്ഠ ഇല്ലാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക
11. ദിവസവും രണ്ടുനേരം ധ്യാനം ശിലമാക്കുക. ഈശ്വര വിശ്വാസത്തോടെയുള്ള ധ്യാനത്തിന് ഒരുപാട് ഗുണമുണ്ടാവും. ഈശ്വരന്‍റെ ശക്തി ഒരു പ്രകാശധാരയായി എന്‍റെ ശരീരത്തിലും ശിരസിലും ഒഴുകിവന്ന് നിറയുന്നതായും, കുഞ്ഞിനും ആ ശക്തി പ്രാപ്തമാകുന്നതായും സങ്കല്പം ചെയ്യാവുന്നതാണ്.
12. കുഞ്ഞ് സുഖകരമായി പിറവിയെടുക്കുന്നതും നല്ല സ്വഭാവ വിശേഷതകളോടെ വളര്‍ന്ന് വലുതാകുന്നതും മനസില്‍ ഭാവന ചെയ്യുക.

ജീവിതത്തില്‍ ഒരു തവണയെങ്കിലും നിഞ്ഞളുടെ കുഞ്ഞ് നിങ്ങളെ വെറുക്കാനിടവന്നാല്‍ നിങ്ങള്‍ക്കൊരു നല്ല രക്ഷിതാവെന്ന് പറയുവാന്‍ അര്‍ഹതയില്ല എന്ന് ഒരു മഹാത്മാവ് പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ കുഞ്ഞ് നമ്മുടെ ഉല്‍പ്പന്നമല്ല. ആ ശരീരത്തെ നിര്‍മ്മിച്ച് പരിപോഷിപ്പിച്ച് വളര്‍ത്തുന്നത് പ്രകൃതിയാണ്. മാതാവ് കഴിക്കുന്ന പാലും പയറും പഴവുമെല്ലാം സംസ്കരിച്ച് അതിലെ സത്തെടുത്ത് അതുപയോഗിച്ച് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ഘടനയും നിറവും വലിപ്പവുമെല്ലാം ഡിസൈന്‍ ചെയ്യുന്ന പ്രകൃതിയുടെ അപാര ലീലയാണ് മാതൃഗര്‍ഭത്തില്‍ അരങ്ങേറുന്നത്. അതുമാത്രമല്ല, കുട്ടിയെന്നത് വെറും ശരീരം മാത്രമല്ലല്ലോ, പുതിയൊരു നാട്ടിലെ പുതിയ വിരുന്നുകാരനായി, ഒട്ടേറെ പുതുമകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരാത്മാവ് പിറവിയും കാത്ത് ഇരിക്കുകയാണ്. ജനനമരണചക്രത്തിലെ സഞ്ചിത സംസ്കാരങ്ങളുടെ സഞ്ചയവും വഹിച്ചുകൊണ്ട് ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും അനുയോജ്യമായ നാട്ടില്‍, അനുയോജ്യമായ വീട്ടില്‍, അനുയോജ്യരായ മാതാപിതാക്കളുടെ കുട്ടിയായി പിറവിയെടുക്കുവാന്‍ ഒരു മഹാ ശക്തി മാതാവിന്‍റെ ഉദരത്തില്‍ വേഷമിടുകയാണ്. കുഞ്ഞിനെ സ്വീകരിക്കുവാനുള്ള ഉത്സാഹവും പ്രാര്‍ത്ഥനയും പ്രതീക്ഷയുമെല്ലാം ഒരു പുതിയ ജീവിതത്തിന്‍റെ നാന്ദികുറിക്കുവാനുള്ള അടിത്തറ പാകുവാന്‍ ആ ശിശുവിനെ സഹായിക്കും

”വീടാണ് പ്രഥമ വിദ്യലയം, മാതാപിതാക്കളാണ് അദ്ധ്യാപകര്‍” എന്ന ഗാന്ധിവചനം ഇവിടെ സ്മരിക്കുകയാണ്.വിദ്യാലയ ജീവിതം ആരംഭിക്കുന്നതോടെ കുട്ടികള്ക്ക് അതുവരെ പരിചയമില്ലാത്ത പുതിയൊരു ജീവിത ശൈലി കെട്ടിപ്പടുക്കേണ്ടതായി വരുകയാണ്. അന്നുവരെ വീട്ടിലും പരിസരത്തുമുള്ളവരെ മാത്രം കണ്ട് വളര്ന്ന കുട്ടി വിദ്യാലയത്തിലെത്തുമ്പോള്‍ സമപ്രായത്തിലുള്ള അനേകം അപരിചിത മുഖങ്ങളെകാണുന്നു.ഇത് ചിലകുട്ടികളില്‍ ഉത്സാഹമുണ്ടാക്കുമ്പോള്‍ ചില കുട്ടികള്ക്ക് പരിഭ്രമമായിരിക്കും ഉണ്ടാവുക. വ്യത്യസ്ത സ്വഭാവക്കാരായ കൂട്ടുകാരില്‍ നിന്ന് പല സ്വഭാവങ്ങളും പഠിച്ചെടുക്കുവാനുള്ള അവസരം കുട്ടിക്ക് ലഭിക്കുന്നതിനാല്‍ കുട്ടിയില്‍ കാര്യമായ സ്വഭാവ മാറ്റങ്ങള്‍ നടക്കുന്ന കാലമായിരിക്കും ഇത്. എല്ലാ ദിവസവും വിദ്യാലയത്തില്‍ നടന്ന സംഭവങ്ങളെയെല്ലാം തുറന്ന് പറയാന്‍ കുട്ടിയുടെ കൂടെ ആവശ്യത്തിന് സമയം ചെലവഴിക്കണം. കുട്ടി നിഷ്കളങ്കമായി നടന്നതെല്ലാം തുറന്ന് പറയുമ്പോള്‍ അതിലെ നല്ലതിനെല്ലാം അഭിനന്ദനം നല്കനണം. ചെയ്ത കുസൃതികളോ വികൃതികളോ തുറന്ന് പറയുകയാണെങ്കില്‍ അതിനെ കുറ്റപ്പെടുത്തരുത്, പകരം അതും തുറന്ന് പറഞ്ഞതിന് അഭിനന്ദിക്കണം. ആസമയത്ത് അത് ശരിയായില്ല എന്ന് പോലും പറയണമെന്നില്ല. നമ്മള്‍ ദേഷ്യത്തോടെ പ്രതികരിച്ചാല്‍ സത്യങ്ങള്‍ തുറന്നു പയുന്ന ശീലം കുട്ടി നിര്ത്തും എന്നല്ലാതെ മറ്റു ഗുണമൊന്നുമില്ല. പിന്നീടെപ്പോഴെങ്കിലും സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് തെറ്റു തിരുത്തല്‍ നടത്താവുന്നതാണ്. പഠനത്തോടുള്ള സമീപനം വളരെയധികം ഉത്സാഹം നിറഞ്ഞതും ഭയമില്ലാത്തതുമായിരിക്കാനുള്ള പരിശീലനം ഈ സമയത്ത് നല്കഭണം. എല്‍.കെ.ജി യില്‍ പോയിത്തുടങ്ങിയ നമ്മുടെ കുട്ടി പതിവുപോലെ വൈകുന്നേരം വന്ന് കാര്ട്ടൂണ്‍ കാണാനിരിക്കുകയാണ് എന്ന് കരുതുക. നമ്മള്‍ ബാഗില്‍ നിന്ന് ഡയറിയെടുത്ത് പരിശോധിച്ചപ്പോള്‍ നാളെ പരീക്ഷയാണെന്ന് മനസിലായി. ഉടനെ ടിവി ഓഫ് ചെയ്ത് കുട്ടിയെ നാളത്തെ പരീക്ഷയെക്കുറിച്ച് പറഞ്ഞ് നിർബന്ധപൂർവ്വം പഠിക്കാനിരുത്തി സമ്മര്ദ്ധകത്തിലാഴിത്തിയാല്‍ വളരുമ്പോള്‍ കുട്ടിയില്‍ പരീക്ഷപ്പേടിയെന്ന വലിയ രോഗം വരാന്‍ സാധ്യതയുണ്ട്. കാരണം കുട്ടി പരീക്ഷയെന്ന കാര്യത്തെക്കുറിച്ച് ജീവിതത്തില്‍ ആദ്യമായി കേൾക്കുമ്പോൾത്തന്നെ അതെന്തോ വലിയ ദുരന്തമാണെന്ന പ്രതീതിയിലാണ് കേട്ടത്. അതിനാല്‍ പരീക്ഷയെന്നത് വളരാനുള്ള വഴിയാണെന്നും അത് രസകരമായ കാര്യമാണെന്നുമൊക്കെ കുട്ടിയോട് പറഞ്ഞ് അവനെ പരീക്ഷപ്രിയനാക്കുവാന്‍ നമുക്ക് കഴിയണം. മുതിര്ന്ന ക്ലാസുകളിലേക്ക് പ്രവേശിക്കുമ്പോള്‍ മോശമായ ചങ്ങാത്തങ്ങളിൽപ്പെട്ട് അച്ചനമ്മമാരില്‍ നിന്ന് ഒളിപ്പിക്കും വിധം പലതും ചെയ്യുന്ന ശീലം കുട്ടികളില്‍ കാണാറുണ്ട്. ഏറ്റവും ഉറ്റമിത്രങ്ങള്‍ അച്ഛനമ്മമാർതന്നെയായി മാറുകയാണെങ്കില്‍ അവരില്‍ നിന്ന് കുട്ടി ഒന്നും തന്നെ മറയ്ക്കുകയില്ല. ”മനസിലാക്കുക – എനിക്ക് എന്തും തുറന്നുപറയാവുന്ന ആളെയാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും അടുപ്പം കാണിക്കുകയും ചെയ്യുക”. ഇത് എല്ലാവര്ക്കും ബാധകമായ കാര്യമാണ്. തനിക്ക് എന്തും തുറന്നു പറയാവുന്നവരാണ് എന്റെ അച്ചനമ്മമാര്‍, എന്നെ മനസിലാക്കുവാനുള്ള കഴിവ് എന്റെെ അച്ഛനമ്മമാര്ക്കുണ്ട്, അവര്‍ എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരാണ്, അതിനാല്‍ അവര്‍ എന്റെ നന്മ മാത്രമേ ആഗ്രഹിക്കൂ… ഇങ്ങനെയെല്ലാം കുട്ടി ചിന്തിക്കണം. ഇങ്ങനെ ചിന്തിപ്പിക്കുന്ന വിധത്തിലായിരിക്കണം നമ്മുടെ സമീപനം എന്നര്ത്ഥം . തൻ്റെ കൂട്ടുകാരെ അനുകരിക്കാനുള്ള പ്രവണത കുട്ടികളില്‍ ഈ പ്രായത്തില്‍ കൂടുതലായിരിക്കും. കൂട്ടുകാരന്‍ 1000 രൂപയുടെ ചെരിപ്പിടുകയാണെങ്കില്‍ എനിക്കും അതുപോലൊന്ന് വേണം എന്ന് ആഗ്രഹം വരാതിരിക്കില്ല. എന്നാല്‍ എല്ലാം അനുകരിക്കാന്‍ ശ്രമിക്കുന്ന ആ മനസില്‍ മാതാപിതാക്കളുടെ വരുമാനം എത്രയാണെന്ന അറിവും ഉണ്ടാക്കിക്കൊടുക്കണം. ആഗ്രഹിക്കുന്നതെല്ലാം നടത്തിക്കൊടുക്കലല്ല സ്നേഹം. എങ്ങനെ ആഗ്രഹിക്കണം, എന്ത് ആഗ്രഹിക്കണം ആഗ്രഹങ്ങളെ എങ്ങനെ നിയന്ത്രിക്കണം എന്നൊക്കെ പഠിപ്പിച്ച് വളര്ത്തുന്നതാണ് യഥാര്ത്ഥ സ്നേഹം. കുട്ടിയുടെ “ആവശ്യങ്ങള്‍” മാതാപിതാക്കള്‍ നിറവേറ്റേണ്ടതുതന്നെയാണ് എന്നാല്‍ എല്ലാ “ആഗ്രഹങ്ങളും” നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള തുറന്ന സമീപനമാണ് കുട്ടിയോട് ഈ പ്രായത്തില്‍ കാണിക്കേണ്ടത്. കുട്ടികളില്‍ ആത്മീയാചരണങ്ങളുടെ നല്ല ശീലങ്ങള വളര്ത്തിയെടുക്കുവാനുള്ള സമയവും ഇതുതന്നെയാണ്. പ്രഭാതത്തില്‍ നേരത്തെ ഉണരുവാനും ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്ന പ്രാർത്ഥനകൾ, ധ്യാനം, യോഗ, പഠനം എന്നിവ ദിനചര്യയില്‍ ഉൾപ്പെടുത്താനും കുട്ടികളെ ഈ പ്രായത്തില്‍ ശീലിപ്പിക്കുകയാണെങ്കില്‍ അതിശക്തമായൊരു സാത്വികവ്യക്തിത്വത്തിന്റെ അടിത്തറയായി അത് മാറും. പ്രഭാതത്തിലും സന്ധ്യയിലും കുട്ടികളെ ഇത്തരത്തില്‍ ആത്മീയ ചിട്ടകള്‍ ശീലിച്ച് വളര്ത്തണമെങ്കില്‍ വീട്ടിലുള്ള മറ്റുള്ളവരും അതിനനുസരിച്ച് ജീവിച്ച് കാണിക്കുകയും വേണം. കാരണം – ”കുട്ടികള്‍ ഉപദേശം കേട്ടിട്ടല്ല, കണ്ടിട്ടാണ് പഠിക്കുന്നത്”
World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1 2 3 7
Scroll to Top