ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യൂ……
ഇപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത് ഇവിടെ വിഷയമേയല്ല. ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്. ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.
എന്താണ് കർമ്മം
നമ്മുടെ കർമ്മേന്ദ്രിയങ്ങളിലൂടെ ബഹിർഗമിക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്ന മനോഭാവത്തെയാണ് വാസ്തവത്തിൽ കർമ്മമെന്ന് വിളിക്കുന്നത്. നിങ്ങൾ എന്തു ചെയ്തു എന്നല്ല. ഏത് മനോഭാവത്തോടെ ചെയ്തു എന്നതാണ് കർമ്മത്തിന്‍റെ രേഖയായി സൂക്ഷിക്കപ്പടുക. ഒരു കത്തികൊണ്ട് ഒരാളുടെ ഉദരം കുത്തികീറുന്ന പ്രവൃത്തി ഉദാഹരണമായി എടുത്തു നോക്കൂ. അത് ഒരു വൈദ്യൻ ചെയ്യുകയാണെങ്കിൽ നല്ല കർമ്മമെന്നും ഒരു കൊലപാതകീ ചെയ്യുകയാണെങ്കിൽ ദുഷ്ടകർമ്മമെന്നും പറയും. വൈദ്യൻ ജീവൻ രക്ഷിക്കാനായും കൊലപാതകീ ജീവൻ എടുക്കാനായും ഒരേകർമ്മത്തെ ആശ്രയിക്കുന്നു. അഥവാ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചാലും വൈദ്യന്‍റെ കർമ്മം സത്കർമ്മം തന്നെയാണ്. എന്തുകൊണ്ടെന്നാൽ വധിക്കുവാൻ ഉദ്ധേശം വെച്ചിട്ടല്ല വൈദ്യൻ ആ കർമ്മം ചെയ്തത്. എന്നാൽ മറുവശത്ത് കുത്തേറ്റ വ്യക്തി രക്ഷപ്പെട്ടാലും കൊലപാതകി ചെയ്തത് ഹിംസ തന്നെയാണ്.
ചെയ്യുന്ന കർമ്മങ്ങൾ നിഴലുപോലെ ആത്മാവിനെ പിൻതുടരുന്നു. അതൊരു കർമ്മ ഫലമായോ സംസ്കാരമായോ ചുമക്കേണ്ടി വരരുത്. കർമ്മത്തിന്‍റെ രഹസ്യം മനസ്സിലായവർ തന്നിൽ നിന്നും മോശകർമ്മങ്ങൾ ഉണ്ടാകാതിരിക്കുവാൻ സദാ ജാഗരൂകരായിരിക്കും.
കർമ്മവും കർമ്മഫലവും
ന്യൂട്ടന്‍റെ മൂന്നാം ചലനനിയമത്തിൽ ഓരോ ക്രിയകൾക്കും ഉണ്ടാവുന്ന തതുല്യമായ പ്രതിക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് കോസ് ഏന്‍റ് ഇഫക്റ്റ് സിദ്ധാന്തത്തിലും പറയുന്നു. എന്നാൽ ഇതെല്ലാം ഭൌതീക ലോകത്തിലെ ചലനങ്ങളെ ക്കുറിച്ചു മാത്രമെ വിശദീകരിക്കുന്നുള്ളൂ. മനുഷ്യന്‍റെ ബോധ തലത്തിൽ നടക്കുന്ന ചലനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് മനസ്സിലാക്കുന്നവർക്കു മാത്രമെ കർമ്മവും കർമ്മ ഫലവും എന്താണെന്ന ബോധ്യമാകൂ. ചുരുക്കി പറയുകയാണെങ്കിൽ വിശ്വത്തിൽ നന്മയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ചിന്തകളും വാക്കുകളും കർമ്മങ്ങളും സത്കർമ്മശ്രേണിയിലും ദുഃഖവും അശാന്തിയും പരത്തുന്നവ ദുഷ്കർമ്മ ശ്രേണിയിലും പെടുന്നു. സത്കർമ്മങ്ങളുടെ ആധാരം ആത്മീയ ഗുണങ്ങളും ദുഷകർമ്മങ്ങളുടെ ആധാരം അവഗുണങ്ങളുമാണ്.
ഞാൻ ചെയ്യാത്ത ഒരു കർമ്മത്തിന്‍റെയും ഫലം ഞാൻ അനുഭവിക്കേണ്ടാതായിട്ടില്ല. അതുപോലെ ഞാൻ ചെയ്തൊരു കർമ്മത്തിന്‍റെ ഫലം അനുഭവിക്കാതെ രക്ഷപ്പെടുവാനും ആകില്ല. ചിലപ്പോൾ അതിന് ജന്മങ്ങൾ പിന്നിടേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കുന്ന ഒരാൾക്ക് ആകസ്മികമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്യാനാകും. അവർ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിയായി ആരുടെ നേർക്കും വിർൽ ചൂണ്ടില്ല. നമ്മൾ ചിന്തിക്കുന്ന നീതിയും വിധിയുമെല്ലാം കാല്പനികമാണ്. എന്നാൽ പ്രപഞ്ചം വിധിക്കുന്ന വിധിയും അതിന്‍റെ ആധാരമായിരിക്കുന്ന നീതിയും അനശ്വരമായ കർമ്മനിയമം മനസ്സിലാക്കിയവർക്കുമാത്രമെ തിരിച്ചറിയുവാൻ കഴിയൂ. ഭൂതകാലത്തിൽ ഞാൻ ചെയ്ത കർമ്മങ്ങൾക്ക് വർത്തമാന സമയത്തിൽ അനുഭവിക്കേണ്ടി വരുന്നതു പോലെ ഇപ്പോഴത്തെ എന്‍റെ കർമ്മങ്ങൾ എന്‍റെ ഭാവിയെ സ്വാധീനിക്കും. അതെന്‍റെ വിധിയായി പരിണമിക്കും.
കർമ്മം നല്ലതാക്കാനുള്ള വിധി
ചിന്തയെന്ന അച്ചിൽ വാർക്കുന്ന രൂപങ്ങളാണ് കർമ്മങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിന്തയെന്ന വിത്തിൽ നിന്നും മുളക്കുന്ന വൃക്ഷമാണ് കർമ്മം. കർമ്മത്തെ നല്ലതാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അല്പം കൂടെ എളുതായ കാര്യമാണ് ചിന്തകളെ ശുദ്ധീകരിക്കുക എന്നത്. ഗുണമേൻമയുള്ള ചിന്തകളുടെ ഉടമസ്തനുമാത്രമെ നല്ല കർമ്മങ്ങൾ ചെയ്യുവാൻ കഴിയൂ. ചിന്തകളിൽ ശ്രദ്ധ വെക്കുന്നവനെ യോഗീ എന്നു വിളിക്കുന്നു. ഒരു രാജയോഗി ഒരു ദിവസം എനിക്കെന്തു നേട്ടമുണ്ടായി എന്നതിൽ ഉപരി ഒരു ദിവസത്തിൽ എത്ര സത്കർമ്മങ്ങൾ ( ചിന്തകൾ) സൃഷ്ടിച്ചു എന്നതിലായിരിക്കും ശ്രദ്ധ കൊടുക്കുക.
ഇന്നുവരെ ചെയ്ത കർമ്മങ്ങളെക്കുറിച്ച് ചിന്തിച്ചു വ്യസിനിക്കാതെ ഇനി ചെയ്യാനുള്ളതിനെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരാകാതെ ഇപ്പോൾ ഞാനെന്തു ചെയ്യണം. എന്നതിൽ ഉറച്ചു നിൽക്കുന്നവർ തന്നെയാണ് രാജയോഗീ.